ആരെയും പ്രധാനമന്ത്രിയാക്കാം; ബിജെപിയെ തോല്‍പ്പിച്ചാല്‍ മതി; കോണ്‍ഗ്രസ് കീഴടങ്ങി

Thursday 26 July 2018 2:34 am IST

ന്യൂദല്‍ഹി: പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കോണ്‍ഗ്രസ് ഒടുവില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കീഴടങ്ങുന്നു.  സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആരെ വേണമെങ്കിലും പ്രധാനമന്ത്രിയാക്കാം,  ബിജെപിയെ ഒന്നു തോല്‍പ്പിച്ചാല്‍ മതിയെന്നാണ് പുതിയ നിലപാട്.

രാഹുലിനെ ഉയര്‍ത്തിക്കാട്ടിയാല്‍ ഒരു പ്രയോജനവും ഇല്ലെന്നും മായാവതിയും മമതയും അടക്കമുള്ളവര്‍ സഖ്യത്തില്‍ വരില്ലെന്നും അവരെല്ലാം പ്രധാനമന്ത്രി പദം മോഹിച്ച് നടക്കുന്നവരാണെന്നും വ്യക്തമായതോടെയാണ് കോണ്‍ഗ്രസിന്റെ കീഴടങ്ങല്‍.

കോണ്‍ഗ്രസ് സഖ്യങ്ങള്‍ രൂപീകരിച്ച്  തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മറുവശത്ത് മമതയും മായാവതിയും ചന്ദ്രശേഖര്‍ റാവുവും മറ്റും മറ്റൊരു സഖ്യം തട്ടിക്കൂട്ടാനുള്ള ഒരുക്കത്തിലാണ്. ഇത് വിനയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മനസിലായി. അടുത്ത തെരഞ്ഞെടുപ്പില്‍  ഒറ്റയ്ക്ക് 150 സീറ്റു വരെ ലഭിക്കുമെന്നു പറഞ്ഞവരാണ് രായ്ക്കു രാമാനം തലകുനിച്ച് ആരെയും പ്രധാനമന്ത്രിയാക്കാമെന്ന് സമ്മതിക്കുന്നത്.

കോണ്‍ഗ്രസിതര പാര്‍ട്ടി നേതാവിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നാണ് ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ പുറത്താക്കുകയാണ് ഒരൊറ്റ ലക്ഷ്യം. അവര്‍ പറയുന്നു. സഖ്യമുണ്ടാക്കാന്‍ എന്തു വിട്ടുവീഴ്ചക്കും സന്നദ്ധമാണെന്നാണ് നേതാക്കള്‍ പറയുന്നത്. പക്ഷെ വിട്ടുവീഴ്ചയല്ല ഗതികേടാണ് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷരും പറയുന്നു. പ്രതിപക്ഷത്തെ പ്രധാനമ്രന്തി സ്ഥാനാര്‍ഥിയാരെന്നതല്ല ബിജെപിയെ അധികാരത്തില്‍ നിന്നിറക്കുകയാണ് ലക്ഷ്യമെന്നാണ് പ്രഖ്യാപനം. രാഹുലിനെ ഉയര്‍ത്തിക്കാട്ടിയാലും മറ്റു നേതാക്കള്‍ ഇത് അംഗീകരിക്കില്ലെന്ന തിരിച്ചറിവും ഇതിലുണ്ട്.

രാഹുലിനെ ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തക സമതി കഴിഞ്ഞ് മൂന്നു ദിവസം പിന്നിടും മുന്‍പാണ് പാര്‍ട്ടിയുടെ കീഴടങ്ങല്‍.  പക്ഷെ  ഒരുപാട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിമാരുണ്ട് എന്നതാണ് പ്രശ്‌നം. മമതാ ബാനര്‍ജി,  മായാവതി, മുലായം സിങ്ങ് യാദവ്, ചന്ദ്രശേഖര്‍ റാവു, ശരദ് പവാര്‍, ചന്ദ്രബാബു നായഡു  തുടങ്ങിയവരെല്ലാം  പ്രധാനമന്ത്രിക്കുപ്പായം തുന്നിയിരിക്കുന്നവരാണ്.

രാഹുല്‍ മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ആര്‍ജെഡി നേതാവ് തേജസ്വിയും കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു. ഇതിനെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും എതിര്‍ത്തില്ലെന്നത് രാഹുലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പോരുണ്ടെന്ന സൂചനയും നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.