അഭിമന്യു വധം: രണ്ടാം പ്രതി തലശ്ശേരി സ്വദേശിയുടെ അറസ്റ്റ് : അന്വേഷണം ജില്ലയിലേക്കും

Thursday 26 July 2018 10:38 pm IST

 

തലശ്ശേരി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ അരുംകൊല ചെയ്ത കേസില്‍ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും രണ്ടാം പ്രതിയുമായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയിലായതോടെ കേസ് സംബന്ധിച്ച അന്വേഷണം ജില്ലയിലേക്കും. കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് കേസില്‍ ബന്ധമുണ്ടോയെന്ന അന്വേഷണമാണ് പ്രധാനമായും അന്വേഷണസംഘം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലും അഭിമന്യു വധക്കേസ് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. അഭിമന്യു വധത്തിലെ പ്രതിയായ മുഹമ്മദ് റിഫയെ ഇന്നലെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. മട്ടന്നൂര്‍ ശിവപുരം വെമ്പടിതട്ടിലാണ് ഇയാളുടെ വീട്. നീര്‍വ്വേലി സ്വദേശിയായിരുന്ന ഇയാള്‍ കുറച്ച് കാലമായി വെമ്പടിത്തട്ടിലേക്ക് വീട് വച്ച് താമസം തുടങ്ങിയിട്ട്. പൂത്തോട്ട ലോ കോളേജ് വിദ്യാര്‍ഥിയായ റിഫ കൊലപാതകത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. കാമ്പസ്സിലേക്ക് കൊലയാളികളെ വിളിച്ചുവരുത്തിയ സംഘത്തിലുണ്ടായിരുന്നവരില്‍ പ്രധാനിയാണ് മുഹമ്മദ് റിഫയെന്നും കൊലയാളി സംഘത്തിന്റെ ഏകോപനച്ചുമതല ഇയാള്‍ക്കായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.

ഇപ്പോള്‍ എറണാകുളം പുന്നോട്ടെ എസ്എന്‍ കോളേജിലെ നിയമ വിദ്യാര്‍ത്ഥിയാണ് റിഫ. ചിറ്റാരിപറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ ക്യാപസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്ഥാനത്തെ ഏതാണ്ടെല്ലാ വിദ്യാലയങ്ങളിലും ക്യാംപസ് ഫ്രണ്ടിനെ എത്തിക്കാന്‍ മുഖ്യസംഘാടകനായി. ഇപ്പോള്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്. 

 കഴിഞ്ഞ ദിവസം കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന പള്ളുരുത്തി സ്വദേശി സനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റിഫയുടെ അറസ്റ്റോടെ കൊലപാതകത്തിന്റെ ഗൂഢാലോചനയുടെ ചുരുള്‍ അഴിയുമെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ ജില്ലയില്‍ നിന്നുളള മറ്റാരെങ്കിലും പങ്കാളികളായിട്ടുണ്ടോയെന്ന കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. കൊലപാതകം നടന്ന് ദിവസങ്ങളായി ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചതായറിയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.