എതിര്‍പ്പ്; അസഹിഷ്ണുത; ഫാസിസം

Friday 27 July 2018 1:10 am IST
ദേശീയ ചലച്ചിത്രപുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ആളുകളുണ്ടായിരുന്നു. കലാകാരന്മാരും സിനിമാക്കാരും ബിജെപി സര്‍ക്കാരിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അസഹിഷ്ണുത മാത്രമായിരുന്നു അവരുടെ വികാരം. നിവേദനം നല്‍കലും ബഹിഷ്‌കരണ തീരുമാനവുമെല്ലാം വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കി. അതേ രീതിയില്‍ തന്നെയാണ് മോഹന്‍ലാലിനെതിരായ നീക്കവും ഉണ്ടായത്.

''സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമാണ്. അതെങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കുന്നതും സര്‍ക്കാരാണ്....'' സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിനെ വിവാദത്തിലാക്കി കേരളത്തില്‍ നിന്നുള്ള ചില സിനിമാക്കാര്‍ രംഗത്തു വന്നപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നില്ല. ദേശീയ പുരസ്‌കാരം നേടിയ കുറച്ചു പേര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍, അത് സ്വീകരിക്കാതെ ബഹിഷ്‌കരിച്ച് പുറത്തുപോയി കേന്ദ്രസര്‍ക്കാരിനെതിരെ ആക്രോശിച്ചവര്‍ക്കൊപ്പമായിരുന്നു ബി. ഉണ്ണികൃഷ്ണനും. ഒരേ വിഷയത്തില്‍ അദ്ദേഹത്തിന്റെ രണ്ട് തരത്തിലുള്ള നിലപാട് അവസരവാദപരവും സൗകര്യത്തിനും താല്പര്യത്തിനുമനുസരിച്ചുള്ള നാക്കുവളയ്ക്കലുമാണെന്ന് പറയാതെ വയ്യ. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമാണെന്നും അതെങ്ങനെ വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിക്കട്ടെ എന്നുമുള്ള വാദത്തെ പൂര്‍ണഅര്‍ഥത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമായതിനാല്‍ അതില്‍ ആരെയും പങ്കെടുപ്പിക്കാം എന്ന് വിചാരിക്കുന്നത് ശരിയല്ല. ആര്‍ക്കും കയറാനുള്ള വേദിയല്ല അത്. മോശം പ്രതിച്ഛായ ഉള്ളവരെ പങ്കെടുപ്പിക്കരുത്. പുരസ്‌കാര സമര്‍പ്പണ ചടങ്ങിനെപ്പറ്റി ഇപ്പോള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അനാവശ്യമായതാണെന്നതില്‍ തര്‍ക്കമില്ല. കേരളത്തിന്റെ മുഖവും അഭിമാനവുമായ മോഹന്‍ലാല്‍ ആ ചടങ്ങിന്റെ ഭാഗമാകുന്നത് പുരസ്‌കാര സമര്‍പ്പണത്തിനെ കൂടുതല്‍ ശ്രദ്ധേയമാക്കും. 

ലാലിന്റെ താരപ്പകിട്ടുമാത്രമല്ല പ്രധാനകാരണം. ദേശീയതലത്തില്‍ ശ്രദ്ധേയനായ നടനാണ് ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ച് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 

ചലച്ചിത്രാഭിനയത്തില്‍ മാത്രമല്ല അദ്ദേഹം സാന്നിധ്യവും സ്വാധീനവും പ്രകടമാക്കിയത്. നിര്‍മ്മാതാവെന്ന നിലയിലും നാടക നടനായും തിളങ്ങി. ചലച്ചിത്ര ലോകത്തിനും സംസ്‌കൃതനാടകത്തിനും നല്‍കിയ സംഭാവന മാനിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. എല്ലാറ്റിനുമുപരി മൂന്നരക്കോടിമലയാളികളുടെ മനസ്സില്‍ പതിഞ്ഞ ആകാരവും ആഗ്രഹവുമാണ് മോഹന്‍ലാല്‍. ഇത്രയൊക്കെ മതി, ചലച്ചിത്ര പുരസ്‌കാരസമര്‍പ്പണ രാവില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനത്തിനു പിന്തുണ നല്‍കാന്‍. കേന്ദ്രസര്‍ക്കാര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ചിലത്, ആ വകുപ്പു ഭരിക്കുന്ന മന്ത്രി നല്‍കട്ടെ എന്നു തീരുമാനിച്ചതുപോലെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകട്ടെ എന്നു തീരുമാനിക്കുന്നതില്‍ ഔചിത്യക്കുറവ് ഒട്ടുമില്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പുരസ്‌കാരജേതാക്കളായ ചിലര്‍ രംഗത്തുവന്നു ബഹിഷ്‌കരിച്ചപ്പോള്‍ ആ ചടങ്ങിന്റെ മാറ്റ് കുറഞ്ഞില്ല. പുരസ്‌കാര ജേതാക്കളുടെ മാറ്റിനാണ് കോട്ടമുണ്ടായത്. 

