'അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനാ സംരക്ഷണമുണ്ട്' സ്ത്രീ പ്രവേശന ആവശ്യം അമിതാവേശം: എന്‍എസ്എസ്

Thursday 26 July 2018 3:07 am IST

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന ആവശ്യം അമിതാവേശമാണെന്ന് സുപ്രീംകോടതിയില്‍ എന്‍എസ്എസ് കുറ്റപ്പെടുത്തി. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കുന്നതും ആചാരങ്ങളില്‍ ഇടപെടാനുള്ള അമിതാവേശവും ത്രിശങ്കു സ്വര്‍ഗ്ഗമാണ് ഉണ്ടാക്കുകയെന്നും എന്‍എസ്എസ് വാദിച്ചു. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് ഇന്ന് ശബരിമല തന്ത്രിയുടെ വാദം കേള്‍ക്കും. കേസില്‍ കക്ഷി ചേര്‍ന്ന അയ്യപ്പ സേവാ സംഘം അടക്കമുള്ള സംഘടനകള്‍ക്ക് അഞ്ചു മിനുറ്റ് വീതം അനുവദിക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. 

മുതിര്‍ന്ന അഭിഭാഷകനായ കെ. പരാശരനായിരുന്നു എന്‍എസ്എസിന് വേണ്ടി കോടതിയില്‍ ഹാജരായത്. ശബരിമലയിലെ പാരമ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങള്‍ക്ക് കൂടി കോടതി കാതോര്‍ക്കണമെന്നും ആക്ടിവിസ്റ്റുകളുടെ വാദങ്ങള്‍ മാത്രം കേട്ടാല്‍ പോരെന്നും പരാശരന്‍ വാദിച്ചു. വിഗ്രഹത്തിന്റെ നിയമപരമായുള്ള അധികാരങ്ങള്‍ വെച്ചു വേണം കേസ് പരിശോധിക്കേണ്ടതെന്നും ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എന്‍എസ്എസ് അറിയിച്ചു.

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന് എന്‍എസ്എസ് വ്യക്തമാക്കി. ശബരിമലയില്‍ എത്തുന്നവര്‍ മനസ്സിലും പ്രത്യക്ഷത്തിലും ബ്രഹ്മചര്യം അനുഷ്ടിക്കുന്നവരാണ്. ഇത്തരത്തില്‍ ആരാധനയ്ക്കായി വരുന്നവര്‍ യുവതികള്‍ക്കൊപ്പം വരുന്നത് വിഘാതമാകും. 

ശബരിമലയിലെ നിയന്ത്രണങ്ങളെ സ്ത്രീ വിരുദ്ധതയായി വ്യാഖ്യാനിക്കരുത്.  കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. കേരളത്തില്‍ എല്ലായ്‌പ്പോഴും സ്ത്രീ കേന്ദ്രീകൃത സമുദായങ്ങള്‍ ശക്തമായിരുന്നു. ഏറ്റവും സഹിഷ്ണുതയുള്ള മതമായ ഹിന്ദുമതത്തിലെ നിയമങ്ങള്‍ പൊതുവേ വിവേചനപരമല്ല. ശബരിമലയിലെ ആചാരങ്ങളെ സതിയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. ഹിന്ദു വിശ്വാസത്തില്‍ സതിയ്ക്ക് യാതൊരു സ്ഥാനവുമില്ല. 

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ശബരിമലയിലെ സ്ത്രീ പ്രവേശനം സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് പരാശരന്‍ ഓര്‍മ്മിപ്പിച്ചു. ഇരുപത്തഞ്ചാം അനുച്ഛേദം പിന്നോക്ക വിഭാഗക്കാര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അതിനെ സ്ത്രീ പ്രവേശനവുമായി ബന്ധിപ്പിക്കാനാവില്ല. പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് വിവേചനം പാടില്ലെന്ന് പറയുന്ന ഭരണഘടനയുടെ പതിനഞ്ച്, രണ്ട് അനുച്ഛേദത്തില്‍ മതസ്ഥാപനങ്ങളുടെ കാര്യം പറയുന്നില്ലെന്നും എന്‍എസ്എസിന് വേണ്ടി പരാശരന്‍ വാദിച്ചു. 

എന്‍എസ്എസിന്റെ വാദങ്ങള്‍ അംഗീകരിച്ച ജസ്റ്റിസ് നരിമാന്‍ ഭരണഘടനയുടെ 25 (2) ബി, 17 അനുച്ഛേദങ്ങള്‍ പറയുന്നത് ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങള്‍ക്കെതിരാണെന്ന് വ്യക്തമാക്കി. ശബരിമലയില്‍ യാതൊരു വിധത്തിലുമുള്ള സാമൂഹ്യ പ്രശ്‌നങ്ങളുമില്ലെന്നും അതിനാല്‍ നത്‌നെ 25 (2)ബി അനുച്ഛേദം സര്‍ക്കാരിന് ശബരിമലയില്‍ പ്രയോഗിക്കാനാവില്ലെന്നും എന്‍എസ്എസ് വാദം പൂര്‍ത്തിയാക്കിക്കൊണ്ട് പറഞ്ഞു. ഇതിനെ മറികടന്നുകൊണ്ട് സര്‍ക്കാര്‍ ഇടപെട്ടാല്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുച്ഛേദം ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പരാശരന്‍ കൂട്ടിച്ചേര്‍ത്തു. 

എസ്. സന്ദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.