ഇതിഹാസമായി അമ്മപ്പോരാട്ടം

Thursday 26 July 2018 8:11 am IST

ആ അമ്മ ചെരുപ്പില്ലാതെ നടന്നിട്ടും കാല് തേഞ്ഞില്ല. മനസും തേഞ്ഞില്ല. ഒന്നിനും തോല്‍പ്പിക്കാനാവാതെ നീണ്ട പതിമൂന്നുവര്‍ഷം ഒറ്റയ്ക്കു തന്റെ മകന് നീതിതേടിപ്പൊരുതിയ നിസ്വയായ ആ അമ്മയാണ് മൂന്നരക്കോടിവരുന്ന മലയാളിയുടെ ഇന്നത്തെ ജ്വലിക്കുന്ന പ്രതീകം. തന്റെ മകന്‍ ഉദയകുമാറിനെ ഉരുട്ടിക്കൊല ചെയ്ത പോലീസുകാര്‍ക്ക് തക്ക ശിക്ഷകിട്ടിയിട്ടുമാത്രമേ ഇനി  വിശ്രമിക്കൂ എന്ന വിശ്വാസത്തിലും ഉഗ്രശപഥത്തിലും ഉറച്ചു നിന്ന ആ അമ്മയുടെ, പ്രഭാവതി അമ്മയുടെ മുന്നില്‍ ഒടുക്കം ദൈവവും നീതിയും കണ്ണുതുറന്നു. ഒന്നുമില്ലാത്തവര്‍ക്കു നമ്മുടെ നാട്ടിലെ നിയമവും നീതിയും വിദൂരതയിലെ അലങ്കാരമാകുന്നിടത്താണ് പ്രഭാവതിയമ്മയുടെ  ഒറ്റയാള്‍പോരാട്ടം അനീതിയുടെ കോട്ടക്കൊത്തളങ്ങളെ വിറപ്പിച്ച് നേടിയ നീതിയുടെ വിജയം ഇതിഹാസമാകുന്നത്. 

അന്നൊരു ഓണക്കാലത്ത് ഉദയകുമാറിന്റെ ഉരുട്ടിക്കൊല. ഇന്ന് മറ്റൊരു ഓണക്കാലം അടുത്തുവരുമ്പോള്‍ അതിനെതിരെ വിധി.  രണ്ടിനുമിടയില്‍ ഉദയകുമാറിന്റെ മരണവിലാപത്തിന്റെ മരവിപ്പും  പ്രഭാവതിയമ്മയുടെ  പോരാട്ടത്തിന്റെ തീച്ചൂടുമായി പതിമൂന്നു വര്‍ഷം. മോഷണ കേസില്‍ പ്രതിയായിരുന്ന ആളുമായി സംസാരിക്കുന്നതിനിടയില്‍ പോലീസ് പിടികൂടിയ ഉദയകുമാറിന്റെ പോക്കറ്റില്‍ അമ്മയ്ക്കും തനിക്കും ഓണക്കോടി വാങ്ങാനുള്ള നാലായിരത്തി ഇരുപതു രൂപയുണ്ടായിരുന്നു. അത് പോലീസുകാരെടുത്തു. ആ പണം തിരികെ ചോദിച്ചതിനാണ് ഉരുട്ടിക്കൊന്നത്. അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊല എന്ന പ്രാകൃതകൊല ഇന്നത്തെക്കാലത്തും അതിനെക്കാള്‍ പ്രാചീനമായി നിലനില്‍ക്കുന്നുവെന്നതാണ് സത്യം. ഉദയകുമാര്‍ ഉരുട്ടിക്കൊല്ലപ്പെട്ടതും മറ്റും ഭയാനകമായൊരു കഥപോലെ കേരളത്തിന്റെ മനസിലുണ്ട്. അതിന് ഓര്‍മയില്‍ തേയ്മാനം സംഭവിച്ചിട്ടില്ല. ഇപ്പോഴത്  ഓര്‍മയിലേക്കു കൂടുതല്‍ തെളിഞ്ഞുവരും. 