ബിജെപിക്കാരിയായ മന്ത്രിയില്‍ നിന്ന് പുരസ്‌കാരം വാങ്ങുന്നതിലെ എതിര്‍പ്പായിരുന്നു അന്ന് അസഹിഷ്ണുക്കളായ പുരസ്‌കാര ജേതാക്കള്‍ക്കുണ്ടായത്. പുരസ്‌കാരം രാഷ്ട്രപതി തന്നെ തരണമെന്നാവശ്യപ്പെട്ട് അവര്‍ നിവേദനം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അടുത്തകാലത്ത് ഇടതുപക്ഷക്കാരിയുമായ ഭാഗ്യലക്ഷ്മി വരെയുള്ളവര്‍  ബഹിഷ്‌കരണക്കാര്‍ക്കൊപ്പം ചേര്‍ന്ന് പ്രസ്താവനയിറക്കി. കേന്ദ്ര സര്‍ക്കാരിനെ പഴി പറയാനുള്ള ആയുധമാക്കി ഉപയോഗിച്ചു. അന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നതുപോലെ ഇന്നിപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ബി. ഉണ്ണികൃഷ്ണനും ഭാഗ്യലക്ഷ്മിയും ബഹിഷ്‌കരണക്കാര്‍ക്കൊപ്പം അന്ന് നിന്നത് തെറ്റായിപ്പോയെന്ന് പറയാനുള്ള ആര്‍ജ്ജവം കാട്ടണം. ദേശീയപുരസ്‌കാരം ബഹിഷ്‌കരിച്ചവരെ പുകഴ്ത്തിപ്പറഞ്ഞയാളാണ് പ്രഖ്യാപിത നരേന്ദ്രമോദി വിരുദ്ധനും കേരളാചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. എന്നാല്‍ ഇവിടെ അദ്ദേഹവും ലാലിനെ പങ്കെടുപ്പിക്കണമെന്ന് പരസ്യപ്രസ്താവനയിറക്കി. 

ദേശീയ ചലച്ചിത്രപുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ആളുകളുണ്ടായിരുന്നു. കലാകാരന്മാരും സിനിമാക്കാരും ബിജെപി സര്‍ക്കാരിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അസഹിഷ്ണുത മാത്രമായിരുന്നു അവരുടെ വികാരം. നിവേദനം നല്‍കലും ബഹിഷ്‌കരണ തീരുമാനവുമെല്ലാം വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കി. അതേ രീതിയില്‍ തന്നെയാണ് മോഹന്‍ലാലിനെതിരായ നീക്കവും ഉണ്ടായത്. അതിനൊരു ഫാസിസ്റ്റ് ശൈലിയുണ്ടായിരുന്നു. സ്ത്രീപക്ഷവാദവും ദളിത് വാദവുമെല്ലാം ഉയര്‍ത്തിക്കാട്ടിയവര്‍ മലയാള സിനിമാ രംഗത്ത് ചേരിതിരിവ് സൃഷ്ടിച്ച് അസ്വസ്ഥത പടര്‍ത്താനാണ് ശ്രമിച്ചത്. 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് മുഖ്യാതിഥി വേണ്ട എന്നാവശ്യപ്പെട്ട് 105 പേരുടെ ഒപ്പിട്ട് സര്‍ക്കാരിനവര്‍ നിവേദനം നല്‍കി. മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വന്നശേഷമായിരുന്നു ഇത്. വീട്ടിലേക്കുള്ള വഴി, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ഡോ.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു മോഹന്‍ലാലിനെതിരായ നീക്കങ്ങള്‍. ലാലിന്റെ സിനിമകള്‍  സ്ത്രീവിരുദ്ധവും സവര്‍ണാധിപത്യത്തെ പ്രതിനിധീകരിക്കുന്നതുമാണെന്നവര്‍ പ്രചരിപ്പിച്ചു. 

മുമ്പ് അടൂര്‍ഗോപാലകൃഷ്ണനെതിരെ വികലവാദങ്ങളുയര്‍ത്തി വിവാദം സൃഷ്ടിച്ച ശൈലിയായിരുന്നു ഇവിടെയും സ്വീകരിച്ചത്. മോഹന്‍ലാല്‍,  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍നായരുടെ മകനായി ജനിക്കേണ്ടിവന്നതും വലിയ കുറ്റമായി അവതരിപ്പിക്കപ്പെട്ടു. ലാല്‍ അഭിനയിച്ച പല ചിത്രങ്ങളും ദേശീയവികാരങ്ങളെ പ്രചോദിപ്പിക്കുന്നതായിരുന്നു. അതും എതിര്‍ക്കുന്നവര്‍ക്ക് കരടായിമാറിയിട്ടുണ്ടാകാം. വിവാദം സൃഷ്ടിച്ചവരുടെ ഉദ്ദേശ്യം ഗൂഢവും കുറ്റകരവുമാണെന്ന് പറയാതെ വയ്യ. ലാലിനോടുള്ള ചിലരുടെ വ്യക്തിവിരോധം തീര്‍ക്കുന്നതിനായി അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടന്നത്.  

