കേരളത്തിലേത് വികല വികസനം: കുമ്മനം രാജശേഖരന്‍

Wednesday 25 July 2018 5:27 pm IST

 

കണ്ണൂര്‍: വികലമായ വികസന കാഴ്ചപ്പാടുകളാണ് കേരളത്തെ വെള്ളപ്പൊക്കത്തിന്റെയും വരള്‍ച്ചയുടെയും നാടാക്കി മാറ്റിയതെന്ന് മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സേവാഭാരതി നടപ്പാക്കുന്ന സ്വച്ഛ് കണ്ണൂര്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവും സന്നദ്ധസേനാ രൂപികരണവും ചേമ്പര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം മഴപെയ്താല്‍ വെള്ളപ്പൊക്കവും മഴ പെയ്തില്ലെങ്കില്‍ വരള്‍ച്ചയുമെന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. 1999 ലെ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ക്ക് പോലും കീവഹാനി സംഭവിച്ചില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. മഴ ശക്തമായതോടെ തന്റെ വീടും വെള്ളത്തിലായെന്നും കുമ്മനം പറഞ്ഞു. 

വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ച് പോയിരിക്കുന്നു. അഞ്ചര ലക്ഷം ഹെക്റ്റര്‍ നെല്‍വയലുള്ള കേരളത്തില്‍ ഇന്ന് കേവലം രണ്ട് ലക്ഷം ഹെക്റ്റര്‍ നെല്‍വയല്‍ മാത്രമേ നിലവിലുള്ളു. ജലസംഭരണികളായ നെല്‍വയല്‍ നഷ്ടപ്പെട്ടതാണ് ജലവിതാനം താഴാന്‍ കാരണം. പുഴകളിലെ മണല്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ലഭ്യമാകുന്ന ജലവും മലിനമാണ്. ഭൂമിക്കടിയിലേക്ക് ജലം താഴ്ന്നാല്‍ മാത്രമേ ജലവിതാനം ഉയരുകയുള്ളു. എന്നാല്‍ ഭൂമിയില്‍ മുവുവന്‍ പ്ലാസ്റ്റിക്കായതിനാല്‍ സ്വാഭാവികമായ ജലസംരക്ഷണം നടക്കുന്നില്ല. ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. നമുക്കാര്‍ക്കും തടയാന്‍ സാധിക്കാത്ത വിധത്തിലാണ് പ്രകൃതി ദുരന്തമുണ്ടാകുന്നത്. 

 പ്ലാസ്റ്റിക്കിന്റെ ദുരന്തത്തെക്കുറിച്ച് നമുക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇന്ന് എല്ലാ മേഖലയിലും പ്ലാസ്റ്റിക് വര്‍ദ്ധിച്ച തോതില്‍ ഉപയോഗിക്കുകയാണ്. കനം കുറഞ്ഞ മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്കുകള്‍ ഗുരുതരമാണ് പരിസ്തിതി പ്രശ്‌നങ്ങളുണ്ടാക്കും. ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഇതിനെതിരായ മനോഭാവം വളര്‍ന്ന് വരികയാണ് വേണ്ടത്. നമ്മുടെ ഭൂമിയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പുതിയ ജനകീയയജ്ഞം വേണമെന്നും മഹത്തായ ഈ കര്‍മ്മമാണ് സേവാഭാരതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള കര്‍മ്മപരിപാടികള്‍ നാള്‍ക്കുനാള്‍ ശക്തമായി മുന്നോട്ട് വരികയാണ്. സമൂഹം എന്താണോ ആവശ്യപ്പെടുന്നത് അതിന് നാം ശക്തരാണെന്നാണ് സേവാഭാരതിയുടെ മുന്നേറ്റം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സേവാഭാരതി നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ സംരംഭമായ വൈഭവശ്രീ പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം അംബേദ്കര്‍ കോളനിയില്‍ ആരംഭിക്കുന്ന തയ്യല്‍ യൂനിറ്റിന്റെ ഉദ്ഘാടനവം കുമ്മനം നിര്‍വ്വഹിച്ചു. എസ്ബിഐ റീജിയണല്‍ മാനേജര്‍ ആര്‍.വി.സുരേഷ് സന്നദ്ധസേന യൂനിഫോം വിതരണം ചെയ്തു. 

സേവാഭാരതി ജില്ലാ രക്ഷാധികാരി ഡോ.വി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.പി.രാജീവന്‍ പ്രോജക്റ്റ് അവതരിപ്പിച്ചു. എഡിഎം കെ.വി.മുഹമ്മദ് യൂസഫ് വിശിഷ്ടാതിഥിയായി. വി.പി.മുരളീധരന്‍ സ്വാഗതവും കെ.എം.മഹേഷ് നന്ദിയും പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.