കൊലയാളിപ്പോലീസുകാരില്‍ ഒരാള്‍ നേരത്തെ മരിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ഒന്നാം പ്രതിക്കും രണ്ടാംപ്രതിക്കും തൂക്കുകയര്‍. ശേഷിച്ചവര്‍ക്ക് മൂന്നുവര്‍ഷം ജയില്‍വാസം. സര്‍വീസിലിരിക്കെ പോലീസുകാരെ വധശിക്ഷയ്ക്കു വിധിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ഇതില്‍ നിന്നും നമ്മുടെ പോലീസ് നല്ല പാഠങ്ങള്‍ പഠിക്കുമെന്ന് ആരും കരുതുന്നില്ല. ഉന്നത ബിരുദങ്ങളുള്ള അനേകര്‍ കേരളാപോലീസിലുണ്ടെങ്കിലും  ഇന്ത്യയിലെ തന്നെ മോശം പോലീസായി മാറുകയാണ് സംസ്‌ക്കാര സമ്പന്നമായ കേരളത്തിലെ പോലീസ്. പോലീസിന് എന്തും ചെയ്യാം. ചോദിക്കാനും പറയാനും ആരുമില്ലെന്നു വന്നിരിക്കുന്നു. പോലീസായാല്‍ ക്രിമിനലാകണമെന്നാണ് ചിലരുടെ ധാരണ. അല്ലെങ്കില്‍ ക്രിമിനലാണോ പോലീയാകുന്നതെന്നും സംശയം. പോലീസിനുവേണ്ട യോഗ്യത എന്താണെന്ന് ഇന്നും ആര്‍ക്കും അറിയില്ല. മനുഷ്യന്റെ ഒരു ഗുണവുംവേണ്ട,നെഞ്ചളവും കായികക്ഷമതയും മാത്രം മതി എന്ന മികവ് ക്രൂരമായ കോമഡിയാണ്.

പാര്‍ട്ടിപ്പോലീസ് മാത്രമല്ല, മതപ്പോലീസും ജാതിപ്പോലീസുമായി തീര്‍ന്നിരിക്കുന്നു പോലീസ് എന്നുമുണ്ട് ആരോപണം.  അതിനപ്പുറമാണ് മാഫിയാബന്ധം.  ആത്മാഭിമാനം പണയംവെച്ച വകുപ്പ്. നെറികെട്ട രാഷ്ട്രീയക്കാരാണ് പോലീസിനെ ചീത്തയാക്കുന്നതെന്നാണ്  പറയാറുളളത്. രാഷ്ട്രീയക്കാരെ ചീത്തയാക്കുന്ന പോലീസിനെ എന്തു പറയും. പൊതു ഖജനാവില്‍നിന്നും ശമ്പളം പറ്റുന്ന ഈ പോലീസ് ആരുടേതാണ്. എന്തായാലും ജനങ്ങളുടെയല്ല. ക്രിമിനല്‍ പോലീസിന്റെ കണക്ക് ഇന്നും  പത്രത്തിലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് ഡി ജി പി പറയുന്നത്. അങ്ങനെ  എന്തെല്ലാം ഡിജിപി പറയുന്നു. അതൊന്നും നടക്കില്ലെന്ന് കൂടുതല്‍ അറിയാവുന്നതും അദ്ദേഹത്തിനു തന്നെയാണ്.ഓരോ രാത്രിയും തന്റെ മകന്റെ നിലവിളി കേള്‍ക്കുമെന്നു പറയുന്ന പ്രഭാവതിയമ്മയ്ക്ക് ഒരുപക്ഷേ,ഇന്നെങ്കിലും ആ നിലവിളി കേള്‍ക്കാതെ ഉറങ്ങാനാവും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.