പാക് തെരഞ്ഞെടുപ്പ്: സംശയം പ്രകടിപ്പിച്ച് അമേരിക്ക

Thursday 26 July 2018 10:21 am IST
തെരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. ഫലപ്രഖ്യാപനം വൈകുന്നതിലും ആശങ്കയുണ്ട്.

വാഷിങ്‌ടണ്‍: പാക്കിസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ അമേരിക്ക സംശയം പ്രകടിപ്പിച്ചു. അമേരിക്കയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരാണ് സംശയം പ്രകടിപ്പിച്ചത്. ഇമ്രാന്‍‌ഖാന്റെ പാര്‍ട്ടിയായ തെഹ്‌രിക്-ഇ-ഇന്‍സാഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 

തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് പാക് സൈന്യം പിന്തുണ നല്‍കിയതായി ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ നിരീക്ഷിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സത്യസന്ധവുമായാണ് നടന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. 

തെരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. ഫലപ്രഖ്യാപനം വൈകുന്നതിലും ആശങ്കയുണ്ട്. സൈന്യത്തിന്റെ പിന്തുണ ഇമ്രാന്‍ ഖാനുണ്ടെന്നാണ് പറയപ്പെടുന്നത്. ബുധനാഴ്ച രാത്രി ആദ്യം ഫലം വന്നപ്പോള്‍ തന്നെ പിടിഐക്ക് അനുകൂലമായിരുന്നു. ഇതോടെ ലാഹോറില്‍ വന്‍ ആഘോഷങ്ങള്‍ തുടങ്ങി. 

272ല്‍ 122 സീറ്റ് നേടിയാണ് ഇമ്രാന്‍‌ഖാന്റെ പാര്‍ട്ടി ഒന്നാമതെത്തിയത്. 60 സീറ്റുമായി നവാസ് ഷെരീഫിന്റെ പി‌എം‌എല്‍ ആണ് രണ്ടാം സ്ഥാനത്ത്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 356 സീറ്റുമായി മൂന്നാമതെത്തി. 17 സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിലെത്തി. ഫലം പുറത്തുവന്നതോടെ തെരുവിലിറങ്ങാന്‍ പാര്‍ട്ടി അണികളോട് മുസ്ലീം ലീഗ് ആഹ്വാനം ചെയ്തു. ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണേണ്ടത് എന്നാണ് ചട്ടം. എന്നാല്‍ തങ്ങളുടെ ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കയറ്റിയില്ലെന്ന് പിപിപിയും മുസ്ലീം‌ലീഗും ആരോപിച്ചു.

സിന്ധ് പ്രവിശ്യയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പിപിപി. ഇവിടെ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിക്കുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും പിടിഐ തള്ളി. ജനം തങ്ങളെ അംഗീകരിച്ചുവെന്ന് പിടിഐ പറയുന്നു. വോട്ടെടുപ്പ് നടന്ന ബുധനാഴ്ച വ്യാപക അക്രമങ്ങളും ബോംബ് സ്‌ഫോടനങ്ങളും രാജ്യത്തുടനീളമുണ്ടായിരുന്നു. ശക്തമായ സൈനിക സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. 

നാല് ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഇത്രയും സുരക്ഷയില്‍ പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ആദ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.