കൊച്ചി: കാലാവസ്ഥ അനുകൂലമായാല്‍ ഇന്നു രാത്രി സമ്പൂര്‍ണ ചന്ദ്രഗ്രഹണമെന്ന ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിക്കാം. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണമാവും ഇന്നത്തേത്. ചന്ദ്രന് ഭൂമിയുടെ നിഴലിലേക്ക് പൂര്‍ണമായും വീണ്, ചുവന്ന നിറമണിയും. ബ്ലഡ് മൂണ്‍ എന്ന വിശേഷണമാണ് അന്ന് ചന്ദ്രനു ലഭിക്കുക. ഇന്ന് ഒരു മണിക്കൂറും 43 മിനിറ്റും 35 സെക്കന്‍ഡും ചന്ദ്രന് ഭൂമിയുടെ നിഴലിലായിരിക്കും.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ആസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാവും. ഇന്ത്യയില്‍ രാത്രി 11.45നു ശേഷം ഗ്രഹണം കാണാം.
ഏതാണ്ട് ലോകത്തു മുഴവന്‍ ദൃശ്യമാകുന്ന സമ്പൂര്‍ണ ചന്ദ്രഗ്രഹണമെന്ന പ്രത്യേകതയുമുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എണ്‍പത്തഞ്ച് സമ്പൂര്‍ണ ഗ്രഹണങ്ങളാണ് ദൃശ്യമാവുക. ഇന്നത്തേത് അതില്‍ പതിനേഴാമത്തേതാണ്. അടുത്തത് അടുത്ത വര്‍ഷം ജനുവരി 21ന്.
ഈ മാസം മറ്റൊരു അപൂര്‍വത കൂടി ആകാശത്തു വിരിയും. ചുവന്ന ഗ്രഹം എന്ന് ഓമനപ്പേരുള്ള ചൊവ്വ 31 ന് ഭൂമിയോട് ഏറ്റവും അടുത്തു വരും. 57.6 മില്യണ്‍ കിലോമീറ്റര്‍ അടുത്ത്. പതിനഞ്ചു വര്‍ഷത്തിനു ശേഷം ചൊവ്വ ഭൂമിയോട് ഇത്രയും അടുത്തു വരുന്നത് ഇതാദ്യം. 2003ല്‍ ചൊവ്വ 55.7 മില്യണ്‍ കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു. അറുപതിനായിരം വര്‍ഷത്തിനു ശേഷമാണ് ഭൂമിയോടു ഇത്രയും അടുത്ത് ചൊവ്വ വന്നത്. 2003നു ശേഷം ഏറ്റവും തിളക്കമാര്‍ന്ന് ചൊവ്വയെ ഈ മാസം 31നു കാണാം. ഇന്ത്യയുടെ ആകാശം അന്നു തെളിഞ്ഞതാണെങ്കില്‍ സൂര്യാസ്തമനത്തിനു ശേഷം ഉദയം വരെ തിളങ്ങുന്ന ചൊവ്വ ദൃശ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: