കേന്ദ്രീകൃത ഇന്ധന സംഭരണശാലകളല്ല വികേന്ദ്രീകൃത സംഭരണശാലകളാണ് വേണ്ടത്:ബിജെപി

Thursday 26 July 2018 10:38 pm IST

 

പയ്യന്നൂര്‍: വിസ്തൃതിയേറിയ എണ്ണ സംഭരണശാല പയ്യന്നൂരില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും ഇതിന് പിന്നില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.രമേശന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ പരമാവധി കൃഷിയിടങ്ങള്‍ സംരക്ഷിച്ച് കൊണ്ടാകണം. കൂടാതെ അവശ്യം നിലനിര്‍ത്തേണ്ട പരിസ്ഥിതിലോല പ്രദേശങ്ങളെ നിലനിര്‍ത്തി വേണം പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്. ഇത്രയും വലിയ പദ്ധതി വരുമ്പോള്‍ തദ്ദേശിയര്‍ക്ക് തൊഴില്‍ ലഭ്യമാക്കണം. എന്നാല്‍ പദ്ധതി പ്രദേശത്ത് തദ്ദേശീയര്‍ക്ക് തൊഴില്‍ സാദ്ധ്യതകളില്ല, മറിച്ച് നൂറു കണക്കിന് ആളുകളുടെ തൊഴിലിടങ്ങളും കൃഷിയിടങ്ങളുമാണ് നഷ്ടപ്പെടുന്നത്.

 കൂടാതെ ഇത് കേവലം ഒരു സംഭരണശാല മാത്രമാണ്. മംഗലാപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും പെട്രോളിയം വാഗണുകളില്‍ കൊണ്ടുവന്ന് കണ്ടങ്കാളിയില്‍ സംഭരിച്ച് കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയാണിത്. നിലവില്‍ 344 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. ഇതിന് കണ്ണൂര്‍, ഏലത്തൂര്‍, വെസ്റ്റ്ഹില്‍, ഫാറൂക്ക് എന്നിവിടങ്ങളിലുള്ള നിലവിലെ സംഭരണശാലകള്‍ പൊളിച്ചുമാറ്റി പയ്യന്നൂരില്‍ കൊണ്ടുവന്ന് ഇവിടെ നിന്ന് വിതരണം നടത്തുക എന്ന ഉദ്ദേശ്യം കമ്പനിയുടെ ലാഭം മാത്രം ലക്ഷ്യമാക്കിയുളള നടപടിയാണ്. ഇതിന് സാധാരണ ജനങ്ങളെ ബലിയാടാക്കുകയാണ്. പകരം കൂടുതല്‍ ജില്ലകളില്‍ ചെറിയ സംഭരണശാലകള്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

 വരും കാലങ്ങളില്‍ പുതിയ പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം പുതിയ സാങ്കേതിക വിദ്യ വളര്‍ന്നു വരുന്ന കാലഘട്ടത്തില്‍ കമ്പനിയുടെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമാണ്. ഈ സമയം കൂടുതല്‍ സ്ഥലങ്ങള്‍ കൈവശപ്പെടുത്താന്‍ കമ്പനികള്‍ ഉദ്ദേശിക്കുന്നത് ദുരുദ്ദേശപരമാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം രാജ്യത്തിന്റെ അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമി പ്രദേശത്തിന് അരികിലാണ്. അതുകൊണ്ടുതന്നെ ഏറെ സങ്കീര്‍ണ്ണമായ സുരക്ഷാ ഭീഷണി കൂടിയാണ് സംഭരണശാല. കണ്ണൂര്‍ ജില്ലയിലെ വിസ്തൃതമായ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നിറഞ്ഞ പ്രദേശമാണ്. ഈ പ്രദേശത്ത് കൂടി പദ്ധതി പ്രദേശത്തേക്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയുടെ ആവശ്യത്തിന് മാത്രമായുള്ള റോഡ് പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ജീവന് ഭീഷണിയും പരിസ്ഥിതിക്ക് വിനാശകരവുമാണ്.

 സംഭരണശാലയില്‍ നിന്നു ഉണ്ടാകുന്ന പരിസര മലിനീകരണം അതിഭീകരമാണ്. നാവികഅക്കാദമിയിലെ മലിനജലഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന രാമന്തളി പ്രദേശത്തിലെ കുടിവെള്ള പ്രശ്‌നത്തോടൊപ്പം പയ്യന്നൂരിലെ ജനങ്ങള്‍ വായു മലിനീകരണ പ്രശ്‌നം കൂടി നേരിടേണ്ടി വരും. കൂടാതെ കോടികള്‍ ചെലവഴിച്ച് കമ്പനി കണ്ടങ്കാളിയില്‍ ആശുപത്രി സമുച്ചയം പണിയും എന്ന വാഗ്ദാനം തന്നെ അപകട സാധ്യതയുണ്ട് എന്ന കാര്യം വെളിവാക്കുന്നതാണ്. കണ്ടങ്കാളിയിലേയും പയ്യന്നൂരിലേയും ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്ത പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കേരള സര്‍ക്കാര്‍ ഭൂമി അക്വയര്‍ ചെയ്തു കൊടുക്കാന്‍ കാണിക്കുന്ന താല്‍പ്പര്യം ദുരുദ്ദേശപരമാണ്. അതില്‍ നിന്നും പിന്മാറണം പകരം നിലവില്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥലം കമ്പനിക്ക് കൈമാറി വികേന്ദ്രീകൃത സംഭരണശാല സ്ഥാപിക്കുന്നതിനായി കമ്പനിയോട് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും അതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അതാണ് ജനതാല്‍പ്പര്യമെന്നും രമേശന്‍ മാസ്റ്റര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.