മാവോയിസ്റ്റ് രക്തസാക്ഷിത്വ വാരാചരണം ഇന്ന് മുതല്‍; വനാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി

Saturday 28 July 2018 3:46 am IST

മലപ്പുറം: മാവോയിസ്റ്റുകളുടെ രക്തസാക്ഷിത്വ വാരാചരണം ഇന്ന് തുടങ്ങുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. കേരളാ പോലീസിന്റെ സായുധസേനയായ തണ്ടര്‍ ബോള്‍ട്ടിനാണ് സുരക്ഷാചുമതല.

വയനാട്, മലപ്പുറം ജില്ലകളും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയും ഉള്‍പ്പെടുന്ന പ്രദേശത്ത് പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മാവോയിസ്റ്റുകള്‍ 2016ല്‍ നാടുകാണി ദളം രൂപീകരിച്ചിരുന്നു. ദളം രൂപീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 2016 നവംബര്‍ 24നാണ് നേതാക്കളായ കുപ്പു ദേവരാജും അജിതയും പോലീസ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയിരുന്നു. എന്നാല്‍ അത് പിന്മാറ്റമല്ലായിരുന്നെന്നും നാടുകാണി ദളത്തില്‍ തന്നെ അവര്‍ സജീവമായിരുന്നെന്നും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സുകളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കുപ്പു ദേവരാജും അജിതയും വെടിയേറ്റ് മരിച്ച പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വരയന്‍മലയില്‍ ഇത്തവണ രക്തസാക്ഷിത്വ വാരാചരണം നടത്താന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന നക്‌സല്‍ വിരുദ്ധ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ വനാതിര്‍ത്തിയിലുള്ള വഴിക്കടവ്, എടക്കര, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനുകളും ഉള്‍ക്കാട്ടിലെ അളയ്ക്കല്‍, പുഞ്ചക്കൊല്ലി, നെടുങ്കയം, ടി.കെ. കോളനി എന്നീ കോളനികളും തണ്ടര്‍ ബോള്‍ട്ടിന്റെ നിരീക്ഷണത്തിലാണ്. ഇവിടങ്ങളില്‍ രാത്രിയും പകലും പട്രോളിങ് ആരംഭിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.