ഇ-മെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിക്കുന്നത് ഇന്ന് പരിഗണിക്കും

Friday 27 July 2018 1:27 am IST
ഹൈടെക് സെല്ലിലെ പോലീസ് കോണ്‍സ്റ്റബിള്‍ ബിജു സലിം, ഷാനവാസ് ഖാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015ല്‍ ആണ് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മതസ്പര്‍ധയുണ്ടാക്കി സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മുസ്ലിം മതവിഭാഗക്കാരുടെ ഇ- മെയില്‍ മാത്രം സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നാണ് പ്രതികള്‍ മാധ്യമം വാരികയ്ക്ക് ചില ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെ നല്‍കി വാര്‍ത്ത നല്‍കിയത്.

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഹൈടെക് സെല്ലിലെ ഇ- മെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹൈടെക് സെല്ലിലെ പോലീസ് കോണ്‍സ്റ്റബിള്‍ ബിജു സലിം, ഷാനവാസ് ഖാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015ല്‍ ആണ് ക്രൈംബ്രാഞ്ച് കേസില്‍  കുറ്റപത്രം സമര്‍പ്പിച്ചത്. മതസ്പര്‍ധയുണ്ടാക്കി സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മുസ്ലിം മതവിഭാഗക്കാരുടെ ഇ- മെയില്‍ മാത്രം സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നാണ് പ്രതികള്‍ മാധ്യമം വാരികയ്ക്ക് ചില ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെ നല്‍കി വാര്‍ത്ത നല്‍കിയത്.

2012ല്‍ ജേക്കബ് പുന്നൂസ് പോലീസ് മേധാവിയായിരുന്ന കാലത്തായിരുന്നു സംഭവം. രാജ്യസുരക്ഷയെ ബാധിക്കുന്ന ചില ഇ-മെയിലുകള്‍ പരിശോധിക്കാന്‍  ഇന്റലിജന്‍സ് മേധാവി പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു ചില വിരങ്ങള്‍ നല്‍കിയിരുന്നു. ഒരു പ്രത്യേക മത വിഭാഗത്തിനെ നിരീക്ഷിക്കുകയാണെന്ന തരത്തില്‍ ഹൈടെക് സെല്‍ എസ്.ഐ. ബിജു സലിമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് കണ്ടെത്തി. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന ഇ-മെയിലുകളായിരുന്നു ചോര്‍ത്തിയത്. കേസ് പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും നീക്കം നടന്നിരുന്നു. പോലീസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന്  പിന്മാറി. 

എല്‍ഡിഎഫ്  അധികാരത്തില്‍ കയറിയതോടെ കേസ് പിന്‍വലിക്കാന്‍ ഷാനവാസ്ഖാന്‍ വീണ്ടും അപേക്ഷ നല്‍കി.  സര്‍ക്കാര്‍ നിയമവകുപ്പിന്റെയും  പോലീസിന്റെയും ഉപദേശം തേടി. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കേസ് പിന്‍വലിക്കരുതെന്ന് നിയമ സെക്രട്ടറിയും പോലീസും റിപ്പോര്‍ട്ട് നല്‍കി. കേസ് പിന്‍വലിക്കുന്നത് ഭാവിയില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ബിജു സലിം വകുപ്പ് തല നടപടി നേരിടുന്നുണ്ട്. കേസ് പിന്‍വലിച്ചാല്‍ ഇയാള്‍ സേനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം അവഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയിരിക്കുന്നത്. സംസ്ഥാനത്ത് മത തീവ്രവാദം വര്‍ധിക്കുകയാണെന്നും അതിന്റെ ഇരയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകമെന്ന് പറയുകയും മറുഭാഗത്ത് തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്ന നടപടിയുമാണ്  നടന്നുവരുന്നത് എന്ന ആരോപണം ശരിവയ്ക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.