കുമ്പസര രഹസ്യം പുറത്ത് വിട്ടത് വലിയതെറ്റെന്ന് ബിഷപ് ഡോ.സൂസെപാക്യം

Saturday 28 July 2018 3:10 am IST

തിരുവനന്തപുരം: കുമ്പസര രഹസ്യം പുറത്ത് വിട്ടത് വലിയതെറ്റെന്ന് ലത്തീന്‍കത്തോലിക്കാ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.സൂസെപാക്യം. ജീവന്‍തന്നെ ബലികഴിക്കേണ്ടിവന്നാലും കുമ്പസര രഹസ്യം പാലിക്കാന്‍ പുരോഹിതന്‍ കടപ്പെട്ടവനാണ്. തെറ്റുകള്‍ക്ക് മാപ്പ് ലഭിക്കുമെന്ന് ഉറപ്പുവരുത്താനും ജീവിതം നവീകരിക്കാനും സഹായിക്കുന്ന ഒരു ഉപാധിയാണ് കുമ്പസരം. 

കുമ്പസരിക്കുന്നവര്‍ പുരോഹിതനോടല്ല, ദൈവത്തോടാണ് പാപങ്ങള്‍  ഏറ്റുപറയുന്നത്. ദൈവമാണ് അവര്‍ക്ക് മാപ്പ് നല്കുന്നത്. അതിനാല്‍ ആ രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ പാടില്ലെന്നാണ് സഭ പഠിപ്പിക്കുന്നതെന്നും ബിഷപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുമ്പസരത്തിന്റെ പവിത്രതയെ ലാഘവബുദ്ധിയോടെ  കാണുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന ചുരുക്കം സഭാശുശ്രൂഷകര്‍ ഉണ്ട്. ഏതാനും ചിലര്‍ ചെയ്യുന്ന തെറ്റുകളില്‍ സഭയെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് ശരിയല്ല. തെറ്റു ചെയ്തവര്‍ക്കെതിരെ സഭകള്‍ ഒന്നടങ്കം  ചര്‍ച്ച ചെയ്ത് ശിക്ഷാ നടപടികള്‍ സ്വീകരിക്കും. 

ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ട് വേണ്ടത്ര അന്വഷണത്തോടെയല്ല. കാര്യങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കേണ്ട സ്വാതന്ത്ര്യം കമ്മീഷന് ഉണ്ട്. 

സ്ത്രീകള്‍ക്ക് കുമ്പസരം തന്നെ പാടില്ല എന്നു പറയുന്നത് ശരിയല്ല. ഇതിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയെന്ന് ബിഷപ് പറഞ്ഞു.  വൈദികര്‍ക്കെതിരെ  തന്റെ സഭയിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. സഭ ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിച്ചു. സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്‍കുന്നത് സംബന്ധിച്ച് പോപ്പിന്റെ അധ്യക്ഷതയില്‍ സിനഡില്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം എടുത്തില്ല. കാലം മാറുന്നത് അനുസരിച്ച് സഭയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും ബിഷപ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.