പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകള്‍ ഇല്ലാതാകണം

Thursday 26 July 2018 3:26 am IST

കെ.ടി.തോമസ് (മുന്‍ സുപ്രീംകോടതി ജഡ്ജി)

പോലീസ് പരിഷ്‌ക്കരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ലോക്കപ്പ് മര്‍ദ്ദനം എങ്ങനെ അവസാനിപ്പിക്കാമെന്ന് വിശദമായി പരിശോധിച്ചിരുന്നു. റിട്ട. ഡിജിപി രാജഗോപാലന്‍ നായര്‍, റിട്ട. ചീഫ് സെക്രട്ടറി ടി.എന്‍. ജയചന്ദ്രന്‍ എന്നിവരായിരുന്നു ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. കേരളത്തില്‍ നടന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തി. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ മിക്കവയും നടക്കുന്നത് പാതിര കഴിഞ്ഞുള്ള നാഴികകളിലാണ്. മരണങ്ങള്‍ എല്ലാം തന്നെ സംഭവിക്കുന്നത് പാതിര കഴിഞ്ഞ് നേരം വെളുക്കുന്നതിന് മുമ്പും. 

 ലോക്കപ്പില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്കിട്ട് അടി പോലും കൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. അതിന് അപവാദമായി പറായവുന്നത് ഒറ്റ കാര്യം മാത്രമാണ്. ലോക്കപ്പിലുള്ളയാള്‍ ആക്രമിച്ചാല്‍ സ്വയ രക്ഷ എന്ന നിലയില്‍ പ്രതിരോധിക്കാം. അതല്ലാതെ ഒരാളെയും മര്‍ദ്ദിക്കാന്‍ പോലീസിന് അധികാരമില്ല. തോക്കും, ലാത്തിയും നിയമം അനുവദിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. ജനക്കൂട്ടം അക്രമത്തിലേക്ക് പോകുമ്പോള്‍ പൊതുജനങ്ങളെ രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ എന്ന നിലയില്‍ മാത്രമെ ലാത്തിയും തോക്കും ഉപയോഗിക്കാന്‍ അനുവദിക്കുന്നുള്ളു. ഇതേ നിയമം തന്നെയാണ് പിടിക്കപ്പെടുന്ന വ്യക്തിയുടെ കാര്യത്തിലും. എത്ര ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനാണെങ്കിലും പിടിക്കപ്പെടുന്ന പ്രതിയെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ ക്രിമനല്‍ കുറ്റമാകും. 

മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് ലോക്കപ്പ് മരണങ്ങള്‍ സംഭവിക്കുന്നതെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. മര്‍ദ്ദിക്കുന്ന പോലീസുകാരന് ലോക്കപ്പിലുള്ള വ്യക്തിയോടുള്ള മുന്‍കാല വിരോധം. അത് തീര്‍ക്കാന്‍ അവര്‍ ലോക്കപ്പുകളെ ഉപയോഗിക്കുന്നു. രണ്ടാമത്തേത് പുറത്ത് നിന്നുള്ള വ്യക്തികളുടെ സ്വാധീനത്തെ തുടര്‍ന്ന് പോലീസ് മര്‍ദ്ദിക്കുന്നത്. ഇത് രണ്ടും അപൂര്‍വ്വമായിട്ടാണ് സംഭവിക്കുന്നത്. പ്രത്യേകിച്ച് രണ്ടാമത്തെ കാരണം. പിടിക്കപ്പെടുന്ന വ്യക്തിയില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ അറിയാന്‍ പോലീസുകാര്‍ സ്വീകരിച്ച് പോരുന്ന  മാര്‍ഗ്ഗമായി മര്‍ദ്ദനത്തെ ഉപയോഗിക്കുന്നു. ഇതാണ് സര്‍വ്വസാധാരണമായി നടക്കുന്നത്. മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ഉള്ളതല്ലാം പറയുമെന്നാണ് പോലീസുകാരുടെ ധാരണ. അതല്ലെങ്കില്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുമെന്ന് ഭയപ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിക്കും. മറ്റ് ചിലപ്പോള്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ പോലീസുകാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഏറ്റു പറഞ്ഞെന്നും വരാം. 

