നാരായണായ നമോ നാരായണായ നമഃ

Friday 27 July 2018 1:05 am IST

പ്രപഞ്ചത്തിലുള്ള മറ്റു പദാര്‍ത്ഥങ്ങളെ അറിയുംപോലെയല്ല രാമനെ അറിയേണ്ടത്. ആര്‍ക്കും സുപരിചിതമായ അറിവെന്ന ഒരേയൊരു പദംകൊണ്ടാണു പറയപ്പെടുന്നതെങ്കിലും മനുഷ്യന്‍ മൃഗപക്ഷികള്‍ ജഡപദാര്‍ത്ഥങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അറിവും രാമനെപ്പറ്റിയുള്ള അറിവും ഭിന്നമാണെന്നറിയണം. ശ്രീരാമനൊഴികെയുള്ള അറിവുകളെല്ലാം ത്രിപുടിയോടുകൂടിയതും രാമനെപ്പറ്റിയുള്ള പൂര്‍ണമായ അറിവ് ത്രിപുടിരഹിതവുമാണെന്നതാണ് അതിനു ഹേതു. അറിയുന്നവന്‍, അറിവിനു വിഷയമായ വസ്തു, അറിവ് ഇവയ്ക്കാണു ത്രിപുടി എന്നുപറയുന്നത്. ആനയെക്കുറിച്ച് നാമറിയുമ്പോള്‍ അറിയുന്നവരായ നാമും അറിവിനു വിഷയമായ ആനയും   ആ മൃഗത്തെപ്പറ്റി നമ്മുടെ അറിവും പരസ്പരം തൊടാതെ വേറേ വേറെയായിത്തന്നെ ഇരിക്കുന്നു. ഈ ലോകത്തില്‍ എന്തിനെക്കുറിച്ച് പഠിച്ചാലും അറിവ് ത്രിപുടീസഹിതമായിരിക്കും.

എന്നാല്‍ ശ്രീരാമനെ അറിയേണ്ടത് അങ്ങനെയല്ല. അവിടെ ത്രിപുടി അസ്തമിക്കുന്നു. അറിയുന്നവന്‍ അറിവിനു വിഷയമായ ശ്രീരാമന്‍, അദ്ദേഹത്തെപ്പറ്റിയുള്ള അറിവ് ഇവ മൂന്നും വെവ്വേറെ നില്‍ക്കാതെ ഒന്നായിത്തീരുന്ന അവസ്ഥയാണത്. അപ്പോള്‍ മാത്രമാണ് ശ്രീരാമനെപ്പറ്റിയുള്ള അറിവ് പൂര്‍ണ്ണമാകുന്നത്. പ്രത്യക്ഷാനുഭൂതിയെന്ന് നേരത്തേ പറഞ്ഞിട്ടുള്ളത് ഈവിധമായ അറിവിനെപ്പറ്റിയാകുന്നു. അതു കൈവരിക്കാന്‍ സാധകനെ സജ്ജമാക്കുന്നതിനുള്ള പദ്ധതികളാണ് ഭക്തി, ജ്ഞാനം, രാജയോഗം, കര്‍മ്മം തുടങ്ങിയ യോഗങ്ങള്‍. യോഗശബ്ദത്തിന് ചേര്‍ച്ചയെന്നര്‍ത്ഥം. സാധകനും ശ്രീരാമനും രണ്ടല്ലാതായിത്തീരുന്ന അവസ്ഥ. അതാണ് അദ്വൈതാനുഭവം. അങ്ങനെ യോഗമെന്ന പദത്തില്‍ പോലും ത്രിപുടീരഹിതമായ ജ്ഞാനമാകണം ശ്രീരാമാനുഭവം എന്ന തത്ത്വം കിടപ്പുണ്ട്. അദ്ധ്യാത്മ രാമായണത്തില്‍ ഈ പറഞ്ഞ യോഗ പദ്ധതികളെല്ലാം അടങ്ങിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവുടെ മനസ്സിനിണങ്ങുന്ന മാര്‍ഗ്ഗം തെരഞ്ഞെടുക്കാം.

