'സഭയിലെ പീഡനങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം'

Friday 27 July 2018 1:52 am IST
ബ്ലാക്‌മെയിലിങ്ങിന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കുമ്പസരം നിരോധിക്കണം, പീഡനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം, ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ്, കേരളാ പോലീസ് കടുത്ത നടപടി സ്വീകരിക്കണം, ഇരകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണം എന്നീ നാലു നിര്‍ദേശങ്ങളാണ് കമ്മീഷന്‍ മുന്നോട്ടു വച്ചത്.

ന്യൂദല്‍ഹി: ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയരുന്ന പീഡനക്കേസുകളില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍.

കുമ്പസര രഹസ്യം ചോര്‍ത്തി ക്രൈസ്തവ പുരോഹിതര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിലും ജലന്ധര്‍ ബിഷപ് ടോം മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലും കേരളത്തിലെത്തി അന്വേഷിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പ്രധാനമന്ത്രിയുടെ ഓഫീസിനും ആഭ്യന്തരമന്ത്രാലയത്തിനും സമര്‍പ്പിച്ചു.

ബ്ലാക്‌മെയിലിങ്ങിന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കുമ്പസരം നിരോധിക്കണം, പീഡനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം, ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ്, കേരളാ പോലീസ് കടുത്ത നടപടി സ്വീകരിക്കണം, ഇരകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണം എന്നീ നാലു നിര്‍ദേശങ്ങളാണ് കമ്മീഷന്‍ മുന്നോട്ടു വച്ചത്. ഈ പീഡനക്കേസുകളെ മതപരമായോ രാഷ്ട്രീയമായോ അല്ല, സ്ത്രീസുരക്ഷ എന്ന വിശാലമായ അര്‍ഥത്തിലാണ് കമ്മീഷന്‍ കാണുന്നത്, രേഖാ ശര്‍മ പറഞ്ഞു.

ക്രൈസ്തവ സഭകളില്‍ കുമ്പസര രഹസ്യം വച്ചു ബ്ലാക്‌മെയില്‍ ചെയ്ത് സ്ത്രീകളെ പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. 

കേരളത്തിലെ വീട്ടമ്മയുടെ പ്രശ്‌നം ആകസ്മികമായി പുറത്തു വന്നതാണ്. പലരും പറയാന്‍ മടിക്കുകയാണ്, രേഖ പറഞ്ഞു. കുമ്പസര രഹസ്യങ്ങളുടെ പേരില്‍ പുരുഷന്മാരെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഭവങ്ങളും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും രേഖ പറഞ്ഞു. 

കന്യാസ്ത്രീയെ പീഡിപ്പിച്ചത് ജലന്ധര്‍ ബിഷപ്പായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പഞ്ചാബ് പോലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പതിനഞ്ചു ദിവസത്തികം സമര്‍പ്പിക്കാന്‍ പഞ്ചാബ്, കേരള ഡിജിപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ സഭകളിലെ പീഡനക്കേസുകളുടെ അന്വേഷണത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ഗൗരവമായല്ല നീങ്ങുന്നതെന്ന് രേഖാ ശര്‍മ പറഞ്ഞു. അന്വേഷണത്തില്‍ രാഷ്്ട്രീയ സ്വാധീനമുണ്ട്. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം ഇഴയുകയാണ്. അറസ്റ്റുകള്‍ വൈകുന്നു. ഇവ മാത്രമല്ല ക്രൈസ്തവ സഭകളില്‍ ഇത്തരം നിരവധി പീഡനങ്ങളാണ് അരങ്ങേറുന്നത്. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി സമഗ്രമായി അന്വേഷിക്കണം, രേഖ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.