അക്രമം, കലാപം: ഹാര്‍ദ്ദിക് പട്ടേലിന് രണ്ടു വര്‍ഷം തടവ്

Thursday 26 July 2018 2:35 am IST

ഗാന്ധിനഗര്‍; പട്ടീദാര്‍മാര്‍ക്ക് സംവരണം വേണമെന്നു പറഞ്ഞ് സമരം നടത്തുകയും ഗുജറാത്തില്‍ വന്‍തോതില്‍ അക്രമം അഴിച്ചുവിടുകയും ചെയ്തതിന് ഹാര്‍ദ്ദിക് പട്ടേലിനും രണ്ടു കൂട്ടാളികള്‍ക്കും രണ്ടു വര്‍ഷം തടവും അരലക്ഷം രൂപ വീതം പിഴയും.ലാല്‍ജി പട്ടേല്‍, എകെ പട്ടേല്‍ എന്നിവരാണ് തടവ് ലഭിച്ച മറ്റുള്ളവര്‍.14 പേരെ വിട്ടയച്ചു.  മൂവരും ബിജെപി എംഎല്‍എക്ക് 40,000 രൂപയും സംഘര്‍ഷത്തില്‍ കാറിന് തകരാര്‍ സംഭവിച്ചയാള്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരവും നല്‍കണം.

2015ല്‍ സംവരണ സമരത്തിന്റെ മറവില്‍ അക്രമം നടത്തുകയും ബിജെപി എംഎല്‍എ ഋഷികേശ് പട്ടേലിന്റെ   വിശനഗറിലെ ഓഫീസ് തകര്‍ക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. ഹാര്‍ദ്ദിക്കിന്റെ ആഹ്വാനം അനുസരിച്ച് അയ്യായിരത്തോളം പേര്‍ ചേര്‍ന്നാണ്  ഋഷികേശിന്റെ ഓഫീസ് തകര്‍ത്തെറിഞ്ഞത്. തുടര്‍ന്ന് ഹാര്‍ദ്ദിക് , ലാല്‍ജി പട്ടേല്‍, എകെ പട്ടേല്‍ എന്നിവരടക്കം 17 പേര്‍ക്കെതിരെ  കൊള്ളിവയ്പ്പിനും കലാപത്തിനും കുറ്റകരമായ ഗൂഡാലോചനക്കും കേസ് എടുത്ത് അറസ്റ്റ് ചെയ്തിരുന്നു.  കോടതിജാമ്യം നല്‍കിയെങ്കിലും ഹാര്‍ദ്ദിക് മെഹ്‌സാന ജില്ലയില്‍ കടക്കുന്നതു പോലും വിലക്കി. പട്ടീദാര്‍മാര്‍ക്ക് ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയവ വേണമെന്നു പറഞ്ഞ് പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമതിയുടെ നേതൃത്വത്തില്‍ നടത്തിയ കലാപം അക്രമാസക്തമാകുകയും പോലീസ് വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.  

അപ്പീല്‍ നല്‍കാന്‍ മൂന്നു പേര്‍ക്കും കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി   അപ്പീല്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയില്‍ വന്ന് കീ്‌ഴടങ്ങി ജയിലില്‍ പോകാന്‍ മൂവര്‍ക്കും  നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെയുള്ള കോണ്‍ഗ്രസ് നീക്കങ്ങളുടെ ഭാഗമായിരുന്നു പട്ടീദാര്‍ സംവരണ പ്രക്ഷോഭം. ദിവസങ്ങള്‍ നീണ്ട  സമരം വലിയ തോതിലുള്ള അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും തലവേദന സൃഷ്ടിച്ച സമരം പക്ഷെ വലിയ പരാജയമായി. സമരത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നു വന്നതോടെ സമരക്കാരില്‍ വലിയൊരു വിഭാഗം പിന്മാറുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.