ഇടുക്കിയിലേക്ക് ജലപ്രവാഹം തുടരുന്നു

Saturday 28 July 2018 2:54 am IST

ഇടുക്കി: മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറയാത്തതിനാല്‍ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ ജലശേഖരം 1.82 അടി ഉയര്‍ന്ന് 2392 ലെത്തി, 87.29 ശതമാനം. മുന്‍വര്‍ഷം ഇതേസമയം ഇത് 22.26 ശതമാനം ആയിരുന്നു. 

ഇത്തരത്തില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഒരാഴ്ചക്കുള്ളില്‍ ഇടുക്കി സംഭരണി തുറക്കേണ്ടിവരുമെന്ന്  മന്ത്രി എം.എം. മണി പറഞ്ഞു.  എട്ടടി കൂടി വെള്ളം ഉയര്‍ന്നാല്‍ സംഭരണിയുടെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കും. അഞ്ച് ഷട്ടറുകളുള്ള ഇവിടെ നിന്ന് വെള്ളം ചെറുതോണി പുഴ വഴി  ആറ് മണിക്കൂറിനുള്ളില്‍ ആലുവയിലും പിന്നീട് അറബിക്കടലിലും ചേരും. ലോവര്‍ പെരിയാര്‍, ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ കടന്നാണ് വെള്ളം ഒഴുകുന്നത്. വെള്ളം 2395 അടി എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്യും.

1992 ഒക്ടോബര്‍ 11നാണ്  മുമ്പ് ചെറുതോണി തുറന്നത്. തുലാമഴയിലാണ് അന്ന് ഇടുക്കി അണക്കെട്ട് 2401 അടി പിന്നിട്ടത്. 1981ല്‍ ഒക്ടോബര്‍ 22നാണ് ഷട്ടര്‍ തുറന്നത്. 

ജൂണ്‍ ഒന്നിന് 25 ശതമാനമായിരുന്നു ജലശേഖരം. 22 ശതമാനമാണ് ആ മാസം മാത്രം കൂടിയത്. ജൂലൈയില്‍ ഇതുവരെ ഇത് 40 ശതമാനം പിന്നിട്ടു. വ്യാഴാഴ്ച 3.72 സെ.മീ. മഴ പദ്ധതി പ്രദേശത്ത് പെയ്തപ്പോള്‍ ഒഴുകിയെത്തിയത് 59.025 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. 13.562 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉല്‍പാദിപ്പിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.