ഭീമനെന്തിന് ഭീമ ഹര്‍ജി? ഒപ്പിടാന്‍ ആരും ക്ഷണിച്ചില്ല: ജോയ് മാത്യു

Thursday 26 July 2018 2:30 am IST

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണമറിയിച്ച് ജോയ് മാത്യു. ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയോ? എന്ന തലക്കെട്ടോടു കൂടിയാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.

അവാര്‍ഡ് ചടങ്ങ് എന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഭാഗമാകേണ്ട ഒരാളല്ല മോഹന്‍ലാല്‍. മോഹന്‍ലാല്‍ വന്നാല്‍ നാലാള്‍ കൂടുകയും അങ്ങനെ നഷ്ടത്തിലോടുന്ന നമ്മുടെ സര്‍ക്കാര്‍ വണ്ടിക്ക് അത് അല്‍പ്പം ഇന്ധനമാകും എന്നേ ശുദ്ധഹൃദയനായ മന്ത്രി ബാലന്‍ ഉദ്ദേശിച്ചു കാണൂവെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ അതിഥിയായി വരരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. അത് നൂറുപേര്‍ ഒപ്പിട്ട ഭീമഹര്‍ജിയുടെ പേരിലല്ല. അവാര്‍ഡ് ചടങ്ങ് എന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഭാഗമാകേണ്ട ഒരാളല്ല മോഹന്‍ലാല്‍ എന്ന അഭിനേതാവ്. അനാവശ്യമായ സര്‍ക്കാര്‍ ധൂര്‍ത്തിനു അവര്‍ എതിരാണ്. ലളിതമായ ഒരു ചടങ്ങ്. ഒരു ചാവ് അടിയന്തരമൊക്കെപ്പോലെ സിനിമാ അവാര്‍ഡ് നടത്തിയാല്‍പ്പോരേ എന്നായിരിക്കാം ഭീമഹര്‍ജിക്കാര്‍ ഉദ്ദേശിച്ചത്. അത് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ, ഭീമഹര്‍ജിയില്‍ ഒപ്പിടാന്‍ എന്നെ ആരും ക്ഷണിച്ചില്ല. ഇപ്പോള്‍ കേള്‍ക്കുന്നു ഒപ്പ് വെച്ചു എന്ന് പറയുന്ന പ്രകാശ് രാജ് അങ്ങിനെയൊരു കാര്യം അറിഞ്ഞിട്ടേയില്ലത്രെ. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തവരുടെ സംഘത്തില്‍ ഞാന്‍ പെടില്ല എന്നതായിരിക്കാം ചിലപ്പോള്‍ എന്നെ ഭീമഹര്‍ജിയില്‍ ഒപ്പിടാന്‍ വിളിക്കാതിരുന്നതിന്റെ ഗുട്ടന്‍സ്. 

ഇനി അവാര്‍ഡിന്റെ പിന്നാപുറങ്ങളിലേക്ക് വന്നു നോക്കാം. ആരാണ് അവാര്‍ഡ് നല്‍കുന്നത്? അതാത് കാലത്തെ ഗവര്‍മെന്റ്. അപ്പോള്‍ അവാര്‍ഡ് കമ്മിറ്റിയില്‍ ആരൊക്കെയാണ് ഉണ്ടാവുക? സ്വാഭാവികമായും ഭരിക്കുന്ന ഗവണ്‍മെന്റിന് ഓശാന പാടുന്നവര്‍. അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു. ഇഷ്ടമില്ലാത്തവരെ, അതിലെ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാത്തവരെ, മുന്‍ അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിട്ടും തങ്ങള്‍ക്ക് അവാര്‍ഡ് തരാതിരുന്നവരെ ഇവരോടോക്കെയുള്ള പ്രതികാരം തീര്‍ക്കുവാനുള്ള ഒരവസരം കൂടിയായിട്ടാണ് അവാര്‍ഡ് കമ്മിറ്റികള്‍ ഉണ്ടാവുന്നത്. ഇപ്പോള്‍ മനസ്സിലായല്ലോ അവാര്‍ഡ് കമ്മിറ്റികള്‍ ഉണ്ടാവുന്നതിന്റെയും അവര്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മത്തിന്റെയും പൊരുളെന്നും ജോയി മാത്യു തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.