ക്രമക്കേട്: ടാഗോര്‍ സാംസ്‌കാരിക നിലയം പദ്ധതി റദ്ദാക്കി; 4.45 കോടി തിരിച്ചുപിടിക്കും

Friday 27 July 2018 2:14 pm IST
20 കോടി രൂപയുടെ പദ്ധതിക്ക് ഒമ്പത് കോടിയാണ് കേന്ദ്ര സഹായം. 2015ല്‍ ആദ്യ ഗഡുവായി 4.45 കോടി രൂപ കേന്ദ്ര സാംസ്‌കാരിക വകുപ്പ് അനുവദിച്ചിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടത്തിയിരുന്നില്ല. പദ്ധതിയിലെ ക്രമക്കേട് 'ജന്മഭൂമി'യാണ് പുറത്തുകൊണ്ടുവന്നത്.

ന്യൂദല്‍ഹി: ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ ഇടുക്കി വാഗമണില്‍ നടപ്പാക്കുന്ന 'ടാഗോര്‍ സാംസ്‌കാരിക നിലയം പദ്ധതി'യിലെ ക്രമക്കേടില്‍ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി റദ്ദാക്കാനും ആദ്യ ഗഡുവായി അനുവദിച്ച 4.45 കോടി രൂപ തിരിച്ചുപിടിക്കാനും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തീരുമാനിച്ചു. വിശ്വാസ വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡിസി ഫൗണ്ടേഷനും ഭാരവാഹികള്‍ക്കുമെതിരെ കേസെടുക്കും.  മന്ത്രി മഹേഷ് ശര്‍മ ഒപ്പിട്ട ഫയല്‍ തുടര്‍നടപടികള്‍ക്കായി ജോയിന്റ് സെക്രട്ടറി എസ്.സി. ബര്‍മയ്ക്ക് കൈമാറി. നിയമ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

'ജന്മഭൂമി'യാണ് പദ്ധതിയിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. നിബന്ധനകള്‍ ലംഘിച്ചാണ് ഡിസി ഫൗണ്ടേഷന് പദ്ധതി അനുവദിച്ചതെന്നും പണം ലഭിച്ചിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരി 27ന് 'ജന്മഭൂമി' വാര്‍ത്ത നല്‍കി. തുടര്‍ന്ന് നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുകയും മന്ത്രി മഹേഷ് ശര്‍മ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും ചെയ്തു. രണ്ട് തവണ വിദഗ്ധ സംഘം പ്രദേശത്തെത്തി പരിശോധന നടത്തി പരാതി വാസ്തവമാണെന്ന് കണ്ടെത്തിയിരുന്നു. 

നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ സ്റ്റഡി സംഘത്തിന്റെ പരിശോധനയിലും ക്രമക്കേട് തെളിഞ്ഞു. ഫൗണ്ടേഷന്‍ നല്‍കിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് പദ്ധതി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് വകുപ്പ് കടന്നത്. ഡിസി ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച സാഹിത്യോത്സവത്തിന് 20 ലക്ഷം രൂപ പ്രഖ്യാപിച്ചത് നല്‍കേണ്ടെന്നും അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജ്യദ്രോഹ കേസിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതിലും പ്രതികളായവരെ കുത്തിനിറച്ചായിരുന്നു പരിപാടി.  

സമ്മര്‍ദതന്ത്രം പൊളിഞ്ഞു; തകര്‍ന്നത് വന്‍ അഴിമതി

'ടാഗോര്‍ സാംസ്‌കാരിക നിലയം പദ്ധതി' നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ ഡിസി ഫൗണ്ടേഷന്‍ സമ്മര്‍ദ തന്ത്രം പ്രയോഗിച്ചെങ്കിലും വിജയിച്ചില്ല. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടപടികള്‍ ഒഴിവാക്കുന്നതിനായി ദല്‍ഹി കേന്ദ്രീകരിച്ച് ദിവസങ്ങളോളം ഇടനിലക്കാര്‍ രംഗത്തുണ്ടായിരുന്നു. പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ചുള്ള സമ്മര്‍ദനീക്കവും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വിലപ്പോയില്ല. മന്ത്രി മഹേഷ് ശര്‍മ്മയുടെ നേരിട്ടുള്ള ഇടപെടലും നിര്‍ണായകമായി. 20 കോടി രൂപയുടെ പദ്ധതിക്ക് ഒമ്പത് കോടിയാണ് കേന്ദ്ര സഹായം. 2015ലാണ് ആദ്യ ഗഡുവായി 4.45 കോടി രൂപ അനുവദിച്ചത്. 

കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതിനായി തലസ്ഥാനങ്ങളിലോ പ്രധാന നഗരങ്ങളിലോ മാത്രമേ സാംസ്‌കാരിക നിലയം അനുവദിക്കാവൂവെന്ന നിബന്ധനകള്‍ ലംഘിച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് വാഗമണില്‍ പദ്ധതി നേടിയെടുത്തത്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. 'ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഡിസൈന്‍' എന്ന സ്വാശ്രയ കോളേജിനോട് ചേര്‍ന്നായിരുന്നു സാംസ്‌കാരിക നിലയം വരാനിരുന്നത്. കോളേജിന്റെ ഭാഗമായി സാംസ്‌കാരിക കേന്ദ്രത്തെ മാറ്റാനായിരുന്നു നീക്കം. കോടികളുടെ അഴിമതിയാണ് സര്‍ക്കാരിന്റെ ഇടപെടലോടെ ഇല്ലാതായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.