ഐജി ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് അക്രമം : ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്ക് അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്നാംമുറ

Thursday 26 July 2018 10:37 pm IST

 

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ 'എഴുതാനല്ല പൊരുതാനാണ് തീരുമാനമെന്ന' മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ജില്ലാ കമ്മറ്റി ഇന്നലെ നടത്തിയ കണ്ണൂര്‍ ഐജി ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് അക്രമം. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദ് വധക്കേസ് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ മുഴുവന്‍ കൊലപാതകക്കേസുകളും എന്‍ഐഎ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഡിവൈഎസ്പി ഓഫീസിനു സമീപം പോലീസ് തടഞ്ഞു. 

സമാധാനപരമായി നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ഉദ്ഘാടനത്തിന് ശേഷം യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും അതി ക്രൂരമായ അക്രമം അഴിച്ചുവിടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് പോലീസ് വാഹനങ്ങളില്‍ കയറ്റുന്നതിനിടെ പ്രവര്‍ത്തകരെ ലാത്തികൊണ്ട് അടിയ്ക്കുകയും നാഭിക്ക് ചവിട്ടുകയും ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്തു. മൂന്നാംമുറയ്ക്ക് സമാനമായ മര്‍ദ്ദനമാണ് പോലീസ് അഴിച്ചുവിട്ടത്. 16 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കളളക്കേസെടുക്കുകയും ചെയ്തു. മാര്‍ച്ചിനെ തടയാനായി അഞ്ഞൂറോളം വരുന്ന പോലീസ് സേനയേയാണ് ഐജി ഓഫീസ് പരിസരത്ത് സജ്ജമാക്കി നിര്‍ത്തിയത്. വളരെ ആസൂത്രിതമായി സിപിഎം അനുകൂലികളായ പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമാണ് സമരക്കാരെ നേരിട്ടതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരങ്ങളെ നികൃഷ്ടമായ രീതിയില്‍ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 

ഡിവൈഎസ്പിമാരായ പി.പി.സദാനന്ദന്‍, വേണുഗോപാല്‍, ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി തുടങ്ങിയവരുടെ നേത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, പ്രജീഷ് എടയന്നൂര്‍, ദീപു, അജേഷ് നടുവനാട് എന്നിവരെ പോലീസ് വാഹനത്തില്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 

 മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. ശ്യാമപ്രസാദ് വധക്കേസില്‍ എട്ട് പ്രതികള്‍ കൂടിയുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തത് പോലീസും-സിപിമ്മും-പോപ്പുലര്‍ഫ്രണ്ട് നേതൃത്വവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതികളായ പോപ്പുലര്‍ഫ്രണ്ടുകാരെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത പോലീസ് ജനകീയ സമരം നടത്തുന്ന യുവജനങ്ങളെ അക്രമിക്കാന്‍ തയ്യാറാകുന്നത് നിന്ദ്യമാണ്. ശ്യാമപ്രസാദിന്റെയും അഭിമന്യുവിന്റെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് തെളിഞ്ഞിട്ടും യുഎപിഎ ചുമത്താന്‍ പോലീസ് തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ശ്യാമപ്രസാദ് വധത്തിലെ മുഴുവന്‍ പ്രതികളേയും പിടികൂടുന്നതുവരെ യുവമോര്‍ച്ച പോരാട്ടം തുടരും. സ്വന്തം പാര്‍ട്ടിക്കാരനെ കൊലപ്പെടുത്തിയവരെപ്പോലും പിടികൂടാന്‍ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായിയുടെ പോലീസ് എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

 ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജേഷ് നടുവനാട് എന്നിവര്‍ പ്രസംഗിച്ചു. ബിജു ഏളക്കുഴി, കെ.പി.അരുണ്‍, സി.സി.രതീഷ്, അജേഷ് നടുവനാട്, ബിജു കൊയ്യം, ജിയേഷ്, ജിതിന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ കെ.ഉദേഷ്, വി.വി.സജിത, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.