ലോക്കപ്പ് മര്‍ദ്ദനം എങ്ങനെ നിര്‍ത്തലാക്കാം 

പോലീസ് സേന ഉണ്ടായ കാലം മുതല്‍ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് എങ്ങനെ അവസാനിപ്പിക്കാമെന്ന് ആലോചിപ്പോള്‍ ഒരു തീരുമാനത്തിലെത്തി. പോലീസ് സ്റ്റേഷനുകളില്‍ ലോക്കപ്പുകള്‍ ഇല്ലാതെ വന്നാല്‍ ലോക്കപ്പ് മര്‍ദ്ദനം ഉണ്ടാകില്ല. അപ്പോള്‍ പിടികൂടുന്ന ആളെ കോടതിയുടെ അനുവാദമോ അനുവാദമില്ലാതെയോ കസ്റ്റഡിയില്‍ എവിടെ സൂക്ഷിക്കും.  ഇതിനുള്ള നിര്‍ദ്ദേശമായിട്ടയായിരുന്നു നാലോ അഞ്ചോ പോലീസ് സ്റ്റേഷനുകള്‍ക്കായി സ്റ്റേഷനുകളില്‍ നിന്ന് ദൂരെ മാറി ഒരു പൊതു ലോക്കപ്പ് സ്ഥാപിക്കുക. കസ്റ്റഡിയില്‍ എടുക്കുന്ന ആളെ ഇവിടെ മാത്രമെ പാര്‍പ്പിക്കാന്‍ കഴിയൂ. അതിലേക്ക് പൊതുവായ രജിസ്ട്രാറും സിഐ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോസ്ഥന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണം.

സമയം കിട്ടുമ്പോള്‍ അവിടെ ഒരു ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് മേല്‍നോട്ടം നടത്തണം. ഈ നിര്‍ദ്ദേശങ്ങള്‍ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളോട് പോലീസിന്റെ ഭാഗത്ത് നിന്ന് തന്നെ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ആ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. തുടര്‍ന്ന് വിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണമെന്ന നിലയ്ക്ക് കമ്മീഷന്‍ ചെയര്‍മാന്റ സ്ഥലത്ത് തന്നെ പൊതു ലോക്കപ്പ് അനുവദിച്ചു. അങ്ങനെ മണര്‍കാട് ഒരു കെട്ടിടം ഏറ്റെടുത്ത് സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനവും കേമമായി നടത്തി. പക്ഷെ ഉദ്ഘാടനത്തോടെ ഈ പദ്ധതിയും നിന്നു പോയി. 

അടുത്തയിടെയുണ്ടായ ലോക്കപ്പ് മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഇത് പരീക്ഷിച്ച് നോക്കണമെന്ന് തന്നെയാണ്. എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പരിഹരിച്ച് കാര്യക്ഷമമായി നടപ്പാക്കണം. അല്ലെങ്കില്‍ ലോക്കപ്പ് മര്‍ദ്ദനവും മരണവും തുടര്‍കഥയായി അവശേഷിക്കും.

നിയമപാലനവും കുറ്റാന്വേഷണവും രണ്ടാക്കണം

അഡ്വ. കെ.രാംകുമാര്‍

ലോക്കപ്പ് മര്‍ദ്ദനം പോലീസ് സേന ഉണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്. ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണമായിട്ടാണ് എക്കാലത്തും പോലീസ് പ്രവര്‍ത്തിച്ചിട്ടുള്ളത്. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഭരണകൂടം പലപ്പാഴും പോലീസിനെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇഎംഎസ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യം ലോക്കപ്പ് മര്‍ദ്ദനം അവസാനിപ്പിക്കുമെന്നായിരുന്നു. എന്നാല്‍ അവര്‍ അധികാരത്തില്‍ കയറിയപ്പോഴെല്ലാം ലോക്കപ്പ് മര്‍ദ്ദനം തുടര്‍ന്നു.

