വിപ്ലവത്തിന്റെ വിത്തു വിതച്ച ടി.എച്ച്.പി ചെന്താരശ്ശേരി

Saturday 28 July 2018 3:02 am IST
അധ:സ്ഥിതരാക്കപ്പെട്ടവരുടെ പൂര്‍വ്വകാല ചരിത്ര വ്യാഖ്യാനങ്ങള്‍ ഏതൊരു പട്ടിക വിഭാഗക്കാരനേയും അഭിമാനബോധമുള്ള പോരാളിയാക്കി മാറ്റും. പുലയന്‍ എന്നത് തെറിയായി വ്യാഖ്യാനിച്ചു കൊണ്ടിരുന്നിടത്ത് പുലം ഭൂമിയാണെന്നും പുലയനെന്നാല്‍ ഭൂമിയുടെ ഉടയോനെന്നും നിര്‍വ്വചിച്ചു കൊണ്ട് മറുപടി കൊടുത്തു. ചുറ്റുപാടും നടമാടുന്ന സംഭവങ്ങളെ നിരീക്ഷിച്ച് ബോദ്ധ്യപ്പെടാന്‍ നാം സ്വയം ട്യൂണ്‍ ചെയ്യപ്പെടും. അതാണ് ഈ പുസ്തകത്തിന്റെ മൂര്‍ച്ച.

ഉച്ചനീചത്വങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ മഹാത്മാ അയ്യന്‍കാളിയുടെ പോരാട്ടങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടി നെഞ്ചേറ്റിയ ജനതയാണ് കേരളത്തിലെ പട്ടിക വിഭാഗം. നമ്മുടെ പ്രിയപ്പെട്ട ചരിത്ര രചയിതാവും ഒരുത്തമ കമ്മ്യൂണിസ്റ്റായിരുന്നു.

മഹാത്മാ അയ്യന്‍കാളിയുടെ ചരിത്രം പോയിട്ട് പേരുപോലും തന്റെ പേന തുമ്പിലൂടെ പരാമര്‍ശിക്കപ്പെടുന്നില്ലെന്നുറപ്പാക്കിയാണ് കമ്മ്യൂണിസത്തിന്റെ ഇന്ത്യന്‍ ആചാര്യന്‍ ആധുനിക കേരളത്തിന്റെ ചരിത്രം സമ്മാനിച്ചത്. വര്‍ണ്ണത്തെയും ജാതികളെയും നിരാകരിച്ചവരെല്ലാം വര്‍ണ്ണമുള്ളവരുടെ ചരിത്രം മാത്രം പകിട്ടോടെ എഴുതി പ്രചരിപ്പിക്കുകയുമുണ്ടായി. ജാതി വാലുകള്‍ ഉണ്മയാക്കി അഭിരമിച്ചവരുമാണ്. 

എന്നാല്‍ പൊയ്കയില്‍ കുമാര ഗുരു (യോഹന്നാന്‍ അപ്പച്ഛന്‍) കണ്ടെത്തിയതുപോലെ 'എവിടെ തിരഞ്ഞിട്ടും കാണുന്നില്ലല്ലോ എന്റെ ജനത്തിന്റെ ചരിത്ര' മെന്നത് ടി.എച്ച്.പി. ചെന്താരശ്ശേരിയും തിരിച്ചറിയുകയായിരുന്നു. ഭ്രാന്താലയമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കി രൂപപ്പെടുത്തിയതില്‍ ശ്രീനാരായണഗുരു, മഹാത്മാ അയ്യന്‍കാളി, വക്കം മൗലവി, പണ്ഡിറ്റ് കറുപ്പന്‍, ചട്ടമ്പിസ്വാമികള്‍, അയ്യാവു സ്വാമികള്‍, ഡോ: പല്‍പ്പു, മഹാകവി കുമാരനാശാന്‍ തുടങ്ങി എണ്ണപ്പെട്ട വ്യക്തിത്വങ്ങള്‍ നിരവധിയാണ്. ഈ ചരിത്ര പുരുഷന്മാരെക്കുറിച്ച് നിരവധി രചനകള്‍ നടന്നപ്പോഴും യുഗപുരുഷനായി ജ്വലിച്ചു നിന്ന മഹാത്മാ അയ്യന്‍കാളിയുടെ ജീവചരിത്രം മാത്രം എഴുതപ്പെട്ടില്ല. എന്തുകൊണ്ട് എന്ന അന്വേഷണമാണ് ഒരു ചരിത്ര ഗവേഷകനാകാന്‍ ടി.എച്ച്.പി. ചെന്താരശ്ശേരിക്ക# പ്രേരണയായത്. അക്ഷരമറിയാത്ത മഹാത്മാ അയ്യന്‍കാളിക്കെന്തു മഹത്വം?.

