അഞ്ച് കോടിയും ഉന്നതസ്ഥാനവും വാഗ്ദാനം; ബിഷപ്പിനെ രക്ഷിക്കാന്‍ നീക്കം

Friday 27 July 2018 1:50 am IST
രണ്ടാഴ്ച മുന്‍പ് കാലടി സ്വദേശിയായ സുഹൃത്ത് മുഖേനയാണ് ജലന്ധര്‍ ബിഷപ് അനുനയ നീക്കം നടത്തിയതെന്നാണ് സഹോദരന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. സഹോദരന്‍ വാഗ്ദാനം നിരസിച്ചതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങി.

കുറവിലങ്ങാട്/കോട്ടയം: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. ദേശീയതലത്തില്‍ തന്നെ വിവാദത്തിനിടയാക്കിയ സംഭവത്തിന്റെ അന്വേഷണം ചില ഉന്നത ഇടപെടലിനെ തുടര്‍ന്ന് മന്ദഗതിയിലായി.

അതിനിടെ പീഡനക്കേസില്‍ നിന്ന് പിന്മാറാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ മൊഴി നല്‍കിയത് കേസില്‍ പുതിയ വഴിത്തിരിവായി. 

പണത്തിന് പുറമെ കന്യാസ്ത്രീക്ക് സഭയില്‍ ഉന്നത സ്ഥാനവും ബിഷപ് വാഗ്ദാനം ചെയ്തതായി വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയില്‍ സഹോദരന്‍ പറഞ്ഞു. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. 

രണ്ടാഴ്ച മുന്‍പ് കാലടി സ്വദേശിയായ സുഹൃത്ത് മുഖേനയാണ് ജലന്ധര്‍ ബിഷപ് അനുനയ നീക്കം നടത്തിയതെന്നാണ് സഹോദരന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. സഹോദരന്‍ വാഗ്ദാനം നിരസിച്ചതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങി.

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് സഹോദരന്റെ തീരുമാനം. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ജലന്ധറിലേക്ക് പോകാനുള്ള ശ്രമം അന്വേഷണസംഘം മരവിപ്പിച്ചതായും സൂചനയുണ്ട്. തല്‍ക്കാലം കേസ് ഇവിടെ അന്വേഷിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിര്‍ദേശം. 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് മൊഴി എടുത്താല്‍ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ. ലൈംഗികശേഷി പരിശോധനയ്ക്ക് ബിഷപ്പിനെ വിധേയനാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നതാണ്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജിയോബാറ്റിസ്റ്റ ദിക്കാത്രോയില്‍ നിന്ന് മൊഴി എടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടന്നില്ല.

സഭ വിട്ടുപോയ രണ്ട് കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം കഴിഞ്ഞദിവസം ബെംഗളൂരുവില്‍ എത്തിയിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്ന തീയതികളില്‍ ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നതായി സഭ വിട്ട കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.