അഹന്താനിരാസമാണ് ത്രിപുടീരഹിതമായ അറിവുനേടാന്‍ ആദ്യമായി വേണ്ടത്. ഞാന്‍ വേറെ ഞാന്‍ വേറെ എന്ന സങ്കല്‍പമാണ് അഹന്ത. ഉണ്മയില്‍ നാമെല്ലാം പരമാത്മസ്വരൂപനായ രാമന്‍ തന്നെയാകുന്നു. അത് അറിയായ്കകൊണ്ടും ഓര്‍മ്മിക്കായ്കകൊണ്ടും അഹന്ത നമ്മെ പിടികൂടുന്നു. പലപ്പോഴും പരമാത്മാവ് അല്ലെങ്കില്‍ ഈശ്വരന്‍ എന്നൊന്നുണ്ടോ എന്നു സംശയിക്കുന്ന അവസ്ഥയിലേക്കും ഈശ്വരനില്ല എന്നു ശഠിക്കുന്ന അവസ്ഥയിലേക്കും ഞാന്‍ നിരീശ്വരവാദിയാണെന്ന് അഭിമാനിക്കുന്ന മാനസികാവസ്ഥയിലേക്കും അഹന്ത വളരുന്നു. ശ്രീരാമനില്‍ നിന്ന് അന്യനായിതന്നെ കാണുന്നതോടൊപ്പം ഈ ലോകത്തിലുള്ള മറ്റു ജീവജാലങ്ങളില്‍നിന്നും ജീവനില്ലാത്ത പദാര്‍ത്ഥങ്ങളില്‍ നിന്നും വേറെയാണു താനെന്നും കരുതിപ്പോകുന്നു. അതും അഹന്ത തന്നെ. സ്വന്തം സുഖത്തിനും സ്ഥാനമാനങ്ങള്‍ക്കും സമ്പത്തിന്റെയും അധികാരത്തിന്റെയും ലാഭത്തിനും അവയെയെല്ലാം ഉപകരണമാക്കാന്‍ തോന്നുന്നത് അഹന്തയുടെ ആധിക്യത്തെ കാണിക്കുന്നു. സ്വാര്‍ത്ഥ സങ്കല്‍പങ്ങളെല്ലാം അഹന്തയുടെ സന്തതികളാണ്. അതു വളര്‍ന്നു പര്‍വതാകാരമായാല്‍ രാവണത്വംവരെ എത്തിച്ചേരും. കലഹങ്ങളും കാമക്രോധാദികളുമെല്ലാം അഹന്തയുടെ പരിണതഫലമാണ്. അഹന്തയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഓരോരുത്തരുടെയും പ്രപഞ്ച പ്രതികരണങ്ങള്‍ രൂപപ്പെടുന്നു.

അഹന്തയുടെ നേരിയ അംശമെങ്കിലും ഹൃദയത്തില്‍ അവശേഷിച്ചിരുന്നപ്പോളും എല്ലാം ലയിച്ചടങ്ങി  ഒന്നായിത്തീരുന്ന ത്രിപുടീരഹിതമായ അറിവ് ഉണ്ടാവുകയില്ല. അതിനാല്‍ ശ്രീരാമനെ നമ്മില്‍ നിന്നു വേറെയാക്കി കാണിക്കുന്ന അഹന്ത ദൂരീകൃതമാവുക തന്നെ വേണം. മാറ്റം സംഭവിക്കേണ്ടതു വെളിയിലല്ല; മറിച്ച് നമ്മുടെ തന്നെ ഹൃദയത്തിലാണ്. അതാണു ശരിയായ മാറ്റം. ചിതല്‍പുറ്റില്‍ പോലും ചിദാനന്ദരൂപത്തെ കണ്ടെത്താന്‍ അപ്പോഴാകും. ജീവനുള്ളതും ജീവനില്ലാത്തതുമായി അതേവരെ ധരിച്ചുവച്ചിരുന്ന സമസ്ത ചരാചരങ്ങളും ഒന്നായി, ശ്രീരാമനായി  വിളങ്ങുന്നത് അപ്പോള്‍ അനുഭവവേദ്യമാകും. കടലിന്റെ ആഴമളക്കാന്‍ പോയ ഉപ്പുപാവ ലയിച്ചു കടലായി മാറിയതുപോലെ ( ശ്രീരാമകൃഷ്ണ ദേവന്‍ നല്‍കിയ ഉദാഹരണം) നാമും ശ്രീരാമനി