അയ്യന്‍കാളിയെ വാഴ്ത്തിക്കൊണ്ടുള്ള അപദാനങ്ങളേറെ കേള്‍ക്കാനിടയായി. എല്ലാം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍. സംഭവങ്ങള്‍ നടന്ന പ്രദേശങ്ങളെല്ലാം ചുറ്റിയടിച്ചു. അനുഭവസ്ഥരില്‍ നിന്നും, പ്രജാസഭാ രേഖകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അക്ഷരമറിയാത്ത മഹാത്മാ അയ്യന്‍കാളി പോരാട്ടത്തിന്റെ യുദ്ധതന്ത്രങ്ങള്‍ അദ്ധ്യായങ്ങളായി രചിക്കപ്പെട്ടു. അങ്ങനെ ആദ്യമായി കൈരളിയ്ക്ക് ടി.എച്ച്.പി 'അയ്യന്‍കാളി' യെന്ന ചരിത്ര പുസ്തകം കൈരളിക്കു സമര്‍പ്പിച്ചു. കറുത്തവന്റെ മേല്‍ ചാര്‍ത്തപ്പെട്ട അടിച്ചമര്‍ത്തലുകളുടെ കാര്യ കാരണങ്ങളും പൊള്ളത്തരങ്ങളും വായനക്കാരിന്റെ ചങ്കില്‍ തറയ്ക്കുന്ന കൂരമ്പുകളായി അക്ഷരങ്ങളുപയോഗിക്കപ്പെട്ട രചന തന്നെ. തന്റെ ജനതയില്‍ നിന്നും മറച്ചു വച്ച സംഭവങ്ങളെ വെളിപ്പെടുത്താന്‍ വേണ്ടി സ്വന്തം ഹൃദയഭാഷയും ശൈലിയുമാണ് അദ്ദേഹം സ്വീകരിച്ചത്.

അധ:സ്ഥിതരാക്കപ്പെട്ടവരുടെ പൂര്‍വ്വകാല ചരിത്ര വ്യാഖ്യാനങ്ങള്‍ ഏതൊരു പട്ടിക വിഭാഗക്കാരനേയും അഭിമാനബോധമുള്ള പോരാളിയാക്കി മാറ്റും. പുലയന്‍ എന്നത് തെറിയായി വ്യാഖ്യാനിച്ചു കൊണ്ടിരുന്നിടത്ത് പുലം ഭൂമിയാണെന്നും പുലയനെന്നാല്‍ ഭൂമിയുടെ ഉടയോനെന്നും നിര്‍വ്വചിച്ചു കൊണ്ട് മറുപടി കൊടുത്തു. ചുറ്റുപാടും നടമാടുന്ന സംഭവങ്ങളെ നിരീക്ഷിച്ച് ബോദ്ധ്യപ്പെടാന്‍ നാം സ്വയം ട്യൂണ്‍ ചെയ്യപ്പെടും. അതാണ് ഈ പുസ്തകത്തിന്റെ മൂര്‍ച്ച.

'അയ്യന്‍കാളിയെന്ന' പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചതും വിതരണം ചെയ്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്കു കീഴിലുള്ള പ്രഭാത് ബുക്ക് ഹൗസാണ്. ജന്മനാടിന്റെ ശരിയായ വിപ്ലവം പ്രസിദ്ധീകരിച്ച് കൈരളിയ്ക്ക് വെളിച്ചം പകര്‍ന്ന പ്രഭാത് ബുക്ക് ഹൗസിനോട് അകമഴിഞ്ഞ നന്ദി ടി.എച്ച്.പി.യുടെ വേര്‍പാടിലെ ദു:ഖ സ്മരണയിലും രേഖപ്പെടുത്തുന്നു.

