ആള്‍ക്കൂട്ട കൊലയും പാര്‍ലമെന്റും

Saturday 28 July 2018 3:05 am IST
കേരളത്തില്‍ സിപിഎമ്മിന്റെ ആള്‍ക്കൂട്ടം കൊലപ്പെടുത്താത്ത ഏതെങ്കിലും പാര്‍ട്ടിക്കാരുണ്ടോ?പാനൂരില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ടല്ലേ വെട്ടിനുറുക്കികൊന്നത്. ടി.പി.ചന്ദ്രശേഖരനെ കൊന്നതും സിപിഎമ്മിന്റെ ആള്‍ക്കൂട്ടമല്ലേ? കയ്യൂരില്‍ പോലീസിനെ പുഴയിലേക്ക് ഓടിച്ച് ചാടിച്ച് കരയില്‍ നിന്നും കമ്മ്യൂണിസ്റ്റുകാര്‍ കല്ലെറിഞ്ഞ് കൊന്നതോര്‍മ്മയില്ലേ?. മോറാഴയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയല്ലേ അടിച്ചും ഇടിച്ചും കൊന്നത്. അതുമുതലാരംഭിച്ചു ആള്‍ക്കൂട്ടക്കൊല.

ആള്‍ക്കൂട്ടകൊല സംബന്ധിച്ച് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വലിയ കോലാഹലമായിരുന്നു. രാജ്യത്ത് ആള്‍കൂട്ടക്കൊലകള്‍ ഈ ഭരണത്തില്‍ തുടരുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. സത്യം കാണാതിരിക്കുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ ശൈലി. രാജസ്ഥാനിലെ ആള്‍വാറില്‍ ഒരാളെ ഏതാനും പേര്‍ അടിച്ചുകൊന്നു എന്നതാണ് വിഷയം. പശുക്കടത്തിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് ആദ്യവാര്‍ത്ത. 

എന്നാല്‍ അത് പച്ചക്കള്ളമാണെന്ന് പറയുന്നത് ബിജെപിയോ കേന്ദ്ര സര്‍ക്കാരോ അല്ല. ആല്‍വാറിലെ ആള്‍ക്കൂട്ടക്കൊല ഗോരക്ഷക്കല്ല, കവര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നുവെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) വസ്തുതാന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍. ആക്രമണത്തിനു ശേഷം നാല് മണിക്കൂര്‍ കഴിഞ്ഞാണ് മര്‍ദ്ദനമേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. അല്ലെങ്കില്‍ രക്ഷിക്കാമായിരുന്നു. 

ഗോരക്ഷയുടെ മറവില്‍ കവര്‍ച്ചയാണ് രാജസ്ഥാനില്‍ നടക്കുന്നതെന്നും മുമ്പ് നടന്ന സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ അന്വേഷണവും അതാണ് തെളിയിച്ചതെന്നും പിയുസിഎല്‍ വ്യക്തമാക്കി. 

പൊലീസിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയോടെയാണ് ആല്‍വാറിലെ കൊല. പശുക്കളെ വാങ്ങിവരുന്ന കര്‍ഷകരെ തടഞ്ഞ് സംഘം തുക ആവശ്യപ്പെെട്ടന്നും അത് കൊടുക്കാന്‍ കഴിയാത്തവരെയാണ് കൊലപ്പെടുത്തുന്നതെന്നും പിയുസിഎല്ലിന് ബോധ്യപ്പെട്ടു. 2015 മെയ് 30ന് ബിറോകയില്‍ അബ്ദുല്‍ ഗഫാര്‍ ഖുറൈഷിയെയും 2017 ഏപ്രില്‍ ഒന്നിന് ആല്‍വാറില്‍ പെഹ്ലു ഖാനെയും 2017 ജൂണ്‍ 16ന് പ്രതാപ്ഗഢില്‍ സഫര്‍ ഖാനെയും 2017 സെപ്റ്റംബര്‍ 10ന് ഭക്തരം മീനയെയും നവംബര്‍ 12ന് ഉമര്‍ മുഹമ്മദിനെയും കൊലപ്പെടുത്തിയത് ഉദാഹരണമായി പിയുസിഎല്‍ ചൂണ്ടിക്കാട്ടി.

 കോണ്‍ഗ്രസിനെ ഒരുവിഭാഗം നേതാക്കളും പോലീസും ചേര്‍ന്നാണ് ഇത്തരം അക്രമങ്ങള്‍ നടത്തുന്നതെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. തദ്ദേശീയരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാത്രി ഒരു മണിക്ക് തന്നെ അക്രമം നടന്ന ലാലാവാന്ദി ഗ്രാമത്തില്‍ പോലീസ് ജീപ്പ് കണ്ടതായാണ് നാട്ടുകാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിട്ടുള്ളത്. പോലീസ് രക്ബര്‍ ഖാനെ മര്‍ദ്ദിച്ചതായും ഈ മര്‍ദ്ദനത്തിലാണ് രക്ബര്‍ കൊല്ലപ്പെട്ടതെന്നുമാണ് ബിജെപി എംഎല്‍എ ഗ്യാന് ദേവ് അഹൂജ ആരോപിക്കുന്നത്. പോലീസ് സംഭവസ്ഥലത്ത് ആളുകളുടെ മുന്നിലിട്ടും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയും രക്ബറിനെ മര്‍ദ്ദിച്ചതായി പറയുന്നു. കുറ്റക്കാരെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തിരിക്കുന്നവരെ കള്ളക്കേസില്‍പ്പെടുത്തിയതാണെന്നും വാദമുണ്ട്.

