ചെറുപുഴ മേലെ ബസാറില്‍ ഡിവൈഡര്‍ നിര്‍മ്മാണം ആരംഭിച്ചു

Thursday 26 July 2018 10:52 pm IST

 

ചെറുപുഴ: ചെറുപുഴ മേലെ ബസാറില്‍ ഡിവൈഡര്‍ നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഏറ്റവും തിരക്കേറിയ ചെറുപുഴ മേലെ ബസാറിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ചെറുപുഴ പയ്യന്നൂര്‍ റോഡില്‍ ചെറുപുഴ മുതല്‍ പെരിങ്ങോം വരെയുള്ള ഭാഗത്തെ മെക്കാഡം ടാറിംഗ് പ്രവൃത്തി നടന്നു വരികയാണ്. ഒന്നാം ഘട്ട ടാറിംഗ് ഏറെകുറെ പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാം ഘട്ട ടാറിംഗ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് ഏറെ തിരക്കേറിയ ചെറുപുഴ മേലെ ബസാറില്‍ ഡിവൈഡര്‍ നിര്‍മിക്കുന്നത്. 

65 മീറ്റര്‍ ദൂരത്തിലാണ് ഡിവൈഡര്‍ ഉണ്ടാകുക. ഇപ്പോള്‍ ഡിവൈഡറിന്റെ നിര്‍മാണം നടന്നു വരുന്ന ഭാഗത്ത് റോഡിനു 14 മീറ്റര്‍ വീതിയുണ്ട്. ഇതുവഴി സുഗമമായി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. പയ്യന്നൂര്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ജയ്ദീപ് കുമാര്‍ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇതിനിടെ ഡിവൈഡറിന്റെ നിര്‍മാണം നടന്നു വരുന്ന ഭാഗത്തെ റോഡില്‍ തന്നെ സ്ഥിതി ചെയ്യുന്ന വൈദ്യുത തൂണുകള്‍ നീക്കം ചെയ്യാന്‍ അധികൃതരുടെ ഭാഗത്തു നിന്നും ഇനിയും നടപടി ഉണ്ടായിട്ടില്ല. 

എന്നാല്‍ മലയോര ഹൈവേയില്‍ ഉള്‍പ്പെടുന്ന ചെറുപുഴ മേലെബസാറില്‍ നിന്നും ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള റോഡിനു 11 മീറ്റര്‍ വീതി മാത്രമെ ഉള്ളു. ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കുന്നതിനു സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഗതാഗത പരിഷ്‌കരണ കമ്മറ്റിയുടെ നിര്‍ദ്ദേശം കൂടി വേണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.