കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് പതിനാറ് വയസ്

Friday 27 July 2018 1:32 am IST
104 പേര്‍ സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലേറെ യാത്രക്കാര്‍ കയറിയതും ബോട്ടിന്റെ കാലപ്പഴക്കവുമാണ് അപകടകാരണമായത്. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്ക് പിഎസ്‌സി പരീക്ഷ എഴുതാന്‍ പോയ നിര്‍ധന കുടുംബത്തിലെ യുവതി യുവാക്കളും മത്സ്യ കച്ചവടക്കാരും കൂലിവേലക്കാരും അടക്കമുള്ളവരാണ് ദുരന്തത്തിനിരയായത്. ആര്യാട്- കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലുള്ള അഞ്ച് പഞ്ചായത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

മുഹമ്മ: കുമരകം ബോട്ട് ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാറാണ്ട്. 2002 ജൂലൈ 27ന് പുലര്‍ച്ചെ 5.45ന് മുഹമ്മ ജെട്ടിയില്‍ നിന്നും പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ടാണ് കുമരകത്ത് എത്തുന്നതിന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മണല്‍ത്തിട്ടയില്‍ ഇടിച്ചു മറിഞ്ഞത്. ദുരന്തത്തില്‍ 15 സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. 

 104 പേര്‍ സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലേറെ യാത്രക്കാര്‍ കയറിയതും ബോട്ടിന്റെ കാലപ്പഴക്കവുമാണ് അപകടകാരണമായത്. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്ക് പിഎസ്‌സി പരീക്ഷ എഴുതാന്‍ പോയ നിര്‍ധന കുടുംബത്തിലെ യുവതി യുവാക്കളും മത്സ്യ കച്ചവടക്കാരും കൂലിവേലക്കാരും അടക്കമുള്ളവരാണ് ദുരന്തത്തിനിരയായത്. ആര്യാട്- കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലുള്ള അഞ്ച് പഞ്ചായത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

 ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മീഷന്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 91 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും ഓരോരുത്തര്‍ക്കും 1.5 ലക്ഷം വീതമാണ് നല്‍കിയത്. കമ്മീഷന്‍ നിര്‍ദേശിച്ച മുഴുവന്‍ തുകയും നഷ്ടപരിഹാരമായി കിട്ടണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ കോടതി കയറിയിറങ്ങിയിട്ടും അനുകൂല വിധി ഉണ്ടായില്ല. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(മൂന്ന്)യില്‍ തുടരുകയാണ്. 

മുന്നൂറോളം സാക്ഷികളില്‍ ഇതുവരെ 250 പേരെ വിസ്തരിച്ചു. ഇപ്പോള്‍ ഡോക്ടര്‍മാരെയാണ് വിസ്തരിക്കുന്നത്.  നാലു പ്രതികളാണ് കേസിലുള്ളത്. ഇപ്പോള്‍ മുഹമ്മ-കുമരകം ഫെറിയില്‍ സര്‍വീസ് നടത്തുന്ന രണ്ട് പാസഞ്ചര്‍ കം വെഹിക്കിള്‍ ബോട്ടില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമില്ല. ബോട്ട്‌ജെട്ടിയിലേക്ക് യാത്രക്കാര്‍ക്കെത്തുവാന്‍ ഇപ്പോള്‍ ബസ് സൗകര്യമില്ലാത്തതിനാല്‍ യാത്രക്കാരുടെ എണ്ണം കുറയുകയാണ്. 

 ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് വെള്ളിയാഴ്ച  മുഹമ്മ ഗ്രാമം ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കും. വിവിധ സംഘടനകളും സ്‌കൂളുകളും പാസഞ്ചേഴ്‌സ് അസോസിയേഷനും പുഷ്പാര്‍ച്ചനയും അനുസ്മരണസമ്മേളനവും നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.