ആലക്കോട്: മണക്കടവ് ശിവപുരം ഹയര്‍സെക്കന്ററി സ്കൂളിന്റെ അമ്പത് സെന്റ് സ്ഥലം കയ്യേറിയെന്ന ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് സ്കൂള്‍ പിടിഎ വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും യാതൊരു വിശദീകരണവും തേടാതെ ബിജെപി പഞ്ചായത്ത് പ്രസിഡണ്ടിനെ നീക്കി. പിടിഎ വൈസ് പ്രസിഡണ്ടായിരുന്ന ജയലാലിനെയാണ് ഏകപക്ഷീയമായി മാറ്റി നിര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തോളം ഒരു രാഷ്ട്രീയ കക്ഷിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്ന സ്കൂള്‍ പിടിഎ കമ്മറ്റിയില്‍ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലും പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ്സിനുള്ളിലും അഭിപ്രായവ്യത്യാസം ഉടലെടുത്തത്. ജയലാല്‍ വൈസ് പ്രസിഡണ്ടായതോടെ കാലങ്ങളായി പിടിഎ കമ്മറ്റിയില്‍ തുടര്‍ന്നുവന്നിരുന്ന ചില കാര്യങ്ങളെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം സജീവ പ്രവര്‍ത്തകനും പിടിഎ എക്സിക്യൂട്ടീവ് കമ്മറ്റിയംഗവുമായിരുന്ന വ്യക്തി യോഗങ്ങളില്‍ പങ്കെടുക്കാതെ കമ്മറ്റിയില്‍ നിന്ന് വിട്ടുനിന്ന സംഭവവുമുണ്ടായി. സ്കൂളില്‍ പുതുതായി വന്ന ഹെഡ്മിസ്ട്രസ് അച്ചടക്കത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഒരു എസ്ടി വിഭാഗത്തില്‍പ്പെട്ട കുട്ടിയുടെ കമ്മല്‍ അഴിച്ചുമാറ്റുകയും ആ വിഷയത്തില്‍ ജയലാല്‍ ഹെഡ്മിസ്ട്രസിന്റെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ജയലാലിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം ആരംഭിച്ചത്.
ജയലാലിന്റെ വീട്ടിലേക്കുള്ളതും സ്കൂള്‍ കുട്ടികളും നാട്ടുകാരും ഉപയോഗിക്കുന്നതുമായ മരം കൊണ്ടുള്ള പാലം നശിച്ചതിനെ തുടര്‍ന്ന് പാലത്തിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടിരുന്നു. ഇതിനെയാണ് സ്ഥലം കയ്യേറ്റമെന്ന് ചിത്രീകരിച്ച് സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്. സ്കൂളിന്റെ സ്ഥലം മുന്‍കാലങ്ങളില്‍ പലരും കയ്യേറിയതിനാല്‍ സ്ഥലം അളന്ന് നിലവിലുള്ള എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും പാലത്തിലൂടെയുള്ള വഴിയാത്രക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ജയലാല്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടയിലും കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്ത് ഭരണാധികാരികള്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികളും നിയമ നടപടികളും സ്വീകരിക്കാന്‍ ബിജെപി ഉദയഗിരി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ആനിയമ്മ രാജേന്ദ്രന്, പി.വി.ബാലന്, എം.പി.രഘുകുമാര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി തോമസ് പൈകട തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: