സക്കറിയ സാത്താനെന്ന് കെ.പി. നിര്‍മല്‍ കുമാര്‍?

Friday 27 July 2018 7:31 pm IST
സക്കറിയയെ വിമര്‍ശിച്ച് എഴുത്തുകാരന്‍ കെ.പി. നിര്‍മല്‍കുമാര്‍. കഥാകാരന്‍ സക്കറിയ ഒ.വി. വിജയന്റെ മതേതരത്വത്തെ ചോദ്യം ചെയ്ത പാലക്കാട് സംഭവത്തെ പരാമര്‍ശിച്ചാണ് വിമര്‍ശനം

കൊച്ചി: സക്കറിയയെ വിമര്‍ശിച്ച് എഴുത്തുകാരന്‍ കെ.പി. നിര്‍മല്‍കുമാര്‍. കഥാകാരന്‍ സക്കറിയ ഒ.വി. വിജയന്റെ മതേതരത്വത്തെ ചോദ്യം ചെയ്ത പാലക്കാട് സംഭവത്തെ പരാമര്‍ശിച്ചാണ് വിമര്‍ശനം. സക്കറിയെ പേരുപറയാതെ 'അവന്‍' എന്നും 'സാത്താന്‍' എന്നും പരാമര്‍ശിച്ചാണ് വിമര്‍ശനം. കഥാകാരനായ കെ.പി. നിര്‍മല്‍കുമാര്‍ ഒരു ഫേസ്ബുക് പോസ്റ്റിലെ അഭിപ്രായത്തിലാണ് സക്കറിയയെ വിമര്‍ശിച്ചത്.

"സക്കറിയ"
''നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നു പറഞ്ഞപോലെ, നിങ്ങളെന്നെ ആര്‍എസ്എസ് ആക്കി എന്ന് ഇവരോട് ഒരുപാട് സാദാ ഹിന്ദുക്കള്‍ക്ക് പറയേണ്ടിവരും എന്നു തോന്നുന്നു... നമ്മുടെ ബുദ്ധിമാന്മാര്‍ ഏകപക്ഷീയമായി സംസാരിക്കുന്നതിനോട് യോജിക്കാന്‍ പ്രയാസം തോന്നുന്നു,'' എന്ന് ഒ.വി. വിജയന്റെ സഹോദരി ഒ.വി. ഉഷ അഭിപ്രായപ്പെട്ട വാര്‍ത്ത 'ജന്മഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. 

"ഒ.വി. ഉഷ"
ഇത് പോസ്റ്ററാക്കി ഫേസ്ബുക്കില്‍ നടത്തിയ പ്രചാരണ പോസ്റ്റില്‍ കെ.പി. നിര്‍മല്‍ കുമാര്‍ പ്രതികരിക്കുകയായിരുന്നു. ഒ.വി. ഉഷയെ പ്രശംസിച്ച് നിര്‍മല്‍ കുമാര്‍ ഇങ്ങനെ എഴുതി: ''ഒ.വി. വിജയനെ തസറാക്പൊതുവേദിയില്‍ അവമതിച്ചു സംസാരിച്ചവനെതിരെ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു വിരല്‍ ചൂണ്ടാന്‍ ധീരത കാണിച്ച അനുജത്തി ഒ.വി. ഉഷ'' എന്നായിരുന്നു പ്രതികരണം. 

ഇതില്‍ പ്രതികരിച്ച എഴുത്തുകാരി പി.ഐ. ലതികയ്ക്കുള്ള മറുപടിയിലാണ് നിര്‍മല്‍ കുമാറിന്റെ കൂടുതല്‍ വിമര്‍ശനവും വിശദീകരണം. ഇംഗ്ലീഷിലാണ് ഈ പോസ്റ്റ്. വാക്കുകളുടെ 'ഏതര്‍ഥവും പരിഗണിക്കട്ടെ' എന്നു കരുതിയാവണം പ്രയോഗങ്ങള്‍. പോസ്റ്റിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ: '' അന്തരിച്ച എഴുത്തുകാരനായ സഹോദരന്‍ ഒ.വി. വിജയന്റെ മതേതര വിശ്വാസ്യതയെ സാത്താന്മാര്‍ (സാത്താന്‍, പ്രതിയോഗി, എതിരാളി, ശത്രു തുടങ്ങിയ അര്‍ഥങ്ങളുള്ള 'അഡ്വേഴ്സറി' എന്ന വാക്കാണുപയോഗിച്ചത്) കൂക്കി വിളിച്ച് (ആക്രോശിച്ച്, കൂക്കിവിളിച്ച്, അലറുക, നിലവിളിക്കുക എന്നെല്ലാം അര്‍ഥം വരുന്ന 'വോസിഫസറ്സ്ലി' എന്ന വാക്കാണുപയോഗിച്ചത്) അപമാനിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ ഒ.വി. ഉഷ ആവിഷ്‌കാര സ്വാതന്ത്ര്യം തിരഞ്ഞെടുത്തു.''

ഒ.വി. വിജ യന്‍ വര്‍ഗീയവാദിയായി എന്നും മറ്റുമുള്ള സക്കറിയയുടെ വിമര്‍ശനം കടുത്ത എതിര്‍പ്പുകളാണ് നേരിട്ടത്. പാലക്കാട്ട് നടന്ന വിജയന്‍ അനുസ്മരണ പരിപാടിയിലായിരുന്നു സക്കറിയയുടെ വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.