കൃഷിവകുപ്പിന്റെ 2000 ഓണം വിപണികള്‍

Saturday 28 July 2018 2:48 am IST

തിരുവനന്തപുരം: ഓണം ഉത്സവസീസണ്‍ പ്രമാണിച്ച് കൃഷിവകുപ്പിന്റെ 2000 നാടന്‍ പഴം-പച്ചക്കറി വിപണികള്‍ സജ്ജമാകുന്നതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.

കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഗസ്റ്റ് 20 മുതല്‍ 24 വരെ വിപണികള്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ കീഴിലുളള ആഴ്ചച്ചന്തകള്‍, ഇക്കോഷോപ്പുകള്‍, എ ഗ്രേഡ് ക്ലസ്റ്ററുകള്‍, ബ്ലോക്കു ലെവല്‍ ഫേഡറേറ്റഡ് ക്ലസ്റ്ററുകള്‍ എന്നിവ മുഖാന്തരമാണ് നാടന്‍ വിപണികള്‍ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് 450 വിപണികളും വിഎഫ്പിസികെ 200 വിപണികളുമാണ് സംഘടിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യം, സംഭരണം, അനുബന്ധചെലവുകള്‍ എന്നിവയ്ക്കായി വിപണി ഒന്നിന് 65,000 രൂപയാണ് വകുപ്പ് ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

  കര്‍ഷകരില്‍ നിന്നു നേരിട്ട് സംഭരിക്കുന്ന പഴം-പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് പൊതു വിപണികളില്‍ നിന്നും ലഭ്യമാകുന്ന സംഭരണവിലയേക്കാള്‍ പത്തു ശതമാനം വില കൂടുതല്‍ നല്‍കിയാണ് സംഭരിക്കുന്നത്. ഓണം വിപണികളിലൂടെ വില്‍പന നടത്തുമ്പോള്‍ പൊതുവിപണി വില്‍പന വിലയില്‍ നിന്നും 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. കേരളത്തില്‍ ഉത്പാദനമില്ലാത്ത പച്ചക്കറികള്‍ മാത്രം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് ന്യായവിലയ്ക്ക് ഉപഭോക്താക്കളിലെത്തിക്കുന്നതാണ്. ഉത്സവസമയത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുളള വകുപ്പിന്റെ ശക്തമായ ശ്രമം ഒരു സ്ഥിരം സംവിധാനമാക്കി തുടരുമെന്നും മന്ത്രി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.