പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് നവീകരണം പാതിവഴിയില്‍ നിലച്ചു; എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

Wednesday 25 July 2018 9:54 pm IST

 

പഴയങ്ങാടി: സിപിഎം ഭരിക്കുന്ന ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് നവീകരണം പാതിവഴിയില്‍ നിലച്ചത് വന്‍ പ്രതിഷേധത്തിന് കാരണമാകുന്നു. പൊട്ടിത്തകര്‍ന്ന പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് നവീകരണം രണ്ട് മാസം കൊണ്ട് ശരിയാക്കി തരാമെന്ന് പറഞ്ഞ് തുടങ്ങിയ പ്രവര്‍ത്തി നാല് മാസമായിട്ടും എങ്ങും എത്തിയില്ല. ഉദ്യോഗസ്ഥരും കരാറുകാരനും ഒരോ കാരണം പറഞ്ഞ് പരസ്പരം പഴിചാരി വിവാദമുണ്ടാക്കുന്ന തല്ലാതെ നവീകരണ പ്രവര്‍ത്തിക്ക് കാര്യമായ പുരോഗതിയൊന്നുമില്ല. 

ഏഴോം പഞ്ചായത്തിലെ കൈപ്പാട് പ്രദേശത്താണ് നിലവിലുള്ള പഴയങ്ങാടി ബസ്സ്റ്റാന്‍ഡ്. ടാറിംഗ് ചെയ്ത ബസ്സ്റ്റാന്‍ഡ് പെട്ടന്ന് പൊട്ടിത്തകരുന്ന അവസ്ഥ കണക്കിലെടുത്ത് ടി.വി.രാജേഷ് എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് 1.35 കോടി രൂപ നല്‍കിയാണ് ബസ് സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് നവീകരണ പ്രവര്‍ത്തി നടത്തുന്നത്. എന്നാല്‍ ബന്ധപെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും തികഞ്ഞ അലംഭാവവും പഞ്ചായത്തിന്റെ അനാസ്ഥയും കാരണം ബസ് സ്റ്റാന്‍ഡ്‌നവീകരണ പ്രവര്‍ത്തി അനന്തമായി നീണ്ടുപോവുകയാണ്. നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പണി പേരിനൊന്ന് നടക്കും. ബസ്റ്റാന്‍ അടച്ചതോടെ ബസ് പാര്‍ക്കിംഗ് സംവിധാനവും ഗതാഗതകുരുക്കും രൂക്ഷമാണ്. 

കൂടാതെ ബസ് സ്റ്റാന്‍ഡിനുള്ളിലെ വ്യാപാരികളുടെ കാര്യമാണെങ്കില്‍ അതിലും കഷ്ടമാണ്. ബന്ധപെട്ട അധികൃതര്‍ ഇടപെട്ട് ബസ് സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് പിലാത്തറ പഴയങ്ങാടി പാപ്പിനിശേരി റോഡിന്റെ മെക്കാഡം ടാറിംഗ് ദ്രുതഗതിയില്‍ നടക്കുമ്പോള്‍ പല പ്രാവിശ്യങ്ങളിലായി സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തി വിലയിരുത്തുന്ന  എംഎല്‍എ തനത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന ബസ്സ്റ്റാന്‍ഡ് നവീകരണം തിരിഞ്ഞ് നോക്കാത്തതാണ് ജനരോഷത്തിന് കാരണമായിരുക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.