മാഗ്‌സെസെ അവാര്‍ഡ് ജേതാക്കളില്‍ രണ്ട് ഇന്ത്യക്കാരും

Thursday 26 July 2018 4:34 pm IST

മനില:  ഈ  വര്‍ഷത്തെ റമൊണ്‍ മാഗ്‌സെസെ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാരും. ഡോ. ഭരത് വാത്‌വാനി, സോനം വാങ്ങ്ചുക് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. തെരുവില്‍ അലയുന്ന ആയിരക്കണക്കിന് മനോരോഗികളെ കണ്ടെത്തി ചികിത്സ നല്‍കിയ ശേഷം  കുടുംബങ്ങളിലേക്ക് തിരിച്ചയക്കുന്ന സേവന പ്രവര്‍ത്തനങ്ങളാണ് വാത്‌വാനിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.  പ്രകൃതി, സംസ്‌ക്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ  സംഭാവനകള്‍ മാനിച്ചാണ് സോനം വാങ്ങ്ചുകിന് അവാര്‍ഡ് നല്‍കുന്നത്.  

തെരുവില്‍ അലയുന്ന മനോരോഗികളെ കണ്ടെത്തി തങ്ങളുടെ ക്ലിനിക്കിലെത്തിച്ച് ചികിത്സ നല്‍കിക്കൊണ്ടാണ് വാത്‌വാനിയും  ഭാര്യയും  സേവനപ്രവര്‍ത്തനങ്ങളള്‍ക്കു തുടക്കമിട്ടത്. ഇതിന്റെ തുടര്‍ച്ചയായി രൂപീകരിച്ചതാണ് ശ്രദ്ധ റീഹാബിലിറ്റേഷന്‍ ഫൗണ്ടേഷന്‍. ഇവിടെ രോഗികള്‍ക്ക് ചികിത്സയും ഭക്ഷണവും താമസവും ചികിത്സയും സൗജന്യമാണ്.

അസുഖം ഭേദമാകുന്ന മുറയ്ക്ക് അവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കും.' ശ്രദ്ധ'യുടെ  സേവനങ്ങള്‍ക്ക് പോലീസിന്റേയും സന്നദ്ധപ്രവര്‍ത്തകരുടേയും പിന്തുണയുമുണ്ട്. ലഡാക്ക് ആസ്ഥാനമായുള്ള സ്റ്റുഡന്റ്‌സ് എഡ്യുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ മൂവ്‌മെന്റിന്റെ സ്ഥാപകനാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ വാങ്ങ്ചുക്. സര്‍ക്കാര്‍ പരീക്ഷകളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. 

കംബോഡിയന്‍ വംശഹത്യയെ അതിജീവിച്ച ഒരു വ്യക്തിയും അവാര്‍ഡ് ജേതാക്കളുടെ പട്ടികയിലുണ്ട്. കംപൂച്ചിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുയായികളായ ഖമര്‍ റൗജിന്റെ പീഡനങ്ങള്‍ ഡോക്യുമെന്ററിയാക്കുന്നതിന് നല്‍കിയ സഹകരണങ്ങള്‍ക്കാണ് അവാര്‍ഡ്. കമ്മ്യൂണിസ്റ്റ് കലാപകാരികളുമായി നടത്തിയ സമാധാനശ്രമങ്ങളുടെ പേരില്‍ ഒരു ഫിലിപ്പെന്‍കാരനും, ദിവ്യാംഗരോടുള്ള വിവേചനത്തിനെതിരെ പോരാടുന്ന പോളിയോ ബാധിതനായ ഒരു വിയറ്റ്‌നാംകാരനും അവാര്‍ഡ് പാികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 

ഫിലിപ്പെന്‍ പ്രസിഡന്റായിരുന്ന റമോണ്‍ മാഗ്‌സെസെയുടെ സ്മരണയ്ക്കായ് ഏര്‍പ്പെടുത്തിയതാണ്  ഏഷ്യയുടെ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന മാഗ്‌സെസെ അവാര്‍ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.