ലുലു രണ്ട് വര്‍ഷത്തിനുള്ളില്‍ 25 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും

Saturday 28 July 2018 2:49 am IST

മസ്‌ക്കറ്റ്: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 25 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി വിവിധ രാജ്യങ്ങളില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയില്‍ ലുലുവിന്റെ 151-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2020 ഡിസംബര്‍ അവസാനത്തോടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 175 ആകും. ഇപ്പോള്‍ 46,300 ലധികം ജീവനക്കാരാണ് ലുലുവിലുള്ളത്. ഇതില്‍ മലയാളികളായ 25,000 ആളുകളടക്കം 28,500 ലധികം പേരും ഇന്ത്യയില്‍ നിന്നാണ്. കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി ജീവനക്കാരുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ 70,000 ആകുമെന്നും കൂടുതല്‍ മലയാളികള്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 

ആസിയാന്‍ രാജ്യങ്ങളിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിലിപ്പൈന്‍സിലെ ഭക്ഷ്യസംസ്‌കരണകേന്ദ്രം ആഗസ്റ്റ് ആദ്യവാരം തലസ്ഥാനമായ മനിലയില്‍  പ്രവര്‍ത്തനമാരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.  നിലവില്‍ ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ലുലുവിന് വിപുലമായ സാന്നിധ്യമുണ്ട്. 

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ ലുലു സൈബര്‍ ടവര്‍, തൃപ്രയാറിലെ വൈമാള്‍ എന്നിവ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. 

ഇബ്രിബവാദി മാളില്‍ 75,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പുതിയ  ഹൈപ്പര്‍മാര്‍ക്കറ്റ്  ഇബ്രി ഗവര്‍ണര്‍ ഖലാഫ്ബിന്‍സാലിം അല്‍ ഇഷാഖിയാണ് ഉദ്ഘാടനം ചെയ്തത്. ഒമാനിലെ ഇരുപത്തിയൊന്നാമത്തെതു കൂടിയാണിത്. ലുലുഗ്രൂപ്പ ്എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ്അലി, ലുലു ഒമാന്‍ ഡയറക്ടര്‍ ആനന്ദ് എ.വി. എന്നിവരുംചടങ്ങില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.