തുണിക്കടയില്‍ മോഷണം നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

Thursday 26 July 2018 10:51 pm IST

 

കുടിയാന്‍മല: നുടുവിലിലെ തുണിക്കടയില്‍ നിന്ന് വ്യാജ ചെക്ക് നല്‍കി 14,500 രൂപയുടെ വസ്ത്രങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കാഞ്ഞിരപ്പള്ളിയില്‍വെച്ച് കുടിയാന്‍മല പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി നെല്ലിമല പുത്തന്‍പറമ്പില്‍ ഫൈസല്‍ ലത്തീഫ് (32) ആണ് പിടിയിലായത്. 

2015 ജൂലൈ 12നാണ് രാജന്റെ ഉടമസ്ഥതയിലുള്ള പുലരി കലക്ഷന്‍സില്‍ തട്ടിപ്പ് നടന്നത്. സ്‌കോര്‍പ്പിയോ കാറിലെത്തിയ മൂന്നംഗ സംഘം ഉടമയോട് വാചാലമായി സംസാരിച്ച് വിശ്വാസ്യത പിടിച്ചുപറ്റിയശേഷമായിരുന്നു ചെക്ക് നല്‍കി വസ്ത്രങ്ങള്‍ വാങ്ങിയത്. 14,500 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങിയ സംഘം ആക്‌സിസ് ബാങ്കിന്റെ ചെക്കാണ് നല്‍കിയത്. 

ബാങ്കില്‍ നല്‍കിയ ചെക്ക് പണിമില്ലാതെ മടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് തട്ടിപ്പിനിരയായെന്ന് കടയുടമക്ക് മനസ്സിലായത്. തുടര്‍ന്ന കുടിയായന്മല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കടയിലെ സിസടിവിയില്‍ തട്ടിപ്പുകാരുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാല്‍ പ്രതികള്‍ മുങ്ങിനടക്കുകയായിരുന്നു. ഫൈസല്‍ ലത്തീഫ് കാഞ്ഞിരപ്പള്ളിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കുടിയാനമല എസ്‌ഐ ദിനേശന്‍, അഡീ.എസ്.ഐ.വര്‍ഗ്ഗീസ്, സീനിയര്‍ സിപിഒ ഇ.എം.ഹബീബ് റഹ്മാന്‍ എന്നിവര്‍ അവിടെയെത്തി പിടികൂടികയായിരുന്നു. തില്ലങ്കേരി സ്വദേശികളായ അലി, ഫൈസല്‍ എന്നിവരാണ് തട്ടിപ്പ് സംഘത്തിലെ മറ്റംഗങ്ങള്‍. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.