അഭിമന്യുവിനെ കൊന്നപ്പോള്‍ നൊന്തില്ല; യച്ചൂരിക്ക് നോവൽ പ്രതിഷേധം

Wednesday 25 July 2018 7:57 pm IST

ന്യൂദല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ മിണ്ടാതിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മാതൃഭൂമി വാരിക സ്ത്രീ വിരുദ്ധ നോവലായ 'മീശ' പിന്‍വലിച്ചതില്‍ പ്രതിഷേധവുമായി രംഗത്ത്. നോവല്‍ എഴുതിയ ഹരീഷിനൊപ്പമാണ് പാര്‍ട്ടിയെന്ന് യച്ചൂരി ട്വീറ്റ് ചെയ്തു. ഹരീഷിനെ പിന്തുണച്ചുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് യച്ചൂരി പ്രതിഷേധം അറിയിച്ചത്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ കേന്ദ്ര നേതൃത്വം പ്രതികരിക്കാതിരുന്നത് പ്രവര്‍ത്തകര്‍ക്കിടിയില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. കേരളത്തിലെ സിപിഎം നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രതികരണം മയപ്പെടുത്തിയതും വിവാദമായിരുന്നു. 

 ബംഗാളിലും ത്രിപുരയിലും സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിനിരയാകുന്നുവെന്നാരോപിച്ച് ചൊവ്വാഴ്ച ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇടത് പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തിലും അഭിമന്യുവിന്റെ കൊലപാതകം പരാമര്‍ശിക്കപ്പെട്ടില്ല. പരിപാടിയില്‍ പ്രസംഗിച്ച പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭിമന്യുവിനെക്കുറിച്ച് മിണ്ടിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെടുകയാണെന്ന് ആരോപിച്ച യച്ചൂരിയും എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം സൂചിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ആര്‍എസ്എസ് അക്രമം ആരോപിച്ച് നേരത്തെ ദല്‍ഹിയില്‍ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ പരിപാടിയിലും 'കേരളത്തിലെ ആര്‍എസ്എസ് അക്രമം' ഉള്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നുവെങ്കിലും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ സ്വന്തം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ വിഷയം സജീവമായി നിലനില്‍ക്കുന്നതിനാല്‍ ഇത് തിരിച്ചടിയാകുമെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. 

പരിപാടിയിലെ പിണറായിയുടെ പ്രസംഗവും പരിഹാസത്തിനിടയാക്കിയിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും കൊലപാതകങ്ങള്‍ നടക്കുന്നതായും ജനാധിപത്യം തകര്‍ന്നതായും പിണറായി കുറ്റപ്പെടുത്തി. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊളിവാളിയെ അടുത്തിടെ കേരളത്തില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. നിരവധി ആര്‍എസ്എസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായിയുടെ ഭരണത്തില്‍ സിപിഎമ്മുകാരും കൊലപ്പെടുത്തി. സ്വന്തം പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ലാതായ കേരള ഭരണത്തിന് നേതൃത്വം നല്‍കുന്ന പിണറായിയാണ് ത്രിപുരയെയും ബംഗാളിനെയും കുറ്റപ്പെടുത്തുന്നതെന്നാണ് വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.