വാട്‌സ്ആപ്പ് ഹര്‍ത്താല്‍: കേന്ദ്രം അന്വേഷണം തുടങ്ങി

Friday 27 July 2018 1:18 am IST

ന്യുദല്‍ഹി: കേരളത്തില്‍ നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് വി. മുരളീധരന്‍ എംപി. ശക്തമായ ഹര്‍ത്താല്‍ ആഹ്വാനമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടന്നതെന്നും ആസൂത്രിതവും സംഘടിതവുമായ ഇത്തരം  പ്രവൃത്തികള്‍ അന്വേഷിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഐടി-ഇലക്ട്രോണിക്‌സ്  മന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടിയില്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ശ്രദ്ധക്ഷണിക്കല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍. രാജ്യസഭാംഗമായ ശേഷം വി. മുരളീധരന്റെ സഭയിലെ ആദ്യ ഇടപെടലാണ്.

 വിദേശകാര്യ മന്ത്രിയും റെയില്‍വെ മന്ത്രിയും  ജനോപകാര പ്രദമായാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പലരും അഭ്യൂഹങ്ങള്‍ പരത്താനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുകയാണ്. ഏപ്രില്‍ 16ന് കേരളത്തില്‍ നടന്ന ഹര്‍ത്താല്‍  മികച്ച ഉദാഹരണമാണ്. രാജ്യത്തു തന്നെ ഇത്ര  സംഘടിത രൂപത്തില്‍ ഹര്‍ത്താല്‍ നടന്നിട്ടില്ല. ഇതേപ്പറ്റി അന്വേഷിക്കേണ്ടതുണ്ട്, വി. മുരളീധരന്‍ ആവശ്യപ്പെട്ടു. 

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും എന്നാല്‍ പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും അവര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളില്‍ ഉത്തരവാദിത്വം ഉള്ളതുപോലെ സമൂഹ മാധ്യമങ്ങള്‍ക്കും ഉണ്ടാവേണ്ടതാണെന്നും രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.