കലാകാരന്‍മാരുടെ കൂട്ടായ്മയില്‍ ഒരുക്കിയ ഇരുന്ന് പറയല്‍ വേറിട്ട അനുഭവമായി

Thursday 26 July 2018 10:40 pm IST

 

പയ്യന്നൂര്‍: ഫോക്‌ലാന്റും ഡോര്‍ഫ് കെറ്റലും സംയുക്തമായി ഫോക്‌ലാന്റില്‍ സംഘടിപ്പിച്ച ഇരുന്ന് പറയല്‍ (സി ആന്റ് ചാറ്റ്) വേറിട്ട അനുഭവമായി. ലോകപ്രശസ്ത കലാഗവേഷകന്‍, പ്രൊ.ഡോംഗ് സങ്ങ്ഹ (ദക്ഷിണ കൊറിയ) 1996ല്‍ ഇന്ത്യയില്‍ വന്ന് കണ്ട് പഠിച്ചതും ഗവേഷണം ചെയ്തതുമായ കലാരൂപങ്ങളുടെ ഓര്‍മ്മ പുതുക്കലും കലാകാരന്‍മുടെ സൗഹൃദ കൂട്ടായ്മയും ലക്ഷ്യംവെച്ചാണ് ഫോക്‌ലാന്റ് നവീന രീതിയില്‍ ഈ പരിപാടി സംഘടിപ്പിച്ചത്. 

അധ്യക്ഷനും ഉദ്ഘാടനും അതിഥികളുമില്ലാതെയാണ് ഇരുന്ന് പറയല്‍ നടന്നത്. വിവിധ കലാരൂപങ്ങളെ പ്രതിനിധീകരിച്ച് കലാകാരന്‍മാരായ ഡോ.അന്വേഷ മഹന്ത (ശാസ്ത്രീയ നൃത്തം, അസ്സം), വിശ്വനാഥന്‍ പുലവര്‍ (തോല്‍പാവക്കുത്ത്, പാലക്കാട്), ടി.ടി.കൃഷ്ണന്‍, നാരായണന്‍ നമ്പീശന്‍ (കഥകളി), കരിവെള്ളൂര്‍ രത്‌നകുമാര്‍, കൃഷ്ണന്‍കുട്ടി (ഓട്ടന്‍തുള്ളല്‍), കരിവെള്ളൂര്‍ രമേശന്‍ (എടക്ക, തബല), ഹരിമോഹന്‍, മനോജ് വെള്ളൂര്‍ (ശിവപാലതാളം), ഡോ.അനില സുനില്‍, കലാമണ്ഡലം സൗമ്യ (മോഹിനിയാട്ടം), സീതാ ശശിധരന്‍ (ഭരതനാട്യം), നീലിമ (നങ്ങ്യാര്‍കൂത്ത്), കെ.സുരേശന്‍  (പൂരക്കളി), രജിതാ രാജന്‍ (നാടകം), മിത്ര വിന്ദ (ഹിന്ദുസ്ഥാനി സംഗീതം), സതീശന്‍ ബങ്കളം (ചുവര്‍ ചിത്രം), കൃഷ്ണന്‍ നമ്പൂതിര (തിടമ്പ നൃത്തം), മധു കുറ്റൂരാന്‍, കൃഷ്ണന്‍ പെരുവണ്ണാന്‍, ബാലന്‍ പെരുവണ്ണാന്‍, സുനില്‍ ചെറുകുന്ന് (തെയ്യം) തുടങ്ങിയവര്‍ പങ്കെടുത്തു. ശാസ്ത്രീയ ഓട്ടന്‍തുള്ളല്‍, ശിവപാലതാളം, കഥകളി സംഗീതം എന്നിവയുടെ സോദാഹരണ ക്ലാസും ഉണ്ടായിരുന്നു.

ക്ഷേത്രകലാ അക്കാദമി അധ്യക്ഷന്‍ ഡോ.കെ.എച്ച്. സുബ്രഹ്മണ്യന്‍, തടം പരമേശ്വന്‍ (പാലക്കാട്), ഡോ.വി.ജയരാജന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു. വിവധ കലാകാരന്‍മാരും കലോപാസകരും ഒരേ വേദിയില്‍ അണിനിരന്നതും വിവധ ആശയങ്ങളും കലാദര്‍ശനങ്ങളും പങ്കുവെച്ചതും നവ്യാനുഭവമായി മാറി. ഡോ.ഡോംഗ് സാങ്ങ് ഹേ കലാകാരന്‍മാരെ അനുമോദിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.