നീതികാത്ത് സമ്പത്തിന്റെ കുടുംബവും

Thursday 26 July 2018 2:41 am IST

പാലക്കാട് : ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ 13 വര്‍ഷങ്ങള്‍ക്കുശേഷം നിര്‍ണായക വിധി വന്നപ്പോള്‍ നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ച് മറ്റൊരു കുടുംബം പാലക്കാടുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെ കുടുംബം. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിപ്പോള്‍ കൊച്ചി സിബിഐ കോടതിയില്‍ വിചാരണയിലാണ്.

പന്ത്രണ്ട് പോലീസുകാര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്ന് മുതല്‍ 12 വരെ പ്രതികളായ എസ്‌ഐ പി.വി.രമേഷ്, എസ്‌ഐ ടി.എന്‍. ഉണ്ണികൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ എ.പി. ശ്യാമപ്രസാദ്, ഡിവൈഎസ്പി സി.കെ. രാമചന്ദ്രന്‍, ബിനു ഇട്ടൂപ്പ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോണ്‍സണ്‍ ലോബോ, ടി.ജെ. ബ്രിജിത്ത്, അബ്ദുല്‍ റഷീദ്, ഗ്രേഡ് എഎസ്‌ഐ കെ. രാമചന്ദ്രന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ കെ. മാധവന്‍, സിവില്‍ പോലീസ് ഓഫീസര്‍ എസ്. ഷിലന്‍, സി.ഐ വിപിന്‍ദാസ് എന്നിവരാണ് സമ്പത്ത് കേസില്‍ വിചാരണ നേരിടുക. 

സിബിഐ ആദ്യം 14 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ നല്‍കിയത്. പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥരായ അന്ന് റേഞ്ച് ഐജിയായിരുന്ന മുഹമ്മദ് യാസിന്‍, പാലക്കാട് എസ്പിയായിരുന്ന വിജയ് സാഖറെ ഉള്‍പ്പെടെ 18 പേരുടെ പട്ടിക വീണ്ടും തയാറാക്കി. ഇതില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍നിന്ന് വാറന്റ് വാങ്ങിയെങ്കിലും മടക്കി. പുനരന്വേഷണത്തില്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ടുപേരെയും ഒഴിവാക്കി. 

ഇതിനിടെ അന്വേഷണച്ചുമതലയുണ്ടായിരുന്ന സിബിഐ എഎസ്പി പി.ജി. ഹരിദത്ത് ആത്മഹത്യ ചെയ്തത് ഏറെ ദുരൂഹതയ്ക്കിടയാക്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രണ്ടുഘട്ടമായി നല്‍കിയ കുറ്റപത്രത്തിലാണ് നിലവിലെ 12 പ്രതികളെ ഉള്‍പ്പെടുത്തിയത്.  മുഹമ്മദ് യാസിന്‍,  സാഖറെ എന്നിവരെ ഒഴിവാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രമാണ് എറണാകുളം കോടതി അംഗീകരിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സിബിഐ നടപടിക്കെതിരെ സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. കൊച്ചി സിബിഐ കോടതിയിലുള്ള കേസിന്റെ വിചാരണ എന്നാരംഭിക്കുമെന്ന് കാത്തിരിക്കുകയാണ് കൊല്ലപ്പെട്ട സമ്പത്തിന്റെ കുടുംബം. 

ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി നല്‍കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഇതുവരെ മറ്റു പുരോഗതികളൊന്നും ഉണ്ടായില്ലെന്ന് സഹോദരന്‍ മുരുകേശന്‍ ജന്മഭൂമിയോട് പറഞ്ഞു. കേസ് നീണ്ടുപോകുന്നതില്‍ ആശങ്കയുണ്ട്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും പ്രതികള്‍ക്ക് വധശിക്ഷതന്നെ ലഭിക്കണമെന്നാണ് പ്രാര്‍ത്ഥനയെന്നും സമ്പത്തിന്റെ കുടുംബം പറഞ്ഞു.

2010 മാര്‍ച്ച് മുപ്പതിനാണ് പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി കരിങ്കരപുള്ളി കാടാങ്കോട് സമ്പത്ത് (27)പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 

2010 മാര്‍ച്ച് 23നാണ് പാലക്കാട് പുത്തൂര്‍ സായൂജ്യത്തില്‍ വി.ജയകൃഷ്ണന്റെ ഭാര്യ ഷീല(47)യെ കഴുത്തറുത്ത് കൊന്നത്. വീട്ടില്‍ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം അമ്മ കാര്‍ത്ത്യായനിയെ തലക്കടിച്ച് വീഴ്ത്തി ഷീലയെ കൊലപ്പെടുത്തിയ ശേഷം ആഭരണം കവര്‍ന്നുവെന്നാണ് കേസ്. ദിവസങ്ങള്‍ക്കകം തന്നെ പ്രതികളായ സമ്പത്ത്, കനകരാജ്, മണികണ്ഠന്‍ എന്നിവരെ പോലീസ് പിടികൂടി. ഒന്നാംപ്രതിയായ സമ്പത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമായ മര്‍ദനമേറ്റ് മലമ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ കൊല്ലപ്പെടുകയായിരുന്നു.

സ്വന്തം ലേഖിക

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.