ഉദയകുമാർ ഉരുട്ടിക്കൊല; പോലീസുകാർക്ക് തൂക്കുകയർ

Thursday 26 July 2018 3:08 am IST

തിരുവനന്തപുരം: ഉദയകുമാര്‍ എന്ന യുവാവിനെ ലോക്കപ്പിലിട്ട് മൃഗീയമായി ഉരുട്ടിക്കൊന്ന കേസില്‍ രണ്ടു പോലീസുദ്യോഗസ്ഥരെ തൂക്കിക്കൊല്ലാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. കസ്റ്റഡി മരണത്തിന് പോലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. ഒന്നാം പ്രതി എഎസ്‌ഐ കെ. ജിതകുമാര്‍, രണ്ടാം പ്രതി സിവില്‍ പോലീസ് ഓഫീസര്‍ എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് സിബിഐ  ജഡ്ജി ജെ.നാസര്‍ വധശിക്ഷ വിധിച്ചത്. ഇവര്‍ 2,05,000 രൂപ വീതം പിഴയും ഒടുക്കണം. അഞ്ചു മുതല്‍ ഏഴുവരെ പ്രതികളായ ഡിവൈഎസ്പി അജിത്കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ മൂന്ന് വര്‍ഷം കഠിന തടവിനും 5,000 രൂപ വീതം പിഴ ഒടുക്കാനും വിധിച്ചു. 

പിഴത്തുകകള്‍ തുക ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്നും രണ്ടും പ്രതികള്‍ അഞ്ച് വര്‍ഷം കഠിന തടവും അനുഭവിക്കണം. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

മൂന്നാം പ്രതി എഎസ്‌ഐ കെ.വി. സോമന്‍ വിചാരണ വേളയില്‍ മരിച്ചതിനാല്‍ ശിക്ഷ ബാധകമല്ല. നാലാം പ്രതി എഎസ്‌ഐ വി.പി. മോഹനനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഉദയകുമാറിനൊപ്പം പോലീസ് പിടികൂടിയ കേസിലെ മുഖ്യസാക്ഷി സുരേഷ് കൂറുമാറിയതായി കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി.  

2005 സപ്തംബര്‍ 27നായിരുന്നു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നും ഉദയകുമാറിനെയും സുരേഷ്‌കുമാറിനെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഉദയകുമാറിന്റെ കൈവശം 4,020 രൂപ ഉണ്ടായിരുന്നതിനാല്‍ മോഷണക്കുറ്റം തെളിയിക്കുന്നതിനായി ക്രൂരമായി മര്‍ദിച്ചു. ജിതകുമാറും, ശ്രീകുമാറും സിഐയുടെ സാന്നിധ്യത്തില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ദേഹത്ത് ഉരുട്ടുകയായിരുന്നു. 

സ്റ്റേഷനില്‍ വച്ച് ഉദയകുമാര്‍ മരിച്ചു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ വിചാരണ വേളയില്‍ സാക്ഷികളില്‍ ഏറിയ പങ്കും കൂറുമാറിയിരുന്നു. ഇതേ തുടര്‍ന്ന് പ്രഭാവതിഅമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണത്തിലാണ് കേസ് വഴിത്തിരിവായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.