എന്നാല്‍ എത്രയോ വര്‍ഷങ്ങളായി ഒരു കോപ്പി പോലും കിട്ടാനില്ല. അതിന്റെ ആപത്ത് തിരിച്ചറിഞ്ഞതുകൊണ്ടാകാം പ്രിന്റിംഗ് നിര്‍ത്തിവച്ചു. സത്യം ജനങ്ങള്‍ പഠിക്കട്ടെ. അതിനാര്‍ജ്ജവമുണ്ടെങ്കില്‍ പ്രഭാത് ബുക്ക് ഹൗസ് വീണ്ടും തയ്യാറാകണം. കേരളത്തിലെ കറുത്ത മക്കളുടെ നെഞ്ചിലേക്ക് പ്രതിവിപ്ലവത്തിന് തീ കോരിയിട്ട അങ്ങ് ഞങ്ങളെ വിട്ടു പോയി. ആ അഗ്‌നി ഊതിപ്പെരുപ്പിക്കാനൊരുങ്ങി ഞങ്ങളും പ്രത്യാശയുടെ വഴിയിലുണ്ട്.... ഞാനുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ അപചയങ്ങളുടെ വ്യാകുലതകള്‍ പങ്കുവെച്ചു. നാം വിശ്വസിച്ച രാഷ്ട്രീയം നമ്മളെ കൈവിട്ടതായി പരിതപിച്ചു. മഹാത്മാ അയ്യന്‍കാളിയോട് നാടുവാണ രാജാവും ദിവാനും കാണിച്ച സത്യസന്ധത തെരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാരിനില്ലെന്ന് തുറന്നു പറഞ്ഞു. നിയമസഭയില്‍ എത്തിയ നമ്മുടെ പ്രതിനിധികള്‍ സ്വയം അടിമകളാണെന്ന് അടയാളപ്പെടുത്തുകയല്ലേ?  

'കൈവിറയുണ്ടെങ്കിലും ഒരു പുസ്തകം കൂടി പൂര്‍ത്തിയാകുന്നു. അതില്‍ ചിലത് വെട്ടിത്തുറന്ന് എഴുതിയിട്ടുണ്ട്. ഉടനെ പുറത്തിറക്കണമെന്നാണ് മോഹം.' അത് പുറത്തിറക്കിയതായി അറിവില്ല. ആകാംക്ഷയുണ്ട് അതിന്റെ ഉള്ളടക്കമറിയാന്‍....

1928 ജൂലൈ 29ന് ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത ഓതറയിലെ എണ്ണിക്കാട്ട് തറവാട്ടില്‍ കണ്ണന്‍ തിരുവന്റെയും അണിഞ്ചന്‍ അണിമയുടേയും സീമന്തപുത്രനാണ് ടി.എച്ച്.പി. ചെന്താരശ്ശേരിയെന്ന ഹരിപ്രസാദ്. സെ. ബര്‍ക്ക്‌മെന്‍സ് കോളേജ്, മാര്‍ ഇവാനിയോസ് കോളേജ്, മഹാത്മാഗാന്ധി കോളേജ് എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കി യോഗ്യത നേടിയെങ്കിലും ചരിത്ര ഗവേഷണ രംഗത്തിറങ്ങാനായിരുന്നു നിയോഗം. ചരിത്ര ഗവേഷണ ഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, യാത്രാ വിവരണം, നാടകം എന്നിവയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. 'ഹിസ്റ്ററി ഓഫ് ദി ഇന്റിജെന്റ്‌സ് ഇന്ത്യന്‍സ' എന്ന പുസ്തകത്തിന് 1999ലെ ഡോ.അംബേദ്കര്‍ നാഷണല്‍ അവാര്‍ഡു ലഭിച്ചിട്ടുണ്ട്. കെപിഎംഎസിന്റെ സമ്മേളനവേദിയില്‍ ക്ഷണിച്ചിരുത്തി ആദരിച്ചിട്ടുണ്ട്.

പട്ടിക വിഭാഗങ്ങളുടെ ചിന്തയെ തൊട്ടുണര്‍ത്തി യുദ്ധസന്നദ്ധനാക്കിയ ആ സര്‍ഗ്ഗ പ്രതിഭ 2018 ജൂലൈ 27 ന് 90 വയസ് പൂര്‍ത്തിയാക്കി ദിവംഗതനായിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍  ബന്ധുമിത്രാദികളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ കെപിഎംഎസും പങ്കു ചേരുന്നു.

(ലേഖകന്‍ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് ഉപദേശക സമിതി അംഗവുമാണ്)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.