ഉത്തരേന്ത്യയില്‍ സംഘപരിവാറിനെ ലക്ഷ്യമിട്ട് ഇത്തരം വിഷയങ്ങല്‍ പെരുപ്പിച്ചുകാട്ടി ന്യൂനപക്ഷങ്ങളില്‍ ഭീതിപരത്താനാണ് തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് അത് ചൂണ്ടിക്കാട്ടുകയും ചെയ്തു. 1984 ലാണ് ഏറ്റവും വിലയ ആള്‍ കൂട്ടക്കൊലനടന്നത്. അതിന്റെ പിന്നില്‍ കോണ്‍ഗ്രസ് മാത്രമാണ്. 4000 സിക്കുകാരെ കൊന്നു. അതിലേറെ പേര്‍ക്ക് പരിക്കേല്‍പ്പിച്ചു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചു. ആ കോണ്‍ഗ്രസുകാരാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ ശ്രമിച്ചത്.

അഹിംസയുടെ ദൈവങ്ങളായ ശ്രീ ബുദ്ധനും മഹാത്മാഗാന്ധിയും ജനിച്ച നാട്ടില്‍ എത്രയെത്ര ആള്‍ക്കൂട്ടക്കൊലകളുണ്ടായി. എത്രയോ രാഷ്ട്രീയ കൊലപാതകങ്ങളും നടന്നില്ലേ?. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഏറ്റുമുട്ടി ബംഗാളില്‍ മരിച്ചവര്‍ക്ക് കയ്യുംകണക്കുമുണ്ടോ? കേരളത്തില്‍ സിപിഎമ്മിന്റെ ആള്‍ക്കൂട്ടം കൊലപ്പെടുത്താത്ത ഏതെങ്കിലും പാര്‍ട്ടിക്കാരുണ്ടോ? പാനൂരില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ടല്ലെ വെട്ടിനുറുക്കികൊന്നത്. 

ടി.പി.ചന്ദ്രശേഖരനെ കൊന്നതും സിപിഎമ്മിന്റെ ആള്‍ക്കൂട്ടമല്ലെ?. കയ്യൂരില്‍ പോലീസിനെ പുഴയിലേക്ക് ഓടിച്ച് ചാടിച്ച് കരയില്‍ നിന്നും കമ്മ്യൂണിസ്റ്റുകാര്‍ കല്ലെറിഞ്ഞ് കൊന്നതോര്‍മ്മയില്ലേ?. മോറാഴയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയല്ലെ അടിച്ചും ഇടിച്ചും കൊന്നത്. അതുമുതലാരംഭിച്ചു ആള്‍ക്കൂട്ടക്കൊല.

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസിയെ സംഘംചേര്‍ന്ന് കൊന്നില്ലെ? കോഴിയെ മോഷ്ടിച്ചു എന്ന ഇല്ലാക്കഥ പരത്തി ഒരു ബംഗാളിയെ കൊന്നത് പെരുമ്പാവൂരിലല്ലെ? തളിപ്പിറമ്പ് അരിയില്‍ ഷുക്കൂര്‍ മരിച്ചത് പാമ്പ് കടിയേറ്റൊന്നുമല്ലല്ലോ. സിപിഎം നേതാക്കളുടെ അറിവോടെ ഒരുപറ്റം ആള്‍ക്കാര്‍ പരസ്യമായി വിചാരണ ചെയ്ത് തല്ലിക്കൊല്ലുകയായിരുന്നല്ലോ. 

മന്ത്രി എം.എം.മണി വെളിപ്പെടുത്തിയ സംഭവമുണ്ടല്ലോ. ഒരാളെ അടിച്ചുകൊന്നു. മറ്റൊന്നിനെ വെടിവച്ചുകൊന്നു. പിന്നെ ഒന്നിനെ കല്ലെറിഞ്ഞുകൊന്നു. ഇത് ഉത്തരേന്ത്യയിലൊന്നുമല്ലല്ലോ. കണ്ണൂരിലെ ചീമേനിയില്‍ മൂന്ന് സിപിഎമ്മുകാരെ ചുട്ടുകൊന്നസംഭവം മറക്കാറായിട്ടില്ല. ഇനിയുമുണ്ട് നിരത്താന്‍ ഒട്ടേറെ സംഭവങ്ങള്‍. ഏത് അക്രമമായാലും ശക്തമായി നേരിടാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അക്രമം തടയാന്‍ നിയമനിര്‍മാണം നടത്താന്‍ പോകുന്നു. 

ജില്ലകള്‍ തോറും ദൗത്യസേനയെ നിശ്ചയിക്കാനും പോവുകയാണ്. ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക എന്ന മഹനീയ തത്വമാണ് നമ്മുടെ സംസ്‌കാരം. അത് പാലിക്കപ്പെടുന്ന ഒരുനാള്‍ വരുമോ? പ്രവചിക്കാന്‍ പറ്റുന്ന ലോകസാഹചര്യം ഇന്നില്ലല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.