ല്‍ ലയിച്ച് രാമനായി തെളിയുന്ന അനുഭവം അപ്പോഴുണ്ടാകും. ഇതാണ് ത്രിപുടി രഹിതമായ അറിവ്. ഇങ്ങനെയാണ് ശ്രീരാമനെ അറിയേണ്ടത്. അതില്‍ അറിയുന്നവനും അറിയപ്പെടുന്നവനുമായ ശ്രീരാമനും അദ്ദേഹത്തെ പറ്റിയുള്ള അറിവും ഒന്നായിപ്പോയിരിക്കുന്നു. ഇതാണ് അദ്വൈതാനുഭവം.

അഹന്താനിരാസത്തിനായി സാധകരായ നമ്മുടെ ഹൃദയത്തെ സജ്ജമാക്കാന്‍ അദ്ധ്യാത്മരാമായണം തയ്യാറാക്കിവച്ചിട്ടുള്ള കര്‍മ്മ പദ്ധതികളില്‍ ഒന്നാണ് നമസ്‌കാരം. ഇത് എന്റേതല്ല എന്റേതല്ല എന്ന് നിരസിച്ച് സര്‍വ്വവും ഭഗവല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്ന പ്രവര്‍ത്തിയാണത്. ഇദം ന മമ ഇദം ന മമ എന്ന് വൈദികമന്ത്രങ്ങളില്‍ അത് ആവര്‍ത്തിക്കപ്പെടുന്നു. ശരീരമനോബുദ്ധികള്‍ ഉള്‍പ്പടെ അതേവരെ തന്റേതെന്ന് കരുതിയിരുന്ന സകലതിന്റേയും സമര്‍പ്പണമാണത്. 

ഉപ്പുപാവ കടലില്‍ ലയിക്കും വിധം തന്റേതായിട്ടുള്ളതെല്ലാം ഭഗവാനില്‍ ലയിക്കുന്നതോടെ താനും ഭഗവാനില്‍ ലയിച്ചു ഭഗവാനായിത്തീരുന്നു. ആരാണ് ഭഗവാന്‍? ശ്രീനാരായണന്‍. നാരങ്ങളില്‍ അയനം ചെയ്യുന്നവനെന്നര്‍ത്ഥം. ഈലോകത്തു കാണപ്പെടുന്ന ജീവനുള്ളതും ജീവനില്ലാത്തതുമായ പദാര്‍ത്ഥങ്ങളാണു നാരങ്ങള്‍. അവയുടെ ഉള്ളില്‍ വസിക്കുന്നവന്‍ നാരായണന്‍. അവനായിക്കൊണ്ടാണ് തന്റേതായ സമസ്തവും സമര്‍പ്പിച്ച് അഹന്തയില്‍ നിന്നു മുക്തി നേടുന്നത്. ഒരൊറ്റ നാള്‍ കൊണ്ടു കൈവരിക്കാവുന്ന ലക്ഷ്യമല്ലിത്. നിരന്തരമായ ആവര്‍ത്തനം ഇതിനുവേണം. അങ്ങനെ മാത്രമേ മനസ്സിനു പാകം വരുകയുള്ളൂ. അതിനാല്‍ രാമായണത്തിലങ്ങോളമിങ്ങോളം ഭഗവല്‍പാദങ്ങളില്‍ നമസ്‌കരിക്കുന്നതിന്റെ നിരന്തരാവര്‍ത്തനം കാണാം. നാരായണനായ ശ്രീരാമചന്ദ്രന് ജയ ജയ പാടുന്നതും ഇതിനുവേണ്ടിയാകുന്നു. ഭഗവാന്‍ എന്റെ ഹൃദയത്തിനുള്ളില്‍ വിളങ്ങിനില്‍ക്കണമെന്ന പ്രാര്‍ത്ഥനയാണത്. ശ്രദ്ധയോടുകൂടി അധ്യാത്മരാമായണം വായിക്കുന്നവര്‍ക്ക് ഇതെല്ലാം ചേര്‍ന്നു ശ്രീരാമന്റെ പ്രത്യക്ഷാനുഭൂതിയുണ്ടാക്കും. ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ അതിന്റെ സുവ്യക്തമായ ഉദാഹരണമാകുന്നു.

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.