മുന്‍ എസ്ഡിപിഐക്കാരന് ഭാരവാഹിത്വം; സിപിഎം അണികളില്‍ അതൃപ്തി

Saturday 28 July 2018 2:15 am IST

ആലപ്പുഴ: സിപിഎമ്മിലും പോഷകസംഘടനകളിലും മതതീവ്രവാദികള്‍ ആധിപത്യം തുടരുന്നു, അണികളില്‍ അസംതൃപ്തി വ്യാപകം.  അഭിമന്യു വധം, വാട്‌സ്ആപ്പ് ഹര്‍ത്താല്‍ തുടങ്ങി നിരവധി സംഭവങ്ങളില്‍ സിപിഎമ്മിലെ മതഭീകരവാദികളുടെ ആധിപത്യം വ്യക്തമാക്കുന്നതായിരുന്നു. 

പാര്‍ട്ടി ഇതിനെതിരെ ജാഗ്രത പാലിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പിന്നാലെ ചെങ്ങന്നൂരില്‍ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി ഇക്കാര്യത്തിലെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി.

 എസ്ഡിപിഐ മുന്‍നേതാവിനെ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റാക്കിയതുമായി ബന്ധപ്പെട്ടാണ് സിപിഎമ്മില്‍ ഭിന്നത ശക്തമായത്. എസ്ഡിപിഐ മുന്‍ നേതാവ് ഷെഫീക്ക് കൊല്ലകടവിനെ ചെറിയനാട് സൗത്ത് മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതിനെച്ചൊല്ലിയാണു പ്രശ്‌നങ്ങള്‍. വര്‍ഷങ്ങളുടെ പ്രവര്‍ത്തനമികവുള്ളവരെ തഴഞ്ഞ് ഷെഫീക്കിനു ചുമതല നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് അണികളുടെ ആരോപണം. ഇതിനു പിന്നില്‍ സിപിഎം ചെറിയനാട് സൗത്ത് ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദാണെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിച്ചതോടെ വാക്കേറ്റമായി. 

 ഷീദിനെതിരെ ലഘുലേഖകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവും തുടരുകയാണ്. അന്‍പതോളംപേര്‍ പങ്കെടുത്ത സമ്മേളനത്തില്‍നിന്ന് പകുതിയിലേറെപ്പേര്‍ ഇറങ്ങിപ്പോയി. 

സംഭവം വിവാദമായതോടെ അന്വേഷിക്കാന്‍ ഏരിയ കമ്മറ്റി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ ആലപ്പുഴ മണ്ണഞ്ചേരി കേന്ദ്രീകരിച്ച് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായി എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റും പോപ്പുലര്‍ഫ്രണ്ട് ജില്ലാ നേതാവുമായിരുന്ന പൊന്നാട് സ്വദേശി ടി.എം. സമദിനെ തെരഞ്ഞെടുത്തത് പാര്‍ട്ടിയില്‍ വലിയ വിവാദമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തെങ്കിലും  ചുമതലയില്‍ നിന്ന് മാറ്റാന്‍ സിപിഎം നേതൃത്വം തയാറായില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.