പോലീസുകാര്‍ക്ക് വധശിക്ഷ ഇത് ആദ്യം

Thursday 26 July 2018 3:00 am IST

തിരുവനന്തപുരം: വിവധ കുറ്റകൃത്യങ്ങള്‍ക്ക് പോലീസുകാര്‍ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ടെങ്കും  വധശിക്ഷ ലഭിക്കുന്നത് ഇത് ആദ്യം. രാജന്‍ കൊലക്കേസും. എസ്.ഐ സുഗതന്‍കൊലക്കേസും മൊക്കെ പോലീസുകാരായ  പ്രതികളെ കീഴ്‌ക്കോടതികള്‍ ശിക്ഷിച്ചെങ്കിലും സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തി രക്ഷപ്പെട്ടു. എന്നാല്‍ നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ഐജി ലക്ഷ്മണയ്ക്ക് ശിക്ഷ കിട്ടി. എന്നാല്‍ സമാനതകളില്ലാത്ത കേസായിരുന്നു ഉരുട്ടിക്കൊലക്കേസ്. പോലീസുകാര്‍ പ്രതികളായി,  അവര്‍ തന്നെ കേസ് അന്വേഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. 

2005 സെപ്റ്റംബര്‍ 27 നാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്യുന്നത്. ആക്രിക്കടയിലെ തൊഴിലാളിയായിരുന്നു  ഉദയകുമാര്‍.  ഓണാവധി ആയതിനാല്‍ കടമുടക്കാമായിരുന്നു. അമ്മയ്ക്ക് ഓണപ്പുടവ വാങ്ങാന്‍ വന്നതായിരുന്നു ഉദയകുമാര്‍. ഉച്ചയായതിനാല്‍ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ കിടന്നുറങ്ങി. ഓണക്കോടി വാങ്ങാന്‍ അമ്മ കൊടുത്തുവിട്ട 4020 രൂപയും കൈവശം ഉണ്ടായിരുന്നു. ഈ തുക എവിടെ നിന്ന് മോഷ്ടിച്ചു എന്ന് തെളിയിക്കാനായിരുന്നു മര്‍ദനം. 

എന്നാല്‍ പണം തന്നിട്ട് സ്‌റ്റേഷനില്‍ നിന്ന് പോകാന്‍ പറഞ്ഞതായും വിസമ്മതിച്ചതിനാല്‍ മര്‍ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. രാത്രിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉദയകുമാറിനെ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു. അന്നേ ദിവസം ഉദയകുമാറിന്റെ വീട്ടില്‍ വിവരം അറിയിച്ചിരുന്നില്ല. കസ്റ്റഡി നിയമങ്ങള്‍ എല്ലാം ലംഘിച്ച് പിറ്റേദിവസം രാവിലെ 11 മണിയോടെയാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയെ പോലീസ് വിവരം അറിയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.