കണ്ണൂര്‍ വിമാനത്താവളം: ഗള്‍ഫ് സര്‍വ്വീസിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

Thursday 26 July 2018 10:52 pm IST

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി. ഇതോടെ ആയിരക്കണക്കിന് ഗള്‍ഫ് മലയാളികളുടെ ആഗ്രഹമാണ് പൂവണിയുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കും, ദമാമിലേക്കും വിമാന സര്‍വ്വീസുകള്‍ക്ക് ഇതിനകം അനുമതി നല്‍കി കഴിഞ്ഞു. ജറ്റ് എയര്‍വേസ്, ഗോ എയര്‍ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. 

കണ്ണൂര്‍ ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും, കണ്ണൂര്‍  അബുദാബി, കണ്ണൂര്‍ മസ്‌ക്കറ്റ്, കണ്ണൂര്‍ റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും സര്‍വ്വീസ് നടത്താന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. ഉടന്‍ തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് അനുമതി നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ അനുമതി നല്‍കൂ. വിദേശക്കമ്പനിയായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, ഫ്‌ലൈ മുംബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വേസ് എന്നീ കമ്പനികള്‍ കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ഗള്‍ഫ് സര്‍വ്വീസ് ആരംഭിക്കുന്നതോടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേയും കോഴിക്കോട് ജില്ലയില്‍പ്പെട്ട വടകര, പേരാമ്പ്ര, വയനാട് ജില്ലയിലെ മാനന്തവാടി, കര്‍ണ്ണാടകത്തിലെ മടിക്കേരി, വീരാജ് പേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ഗള്‍ഫ് മലയാളികള്‍ക്ക് എളുപ്പത്തില്‍ മട്ടന്നൂരിലെ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന് യാത്ര ചെയ്യുവാന്‍ കഴിയും. നിലവില്‍ ഭൂരിഭാഗം ഗള്‍ഫ് മലയാളികളും ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തേയാണ്. കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗ്ഗം മൂന്നര മണിക്കൂര്‍ യാത്ര ചെയ്തു വേണം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍. 

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ കണ്ണൂരില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ മട്ടന്നൂരിലെ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ കഴിയും. മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കും സമയത്തിന്റെ മറ്റ് അനുബന്ധ കാര്യത്തിലും കണ്ണൂര്‍ വിമാനത്താവളം ഏറെ പ്രയോജനപ്പെടും. സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ നാലാമത്തെ വിമാനത്താവളമാണ് മട്ടന്നൂരിലേത്. 3050 മീറ്റര്‍ റണ്‍വേ 4000 മീറ്റര്‍ ആക്കി മാറ്റുന്നതോടെ ഏത് വലിയ വിമാനവും ഇറക്കാന്‍ കഴിയുന്ന വിധത്തിലാണ് റണ്‍വേ രൂപകല്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കസ്റ്റംസ് ,എമിഗ്രേഷന്‍ സംവിധാനങ്ങളെല്ലാം വരുന്നതോടെ എളുപ്പത്തില്‍ വിമാനത്താവളത്തില്‍ പോകുവാനും തിരികെ വരുന്നതിനും സാധിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.