മാതൃഭൂമി ഹിന്ദുക്കളെ അവഹേളിച്ചു: വെള്ളാപ്പള്ളി

Thursday 26 July 2018 3:10 am IST

ആലപ്പുഴ: 'മീശ'യെന്ന നോവല്‍ പ്രസിദ്ധീകരിച്ചതിലൂടെ മാതൃഭൂമി ഹിന്ദുക്കളെ അവഹേളിച്ചിരിക്കുകയാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹൈന്ദവജനതയെ അധിക്ഷേപിക്കുന്നത് മാതൃഭൂമി  കുറേക്കാലങ്ങളായി പതിവാക്കിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി ജന്മഭൂമിയോട് പറഞ്ഞു. 

ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതാകരുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും വിളിച്ചുപറയാമെന്നാണ് ചിലര്‍ വിചാരിക്കുന്നത്. ഇതിനെ പിന്തുണയ്ക്കാനും ഒരുവിഭാഗം രംഗത്തെത്തുന്നു. ഹിന്ദുക്കളെ അവഹേളിക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്. മുമ്പ് സംഘടിത മതത്തിനെതിരെ മാതൃഭൂമിയില്‍ പരാമര്‍ശം വന്നതിന്റെ പേരില്‍ ഉണ്ടായ ബഹളം നമ്മള്‍ കണ്ടതാണ്. അന്ന് അവരുടെ ആസ്ഥാനത്ത്‌പോയി മാപ്പു പറയാന്‍ മാതൃഭൂമി തയാറായി. പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ മാതൃഭൂമിക്കാര്‍ തെക്കുവടക്ക് ഓടുകയായിരുന്നു. 

ഹിന്ദുക്കളെ അപമാനിച്ചാല്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിക്കുമെന്നാണ് മാതൃഭൂമി മാനേജ്‌മെന്റ് കരുതുന്നത്. ഹിന്ദുക്കളെ പറഞ്ഞാല്‍ നഷ്ടമൊന്നും വരില്ല. സര്‍ക്കുലേഷന്‍ കുറയുകയുമില്ല. ഇത് മാതൃഭൂമിക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് നിരന്തരം അധിക്ഷേപിക്കുന്നത്. മറ്റു മതവിഭാഗങ്ങളുടെ കൊള്ളരുതായ്മകള്‍ പോലും ചോദ്യംചെയ്യാന്‍ തയാറാകാത്തവര്‍ ഹിന്ദുക്കളെ നിരന്തരം അപമാനിക്കുന്നത് തിരിച്ചറിയണം. ഹിന്ദുക്കള്‍ സംഘടിതരല്ലാത്തതാണ് ഇതിനെല്ലാം കാരണം. 

ഹിന്ദുക്കളുടെ വിശ്വാസങ്ങളുടെ മേല്‍ ആര്‍ക്കും കുതിര കയറാമെന്ന അവസ്ഥയാണുള്ളത്. കാലം മാറിയെന്നും ഹിന്ദുക്കള്‍ ഇനി പ്രതികരിക്കുമെന്നും എല്ലാവരും മനസ്സിലാക്കേണ്ട കാലമായെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാതൃഭൂമി പാരമ്പര്യമുള്ള മാധ്യമ സ്ഥാപനമാണ്. എന്നാല്‍ അടുത്ത കാലത്തായി അപഹാസ്യമായ രീതിയിലാണ് മാതൃഭൂമിയുടെ പ്രവര്‍ത്തനമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സ്വന്തം ലേഖകന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.