ചലച്ചിത്രപുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ മുഖ്യാതിഥി വേണ്ട എന്നാവശ്യപ്പെട്ട് 105 പേര്‍ ഒപ്പിട്ട് സര്‍ക്കാരിനു നല്‍കിയ നിവേദനത്തിലെ ആദ്യ ഒപ്പുകാരന്‍, തമിഴ്‌നടന്‍ പ്രകാശ്‌രാജ് തന്നെ താന്‍ അത്തരത്തിലാര്‍ക്കും ഒപ്പിട്ടു നല്‍കിയില്ലെന്ന് പറഞ്ഞതോടെ ലാലിനെതിരായ ഗൂഢാലോചന വെളിപ്പെട്ടു. പ്രകാശ്‌രാജിന് പിന്നാലെ മറ്റു ചിലരും തങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ലാലിനെ പിന്തുണച്ചപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒപ്പിട്ടു നല്‍കിയവരുടെ കൂട്ടത്തില്‍ വി.കെ. ജോസഫിനെപോലുള്ള ചലച്ചിത്ര അക്കാദമി അംഗങ്ങളുമുണ്ട്. 

സച്ചിദാനന്ദനും വെങ്കിടേഷ് രാമകൃഷ്ണനും കെ.ഇ.എന്‍. കുഞ്ഞഹമ്മദും, ഭാസുരേന്ദ്രബാബുവും, സി.എസ്. വെങ്കിടേശ്വരനും, കരിവെള്ളൂര്‍മുരളിയും, സുഷ്‌മേഷ്ചന്ദ്രോത്തും ,അന്‍വര്‍അലിയും തുടങ്ങി അറിയാവുന്നവരും ആരും അറിയാത്തവരും വരെ ഒപ്പിട്ട 105 പേരില്‍ പെടുന്നു. സിപിഎമ്മുകാരും നക്‌സലൈറ്റുകളും പോപ്പുലര്‍ഫ്രണ്ടുകാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. എല്ലാവര്‍ക്കും ഒറ്റ അജണ്ട. മോഹന്‍ലാല്‍ സവര്‍ണമുഖമാണ്, എതിര്‍ക്കണം. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് ചോരകുടിക്കുന്ന അതേ ശൈലിയാണ് അവര്‍ സിനിമയ്ക്കുള്ളിലും സ്വീകരിക്കാന്‍ ശ്രമിച്ചത്. 

കോടികളുടെ വലിയ വ്യവസായമാണ് മലയാള സിനിമ. അതിനെ നല്ലനിലയില്‍ നിലനിര്‍ത്തുന്നതില്‍ മോഹന്‍ലാല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലാല്‍ ഉള്‍പ്പടെയുള്ളവര്‍ അഭിനയിച്ച 'ക്രൗഡ് പുള്ളറുകളാണ്' ആ വ്യവസായത്തിന്റെ നിലനില്‍പ്പിനാധാരം. ഡോ.ബിജുവിനെ പോലുള്ളവരുടെ ചലച്ചിത്രങ്ങള്‍ തിരിവെളിച്ചമായി മുനിഞ്ഞു കത്തുമ്പോള്‍ സിനിമാവ്യവസായത്തിന് ഊര്‍ജ്ജം പകരുന്ന വലിയ പ്രകാശമാകുകയാണ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ വാണിജ്യസിനിമകള്‍. ആ തിരിച്ചറിവാണ് കേരളത്തിലെ സിനിമാസംഘടനകളെ മോഹന്‍ലാലിനൊപ്പം നിര്‍ത്തുന്നത്. സര്‍ക്കാര്‍ ലാലിനെ പുരസ്‌കാരസമര്‍പ്പണ ചടങ്ങിലേക്ക് ക്ഷണിച്ചതും ചലച്ചിത്ര നിര്‍ണ്ണയ ജൂറി അംഗമായ ഡോ.ബിജുവിന് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി തീരുമാനിക്കേണ്ടി വന്നതും അക്കാരണത്താലാണ്. ഇവിടെ സിനിമ മാത്രമേയുള്ളു. ജാതിയും മതവും പക്ഷവും വര്‍ണ്ണവുമില്ല. നല്ല സിനിമ ജനങ്ങളേറ്റെടുക്കും. നല്ല പ്രതിഭകളെയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.