നക്‌സലൈറ്റുകളെ നശിപ്പിക്കാന്‍ എന്നപേരില്‍ ഭീകരമായ പോലീസ് മര്‍ദ്ദനവും കൊലപാതകങ്ങളുമാണ് നടന്നത്. അടിയന്തരാവസ്ഥയില്‍ പോലീസിനെ കയറൂരിവിട്ടു. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല എതിര്‍ക്കുന്നവരെയൊക്കെ പോലീസ് നന്നായി കൈകാര്യം ചെയ്തു. മഞ്ഞുമലയുടെ അറ്റം മാത്രമായിരുന്നു രാജന്‍ കേസ്. അടിയന്തരാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും പങ്കുണ്ടായിരുന്നു. ലോക്കപ്പ് മര്‍ദ്ദനം അവസാനിപ്പിക്കുമെന്ന് പറഞ്ഞവര്‍ അടിയന്തരാവസ്ഥയില്‍ ഭരണകൂട ഭീകരതയ്ക്ക് കൂട്ട് നില്‍ക്കുകയായിരുന്നു.

ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും പോലീസ് മര്‍ദ്ദനം തുടര്‍ക്കഥയാവുകയാണ്. ഉദയകുമാറിന്റെ ഉരുട്ടിക്കൊലയില്‍ പോലീസിലെ പല ഉന്നതന്മാര്‍ക്കും അറിവുണ്ടായിരുന്നു. എന്നാല്‍ വകുപ്പ്തല അന്വേഷണം നടത്തിയില്ല. സര്‍ക്കാരിന്റെ പരിശ്രമം കൊണ്ടല്ല പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്ന് പൊതുജനത്തിന് മനസ്സിലായി സിബിഐ അന്വേഷണമാണ് പോലീസുകാര്‍ക്ക് തൂക്കുകയര്‍ ലഭ്യമാക്കിയത്. ഉദയകുമാറിന്റെതിന് സമാനമായ സംഭവമാണ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ ചവിട്ടിക്കൊലയും. നിര്‍ഭാഗ്യവശാല്‍ സിബിഐ അന്വേഷണം വന്നില്ല.

ലോക്കപ്പ് മര്‍ദ്ദനം അവസാനിപ്പിക്കണമെങ്കില്‍ പോലീസ് സംവിധാനം കുറ്റമറ്റതാക്കണം. നമ്മുടെ രാജ്യത്ത് ഒരു കുറ്റം നടന്നാല്‍ അറസ്റ്റിന് ശേഷമാണ് തെളിവ് ശേഖരിക്കുന്നത് ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ കുറ്റം നടന്നാല്‍ തെളിവ് ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയില്‍ നിന്ന് മാത്രമാണ് തെളിവ് ശേഖരിക്കുന്നത് ഇത് ലോക്കപ്പ് മര്‍ദ്ദനത്തിന് സാഹചര്യമൊരുക്കും. പ്രതിയെ പിടിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമം പലപ്പാഴും പോലീസ് ചെയ്യുന്നത് മൂന്നും നാലും ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നത്. അറസ്റ്റ് ചെയ്ത ആളുകളെ പോലീസ് ഉപദ്രവിക്കാതിരിക്കാന്‍ കുറ്റമറ്റ സംവിധാനം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ലോക്കപ്പ് മര്‍ദ്ദനം ഇല്ലാതാക്കാന്‍ പോലീസ് സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്. നിയമപാലനവും കുറ്റാന്വേഷണവും രണ്ടാക്കണം. എങ്കില്‍ ഒരു പരിധിവരെ ലോക്കപ്പ് മര്‍ദ്ദനത്തില്‍ നിന്ന് പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.