കീഴാറ്റൂര്‍: അലൈന്‍‌മെന്റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സംഘം

Wednesday 25 July 2018 3:07 pm IST
നൂറ് മീറ്ററിന് താഴെ വീതിയുള്ള കീഴാറ്റൂര്‍ വയലിനെ മുറിച്ച്‌ ദേശീയ പാത കൊണ്ടു പോകുന്നത് കര്‍ഷകരേയും പരിസ്ഥിതിയേയും ബാധിക്കും.

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തില്‍ അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘം. കൃഷി സംരക്ഷിക്കണമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്. വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും വെട്ടിമുറിക്കാതെ പാത ഒരു വശത്തേക്കു മാത്രമാക്കി രൂപരേഖയുണ്ടാക്കണമെന്നാണു പ്രധാന നിര്‍ദേശം. 

വയലിന് നടുവിലെ തോട് എങ്ങനെയും സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ഉറപ്പിച്ച്‌ മാത്രമേ പദ്ധതി നടപ്പാക്കാവൂ. നൂറ് മീറ്ററിന് താഴെ വീതിയുള്ള കീഴാറ്റൂര്‍ വയലിനെ മുറിച്ച്‌ ദേശീയ പാത കൊണ്ടു പോകുന്നത് കര്‍ഷകരേയും പരിസ്ഥിതിയേയും ബാധിക്കും. അതിനാല്‍ തണ്ണീര്‍ തടവും കൃഷിയിടവും സംരക്ഷിച്ചുള്ള സാധ്യതകള്‍ വിലയിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് വേണം പുതിയ അലൈന്‍‌മെന്റ് തയ്യാറാക്കാന്‍. മറ്റു സാധ്യതകള്‍ ഒന്നുമില്ലെങ്കില്‍ മാത്രമേ നിലവിലെ അലൈന്‍‌മെന്റുമായി മുന്നോട്ടുപോകാവു എന്നും കേന്ദ്രം റിപ്പോര്‍ട്ടില്‍ പറയുന്നു. അലൈന്‍മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശം സന്ദര്‍ശിച്ച അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വയല്‍ക്കിളികള്‍ നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം കീഴാറ്റൂരില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചത്. 

വനം, പരിസ്ഥിതി മന്ത്രാലയം ബംഗളൂരു ഓഫീസിലെ റിസേര്‍ച്ച്‌ ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ദേശീയ പാതാ അതോറിറ്റി ഡയരക്ടര്‍ നിര്‍മ്മല്‍ സാദ്, മലിനീകരണ ബോര്‍ഡ് കോഴിക്കോട് മേഖലാ മേധാവി എം. എസ്. ഷീബ എന്നിവരും സംഘത്തിലുണ്ടായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.