ശ്രദ്ധ നേടിയത് മോഹന്‍കുമാറും ഡോ. ശ്രീകുമാരിയും

Thursday 26 July 2018 2:58 am IST

തിരുവനന്തപുരം : ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു സാധാരണ മരണമായി എഴുത്തിതള്ളപ്പെടുമായിരുന്ന ഉദയകുമാറിന്റെ കൊലപാതകത്തില്‍ വഴിത്തിരിവായത് രണ്ടുപേരുടെ അതീവജാഗ്രതയും സൂക്ഷ്മതയും. അന്നത്തെ ആര്‍ഡിഒ കെ.വി.മോഹന്‍കുമാറിന്റെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ധ ഡോ. കെ. ശ്രീകുമാരിയുടെ നടപടികളാണ് മരണം കൊലപാതകമാണെന്ന് ഉറപ്പിക്കാന്‍ സഹായകമായത്.  ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് മോഹന്‍കുമാര്‍.  ഡോ. ശ്രീകുമാരി മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും.

  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന ഉദയകുമാര്‍ മരിച്ചതിനെത്തുടര്‍ന്ന് സിഐയുടെ അഭ്യര്‍ഥനപ്രകാരമാണ് ആര്‍ഡിഒ മോഹന്‍കുമാര്‍ സ്ഥലത്തെത്തുന്നത്. മരണ കാരണത്തെക്കുറിച്ച് സംശയം ഉണ്ടായാല്‍ മൃതശരീരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത് ആര്‍ഡിഒയാണ്. നെഞ്ചുവേദന കാരണമാണ് ഉദയകുമാര്‍ മരിച്ചതെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ മോഹന്‍കുമാറിനെ അറിയിച്ചത്. മൃതദേഹം കാണാനായി മോഹന്‍കുമാര്‍ മോര്‍ച്ചറിയിലെത്തിയിലെത്തിയപ്പോള്‍ വരാന്തയിലായിരുന്നു ശരീരം. പുറമേ പരിക്കുകള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ മൃതദേഹത്തിലെ  വസ്ത്രം നീക്കാന്‍ മോഹന്‍കുമാര്‍ ജീവനക്കാരോട് നിര്‍ദേശിച്ചു. ഉദയകുമാറിന്റെ  തുടയിലെ കറുത്ത പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട മോഹന്‍കുമാറിനോട് അത് ത്വക്ക് രോഗത്തിന്റെ പാടുകളാണെന്നായിരുന്നു പോലീസ് പറഞ്ഞത്.

 രണ്ടു തുടയിലും മുകള്‍ഭാഗത്തായിരുന്നു കറുത്തു കരുവാളിച്ച പാടുകള്‍. കറുത്ത ഭാഗത്ത് തൊട്ടപ്പോള്‍ മോഹന്‍കുമാറിന്റെ വിരല്‍ താഴ്ന്നു പോയി. ഇതോടെ പോലീസുകാര്‍ കള്ളം പറയുകയാണെന്ന് മനസ്സിലായി. തുടര്‍ന്ന് ശരീരം വിശദമായി പരിശോധിച്ചപ്പോള്‍ പലയിടത്തും ഉരഞ്ഞ പാടുകളും അടിയുടെ പാടുകളും കണ്ടെത്തി. ഇതോടെ വിദഗ്ധ ഡോക്ടര്‍മാരെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നു റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു.

ആര്‍ഡിഒ റിപ്പോര്‍ട്ട് കേസിന്റെ സ്വഭാവം മാറ്റി. തുടര്‍ന്നാണ് ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശരീരത്തിന്റെ പലഭാഗത്തും രക്തം കട്ട പിടിച്ച് നിറം മാറിയിരുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ടോ കനമുള്ള വസ്തുകൊണ്ടോ  ഉരുട്ടുകയോ മര്‍ദിച്ചതോ ആയ പാടുകളാണെന്ന് പോസ്സ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.  രക്തക്കുഴലുകള്‍ പൊട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി. ഈ റിപ്പോര്‍ട്ടാണ് സിബിഐക്ക് സഹായമായത്.  

കസ്റ്റഡി മരണമുണ്ടായാല്‍ ആര്‍ഡിഒ 90 ദിവസത്തിനകം ദേശീയ മനുഷ്യാവകാശ കമ്മീഷനു റിപ്പോര്‍ട്ട് നല്‍കണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നശേഷം വിശദവിവരങ്ങള്‍  രേഖപ്പെടുത്തി ഉരുട്ടിക്കൊലപാതകമാണെന്ന് മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.