വൈദേഹി സഭാഗൃഹം കുമ്മനം രാജശേഖരന്‍ നാടിന് സമര്‍പ്പിച്ചു

Wednesday 25 July 2018 4:48 pm IST
സേവന സന്നദ്ധതയുള്ള നിസ്വാര്‍ത്ഥ മനസ്സിനുടമകളായിരിക്കുന്നവര്‍ക്ക് മാത്രമേ സമൂഹത്തെ സേവിക്കാനാവുകയുള്ളു. സ്വാര്‍ത്ഥതയാണ് ഇന്ന് സമൂഹത്തെ നയിക്കുന്നത്. ഇന്ന് തിരക്കുകളുടെയും ടെന്‍ഷന്റെയും ലോകത്താണ് മനുഷ്യന്‍ ജീവിക്കുന്നത്.

കണ്ണൂര്‍: ചാലാട് മൂകാംബികാ ബാലികാ സദനത്തില്‍ നിര്‍മ്മിച്ച വൈദേഹി സഭാഗൃഹം മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ നാടിന് സമര്‍പ്പിച്ചു. സമൂഹത്തെ രക്ഷിക്കാന്‍ സമൂഹത്തെ സ്‌നേഹിക്കുന്ന വിശാല മനസ്സ് കൂടി വേണമെന്ന് സഭാഗൃഹം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

സേവന സന്നദ്ധതയുള്ള നിസ്വാര്‍ത്ഥ മനസ്സിനുടമകളായിരിക്കുന്നവര്‍ക്ക് മാത്രമേ സമൂഹത്തെ സേവിക്കാനാവുകയുള്ളു. സ്വാര്‍ത്ഥതയാണ് ഇന്ന് സമൂഹത്തെ നയിക്കുന്നത്. ഇന്ന് തിരക്കുകളുടെയും ടെന്‍ഷന്റെയും ലോകത്താണ് മനുഷ്യന്‍ ജീവിക്കുന്നത്. മറ്റുള്ളവരുടെ വിഷമങ്ങള്‍ കാണാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ഞാന്‍ എന്റെ കുടുംബം എന്ന ചിന്തയോടൊപ്പം ദൈവത്തിന്റെ മുന്നില്‍ പോലും എന്നെ രക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയാണ് സമൂഹത്തെ നയിക്കുന്നത്. കൂടെയുള്ള സ്വന്തം സഹോദരന്‍മാരെ കാണാന്‍ സാധിക്കാത്തവര്‍ക്ക് ഈശ്വരനെയും കാണാന്‍ സാധിക്കില്ലെന്നും കുമ്മനം പറഞ്ഞു.

സമൂഹ സേവനത്തിന് കേവലം സര്‍ക്കാര്‍ പദ്ധതികള്‍ മാത്രം പോര. മറിച്ച് ഉയര്‍ന്ന സാമൂഹ്യ അവബോധമാണ് നമുക്ക് വേണ്ടത്. സേവന പ്രവര്‍ത്തനത്തിലൂടെയുള്ള സാമൂഹ്യ പരിവര്‍ത്തനത്തില്‍ കൂടി മാത്രമേ നമുക്ക് നവേത്ഥാനം സാധ്യമാവുകയുള്ളു. കാലഘട്ടം മാറുന്നതിനനുസരിച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങളും മാറിവരും. ഇതിനനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകളും മാറിവരണം.

മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കാണുന്നവര്‍ക്ക് മാത്രമേ സമൂഹത്തെ സേവിക്കാന്‍ സാധിക്കുകയുള്ളു. സാമൂഹ്യ നീതിയെന്നത് കേവലം കടലാസില്‍ കിടക്കുന്നതിന് പുറമേ നമ്മുടെ അനുഭവ തലത്തില്‍ കൂടി എത്തണം. നാം ചെയ്യുന്നതെല്ലാം സമൂഹത്തിന് വേണ്ടിയാണെന്ന് ചിന്തിക്കണമെങ്കില്‍ മനസ്സ് വിശാലമാകണം. അത്തരം ജീവിത രീതികളിലേക്ക് സമൂഹത്തെ കൊണ്ടു വരുവാന്‍ നമുക്ക് സാധിക്കണം. സേവനം എന്നത് ഈശ്വരീയമായ കാര്യമാണണെന്നും അത്തരം കാര്യമാണ് സര്‍വ്വമംഗള ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.