കണ്ണൂരിനെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സേവാഭാരതി സ്വച്ഛ് കണ്ണൂര്‍

Wednesday 25 July 2018 5:28 pm IST

 

കണ്ണൂര്‍: പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗത്തില്‍ നിന്ന് കണ്ണൂരിനെ രക്ഷിക്കാന്‍ സേവാഭാരതി കണ്ണൂരിന്റെ നേതൃത്വത്തില്‍ 'സ്വച്ഛ് കണ്ണൂര്‍' പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവും സന്നദ്ധസേന രൂപീകരണവും കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്നു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ഭാവത്തില്‍ നിന്ന് മാത്രമേ പ്രകൃതി സംരക്ഷണത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ശ്രേഷ്ഠ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളു. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുകയെന്ന ശൈലിയിലേക്ക് ലോകം മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രകൃതിയെ പരിപോഷിപ്പിച്ച് ഈ പൈതൃക സംസ്‌കാരത്തെ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഭൂമിക്ക് ശാപമായിട്ടുള്ള മാലിന്യം എന്ന ഭീകരതയെ ചെറിക്കാന്‍ ബൃഹദ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് സേവാ ഭാരതി ലക്ഷ്യമിടുന്നത്. 

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് മണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കുക, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കുക, സമ്പൂര്‍ണ്ണമായി പ്ലാസ്റ്റിക് വിരുദ്ധ സംസ്‌കാരം ജീവിതവ്രതമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍. 

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സപ്തംബര്‍ 1 മുതല്‍ ഒക്‌ടോബര്‍ 1 വരെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ പ്രാരംഭ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 ഡിവിഷനുകളില്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സമിതികളിലെ സന്നദ്ധസേവകര്‍ക്ക് പരിശീലന ശില്‍പശാല നടത്തും. തുടര്‍ന്ന് ഒക്‌ടോബര്‍ 2 മുതല്‍ 10 ഡിവിഷനുകളിലെ എഴുനൂറോളം വരുന്ന വീടുകളില്‍ സമ്പര്‍ക്കവും ബോധവല്‍ക്കരണവും നടത്തും. മൂന്നാം ഘട്ടത്തില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് സംഭരിച്ച് പ്ലാസ്റ്റിക് റീ സൈക്ലിംഗ് യുണിറ്റ് സ്ഥാപിച്ച് അതുവഴി പുന:ചംക്രമണം നടത്തും.

ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍, വ്യാപാരി സമൂഹം, പൊതു ജനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തുക. 

ചേമ്പര്‍ ഹളില്‍ നടന്ന പരിപാടി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ രക്ഷാധികാരി ഡോ.വി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.പി.രാജീവന്‍ പ്രോജക്റ്റ് അവതരിപ്പിച്ചു. എഡിഎം കെ.വി.മുഹമ്മദ് യൂസഫ് വിശിഷ്ടാതിഥിയായി. വി.പി.മുരളീധരന്‍ സ്വാഗതവും കെ.എം.മഹേഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.