ഈ അമ്മ ആഗ്രഹിച്ച ശിക്ഷ

Thursday 26 July 2018 3:09 am IST
"ശപഥം നിറവേറ്റി... ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ മുഖ്യപ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി കേട്ട് പുറത്തിറങ്ങിയ ശേഷം മുടി കെട്ടുന്ന ഉദയകുമാറിന്റെ അമ്മ പ്രഭാവതി"

തിരുവനന്തപുരം: ഒരു ഓണക്കാലത്ത് എന്റെ മകനെ അവര്‍ കൊന്നു. മറ്റൊരു ഓണക്കാലം അടുത്തപ്പോള്‍ അവന്റെ കൊലയാളികള്‍ക്ക് ഞാന്‍ ആഗ്രഹിച്ച ശിക്ഷ ലഭിച്ചു. മകന് നീതി ലഭിക്കാന്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു എന്റേത്. വെറും 4,020 രൂപയ്ക്കു വേണ്ടിയാണ് അവര്‍ എന്റെ മകനെ കൊന്നത്. എത്ര തന്നാലും എനിക്ക് അവനോളം വരില്ല, ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ വാക്കുകള്‍ ഇടറി. 

ഉരുട്ടിക്കൊലക്കേസിലെ വിധിക്കുശേഷം സംസാരിക്കുകയായിരുന്നു ആ അമ്മ. നീണ്ട 13 വര്‍ഷത്തെ നിയമപോരാട്ടത്തിന് കൂടെനിന്ന് സഹായിച്ചത് പൊതു പ്രവര്‍ത്തകന്‍ പി.കെ. രാജുവും എന്റെ സഹോദരന്‍ മോഹനനുമായിരുന്നു. കേസിന്റെ വിചാരണവേളയില്‍ തന്നെ വാഹനം ഇടിച്ച് അപകടത്തില്‍പ്പെടുത്താന്‍ വരെ ശ്രമിച്ചിരുന്നതായും പ്രഭാവതി പറയുന്നു. 

പ്രധാന സാക്ഷിയായിരുന്ന ഉദയകുമാറിന്റെ കൂടെ പിടികൂടിയ സുരേഷ്‌കുമാര്‍ സാക്ഷി പറയാന്‍ തന്നോട് അഞ്ചു ലക്ഷം രൂപ ചോദിച്ചതായും പ്രഭാവതി പറഞ്ഞു. പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കിയതിനെ തുടര്‍ന്നാണ് പകുതി പണം ആവശ്യപ്പെട്ട് തന്നെ സമീപിച്ചത്. മകനേക്കാള്‍ വലുതല്ല പണം എന്ന് പറഞ്ഞ് ഞാന്‍ തിരികെ അയച്ചു. ഇടനിലക്കാര്‍ മുഖേന വീണ്ടും മൂന്ന് ലക്ഷം രൂപ സുരേഷ്‌കുമാര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. അതിനാലാണ് പ്രതികളായ പോലീസുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി സുരേഷ്‌കുമാര്‍ കള്ള സാക്ഷി പറഞ്ഞത്.

മകന് നീതി ലഭിക്കാന്‍ തന്റെ വീടിനു സമീപത്തുള്ള മണ്ണടി ക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ പ്രായാധിക്യത്താല്‍ ക്ഷേത്രദര്‍ശനത്തിനിടെ ഒരു ദിവസം തളര്‍ന്ന് ഇരുന്നു. നീ വീട്ടില്‍ ഇരുന്ന് പ്രാര്‍ഥിച്ചാല്‍ ദേവി കേള്‍ക്കുമെന്ന് കൂടെ ഉണ്ടായിരുന്നവര്‍ ഉപദേശിച്ചു. പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു. ഇനി ക്ഷേത്രദര്‍ശനം നടത്തണം. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി കിടന്നാല്‍ ഉറക്കമില്ല. പലപ്പോഴും ഗുളിക കഴിച്ചാണ് ഉറങ്ങിയിരുന്നത്. ഡോക്ടര്‍ വഴക്ക് പറഞ്ഞതിനാല്‍ ഗുളികയും നിര്‍ത്തി. മകന്റെ മരണശേഷം എനിക്ക് ആഘോഷങ്ങളില്ല. എനിക്ക് ഓണപ്പുടവ വാങ്ങിക്കാന്‍ പോയതാണ് അവന്‍. എന്നാല്‍ പട്ട് പുതച്ച മകനെ തിരികെ ലഭിച്ചപ്പോള്‍ സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു. മകനെ കൊന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമേയെന്ന്. തന്റെ വിളി കേട്ടതായും അഴിഞ്ഞ മുടികെട്ടുന്നതിനിടയില്‍ വിതുമ്പലോടെ പ്രഭാവതി പറഞ്ഞു.

അജി ബുധന്നൂര്‍

ശിക്ഷ ഇങ്ങനെ

$ ജിതകുമാറിനെയും ശ്രീകുമാറിനെയും ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം മരണം വരെ തൂക്കിലേറ്റണം. രണ്ട് ലക്ഷം രൂപ വീതം പിഴയും ഇല്ലെങ്കില്‍ അഞ്ചു വര്‍ഷം കഠിന തടവും.

$ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവക്ക് 201, 120 ബി, 34 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും അയ്യായിരം രൂപ വീതം പിഴയും

$വ്യാജ എഫ്‌ഐആര്‍ തയാറാക്കിയതിന് 167, 120 ബി, 34 വകുപ്പ് പ്രകാരം എല്ലാ പ്രതികള്‍ക്കും കഠിന തടവ്

$ ഉദയകുമാറിനെ മര്‍ദിച്ചതിന് ഒന്നും രണ്ടും പ്രതികള്‍ക്ക് 323, 34 വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ വെറും തടവ്

$ ഉദയകുമാറിനെ അന്യായമായി തടങ്കലില്‍ വച്ചതിന് ഒന്നും രണ്ടും പ്രതികള്‍ക്ക് 348, 34 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും 

$ വ്യാജ കുറ്റസമ്മത മൊഴി നല്‍കിയതിനും കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും 331, 34 പ്രകാരം ഒന്നും രണ്ടും പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.