സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പാട്ടക്കുടിശ്ശിക 632 കോടി

Thursday 26 July 2018 3:03 am IST

സി. രാജ

കൊച്ചി: സംസ്ഥാനത്ത് വ്യക്തികളും സ്ഥാപനങ്ങളും ഭൂമി പാട്ടത്തിനെടുത്ത ശേഷം കൈവശപ്പെടുത്തിയ കേസുകളില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള പാട്ടക്കുടിശ്ശിക 632 കോടി. റവന്യു വകുപ്പിന്റെ പ്രാഥമിക കണക്കാണിത്. റവന്യു മന്ത്രി അധ്യക്ഷനായ റവന്യു, ദേവസ്വം സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച കണക്കുകളാണിത്. കോളേജുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കുടിശ്ശിക 311 കോടിയും വ്യക്തികളുടെ പാട്ടക്കുടിശ്ശിക 321 കോടി രൂപയുമാണ്. എന്നാല്‍ തോട്ടമുടമകളും വന്‍കിട കമ്പനി ഉടമകളും അടയ്ക്കാനുള്ള പാട്ടക്കുടിശ്ശിക ഈ കണക്കുകളില്‍പ്പെടുന്നില്ലെന്നാണ് സൂചന. 

സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും പതിനായിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് പാട്ടത്തന്റെ പേരു പറഞ്ഞ് സ്വന്തമാക്കിയത്. ഭൂമി പാട്ടത്തിന് നല്‍കിയപ്പോള്‍ പറഞ്ഞിരുന്ന ആവശ്യത്തിനു വിരുദ്ധമായി ഭൂമിയെ വാണിജ്യാവശ്യത്തിനായി വകമാറ്റി കോടികള്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാരത്  പെട്രോളിയം പോലുള്ള സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് പാട്ടത്തിന് ലഭിച്ചതില്‍ ആവശ്യമില്ലാത്ത ഭൂമി സര്‍ക്കാരിന് തിരിച്ചു നല്‍കിയിരുന്നു. 

പാട്ടത്തിനു ഭൂമി നേടിയവര്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പാട്ടത്തുക അടച്ച് പാട്ടക്കരാര്‍ പുതുക്കണമെന്നാണ് നിയമം. എന്നാല്‍, ബഹുഭൂരിപക്ഷവും പാട്ടത്തുക അടയ്ക്കാറില്ല. റവന്യു വകുപ്പ് എന്തെങ്കിലും നോട്ടീസ് അയച്ചാല്‍ ഉടന്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുന്നതോടെ സര്‍ക്കാര്‍ നടപടികള്‍ അവസാനിക്കുന്നു. എന്നാല്‍, അടുത്തിടെ സുപ്രീം കോടതി പ്രഖ്യാപിച്ച ഉത്തരവ് പ്രകാരം ഇത്തരത്തില്‍ പാട്ടഭൂമിയില്‍ നേടുന്ന സ്റ്റേ ഉത്തരവുകള്‍ക്ക് ആറു മാസം മാത്രമേ പ്രാബല്യമുള്ളു. അതു കഴിഞ്ഞാല്‍ കാര്യകാരണ സഹിതം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയില്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകാം.

ഈ വിധിയുടെ പശ്ചാത്തലത്തില്‍ പാട്ടക്കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ നടപടിയെടുക്കാനുള്ള തീരുമാനം റവന്യു വകുപ്പ് എടുത്തിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സംഘടനകളും വിവിധ മതസ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുന്ന ഭൂമികളില്‍ ഒഴിപ്പിക്കല്‍ നടപടി എത്രത്തോളം മുന്നോട്ടു പോവുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.