മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് ആശ്വാസം: വിള ഇന്‍ഷ്വറന്‍സ് തീയതി നീട്ടി

Thursday 26 July 2018 2:53 pm IST

മുംബൈ: കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നേടുന്നതിനുള്ള അവസാന തീയതി മഹാരാഷ്ട്ര സര്‍ക്കാര്‍ നീട്ടി. 'മന്ത്രി ഭസല്‍ ഭീമ' എന്ന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്ന തീയതിയാണ് നീട്ടി നല്‍കിയത്. 

നേരത്തെ തീയതി ഇന്ന് അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഈ തീയതി ജൂലൈ 31 ആക്കി മാറ്റുകയായിരുന്നു. സെക്രട്ടറിയേറ്റില്‍ കൃഷി വകുപ്പ് വിഭാഗം സംഘടിപ്പിച്ച കർഷകരുടെ പ്രശ്‌ന പരിഹാര ചര്‍ച്ചകളില്‍ സംസാരിക്കവെ മഹാരാഷ്ട്ര മുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം അറിയിച്ചത്. 

പദ്ധതിയുടെ കാലാവധി നീട്ടിയതോടെ പരമാവധി  കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി  ഉറപ്പ് നല്‍കി. വിള ഇന്‍ഷ്വറന്‍സിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന സമയത്ത് പ്രാദേശിക ഭരണകൂടം കര്‍ഷകരെ സഹായിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്‌നവീസ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കളക്ടര്‍മാര്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും സഹായം ആവശ്യമാണെങ്കില്‍ ഉടന്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചര്‍ച്ചയില്‍ മഹാരാഷ്ട്ര റവന്യൂ വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍, കൃഷി വകുപ്പ് മന്ത്രി സദാഭായി ഖോട്ട്  എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി. ഇതിന് പുറമെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ കളക്ടറുമാരുമായി അദ്ദേഹം  ചര്‍ച്ച നടത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.