ബിഹാറിൽ അഭയകേന്ദ്രത്തിലെ ലൈംഗിക പീഡനം ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു

Thursday 26 July 2018 12:09 pm IST

മുസഫര്‍പൂര്‍: ബിഹാറിലെ മുസഫര്‍പൂരില്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ 40 പെണ്‍കുട്ടികള്‍ ലൈംഗിക പീഡിനത്തിനിരയായ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് അന്വേഷണം സിബിഐക്ക് വിട്ടത്. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനും കുമാര്‍ കത്തെഴുതി.

അഭയകേന്ദ്രം ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടികളുടെ മൊഴി പുറത്തുവന്നിരുന്നു. ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഒരു പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി മര്‍ദിച്ച്‌ കൊന്ന് കത്തിച്ചുവെന്നും മൃതദേഹം അഭയകേന്ദ്രത്തിന്റെ മുറ്റത്തു തന്നെ കുഴിച്ചു മൂടിയെന്നും മൊഴിയുണ്ട്. മൊഴി പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് അഭയ കേന്ദ്രത്തിന്റെ മുറ്റം കുഴിച്ച്‌ പരിശോധന തുടങ്ങിയിരുന്നു.

അതേസമയം വൈദ്യപരിശോധനയില്‍ 16 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ അവസ്ഥ വ്യക്തമല്ല. 44 പെണ്‍കുട്ടികളാണ് കേന്ദ്രത്തില്‍ അന്തേവാസികളായുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്നവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.