ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി കയര്‍ വ്യവസായ മേഖല; സംരംഭക നിക്ഷേപക സംഗമം നടത്തി

Wednesday 25 July 2018 9:55 pm IST

 

കണ്ണൂര്‍: കയര്‍ വ്യവസായ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ചകിരി ഉല്‍പ്പാദന മേഖലയിലും കയര്‍ അനുബന്ധ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംരംഭക-നിക്ഷേപക സംഗമം നടത്തി. കയര്‍ വികസന വകുപ്പ് പ്രൊജക്ട് ഓഫീസില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുള്‍ വഹാബ് സംഗമം ഉദ്ഘാടനം ചെയ്തു. 

കയര്‍ വ്യവസായത്തില്‍ സ്വകാര്യ, സഹകരണ മേഖലകള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നും സംരംഭകര്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഏതു മേഖയാണെങ്കിലും അത് വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്ക് സംരംഭകര്‍ക്കാണ്. അതിനായി മേഖലയെ കുറിച്ച് സംരംഭകര്‍ പൂര്‍ണ്ണമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൊജക്ട് ഓഫീസര്‍ പി.വി.രവീന്ദ്രകുമാര്‍ അധ്യക്ഷനായിരുന്നു. 

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ലഭിക്കേണ്ട ലൈസന്‍സുകളെ കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും അസിസ്റ്റന്റ് എഞ്ചിനീയര്‍ ശരണ്യ മോഹന്‍ ക്ലാസെടുത്തു. കെഎസ്ഇബിയില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാറും, ഡീഫൈബറിംഗ് യൂനിറ്റ് തുടങ്ങാനാവശ്യമായ യന്ത്രങ്ങളെ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌സിഎംഎംസിയിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ എം.രാജനും ക്ലാസെടുത്തു. 

ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണര്‍ സി.എം.സുനില്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും വിരമിച്ച ചീഫ് മാനേജര്‍ ധനഞ്ജയന്‍ സി.വി.എന്നിവരും സംരംഭകര്‍ക്കായി ക്ലാസെടുത്തു. പ്രൊജക്ട് ഓഫീസര്‍ പി.വി.രവീന്ദ്രകുമാര്‍ കയര്‍ പ്രൊജക്ട് ഓഫീസില്‍ നിന്നും നല്‍കുന്ന സേവനങ്ങളും കയര്‍ വകുപ്പിന്റെ വിവിധ പദ്ധതികളും വിശദീകരിച്ചു. 

സ്വകാര്യ മേഖലയില്‍ ചകിരി ഉല്‍പ്പാദിപ്പിക്കുന്നതിനായി പുതിയ ഡീഫൈബറിംഗ് യൂനിറ്റുകളും കയര്‍ അനുബന്ധ വ്യവസായ യൂനിറ്റുകളും ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള മുപ്പതോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കയര്‍ ഇന്‍സ്‌പെക്ടര്‍ പി.ഷൈജു, കണ്ണൂര്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ എന്‍.നാരായണന്‍, യുഡി ഫീല്‍ഡ് അസിസ്റ്റന്റ് പി.വി.ഷാജി എന്നിവര്‍ സംസാരിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.